ഈ സീസണില്‍ മത്സരാര്‍ഥികള്‍ക്ക് ലഭിച്ച ആകെ വോട്ട് എത്ര? കണക്കുകള്‍ നിരത്തി മോഹന്‍ലാല്‍

By Web Team  |  First Published Aug 1, 2021, 8:39 PM IST

ആദ്യ സീസണില്‍ പ്രേക്ഷകര്‍ ആകെ ചെയ്‍ത വോട്ട് 17.4 കോടി ആയിരുന്നു


ബിഗ് ബോസ് മലയാളം മൂന്ന് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ്. ഓരോ സീസണുകള്‍ മുന്നോട്ട് പോകുന്തോറും ഷോയുടെ ജനപ്രീതി വര്‍ധിക്കുകയാണെന്ന കാര്യം സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ത്തന്നെ മനസിലാവുന്ന കാര്യമാണ്. പക്ഷേ അതിന്‍റെ യഥാര്‍ഥ വസ്തുത എങ്ങനെ അറിയാനാവും? പ്രേക്ഷകര്‍ മത്സരാര്‍ഥികള്‍ക്കു നല്‍കിയ വോട്ടിന്‍റെ എണ്ണമാണ് അത് മനസിലാക്കാനുള്ള ഒരു വഴി. വോട്ടിംഗില്‍ വന്‍ കുതിപ്പാണ് ഈ സീസണില്‍ ഉണ്ടായതെന്ന് അവതാരകനായ മോഹന്‍ലാല്‍ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ പറഞ്ഞു. അതിന്‍റെ കണക്കുകളും അദ്ദേഹം അവതരിപ്പിച്ചു.

ആദ്യ സീസണില്‍ പ്രേക്ഷകര്‍ ആകെ ചെയ്‍ത വോട്ട് 17.4 കോടി ആയിരുന്നു. രണ്ടാം സീസണില്‍ അത് 61.4 കോടിയായി ഉയര്‍ന്നു. ഈ സീസണിലെ വോട്ടിംഗില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായത്. 114 കോടി വോട്ടുകളാണ് എല്ലാ മത്സരാര്‍ഥികള്‍ക്കുമായി സീസണ്‍ 3ല്‍ ലഭിച്ചത്.

Latest Videos

അവസാന റൗണ്ടില്‍ ഇടംപിടിച്ച എട്ട് മത്സരാര്‍ഥികളുടെ സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം മറ്റു ചില സമ്മാനങ്ങളും ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നുണ്ട്. അതിലൊന്നായിരുന്നു ഈ സീസണില്‍ ഏറ്റവുമധികം ഊര്‍ജ്ജസ്വലത സൃഷ്‍ടിച്ച മത്സരാര്‍ഥിക്കുള്ള 'എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍' പുരസ്‍കാരം. ഡിംപല്‍ ഭാലിനാണ് ഈ പുരസ്‍കാരം. അതേപോലെ 'ഗെയ്‍മര്‍  ഓഫ് ദി സീസണ്‍' പുരസ്‍കാരം അനൂപ് കൃഷ്‍ണനും 'എന്‍റര്‍ടെയ്‍നര്‍ ഓഫ് ദി സീസണ്‍' മണിക്കുട്ടനും 'പീസ്മേക്കര്‍ ഓഫ് ദി സീസണ്‍' നോബിക്കും ലഭിച്ചു.

അവസാന റൗണ്ടില്‍ എത്തിയ എട്ട് പേര്‍ക്കൊപ്പം സീസണ്‍ 3ലെ ഒരാളൊഴികെ മുഴുവന്‍ മത്സരാര്‍ഥികളും ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്‍മി മാത്രമാണ് വ്യക്തിപരമായ കാരണത്താല്‍ വിട്ടുനില്‍ക്കുന്നത്. രണ്ട് മാസത്തിനുശേഷം വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ ആവേശത്തിലാണ് മത്സരാര്‍ഥികള്‍. 

പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ ആദ്യ എട്ട് സ്ഥാനക്കാരെ വൈകാതെ പ്രഖ്യാപിക്കും. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ മറ്റു കലാപരിപാടികളുമുണ്ട്. പ്രശസ്‍ത ചലച്ചിത്ര താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിത്താര, ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമ്മജൻ ബോല്‍ഗാട്ടി, ഗ്രേസ് ആന്‍റണി, ആര്യ, വീണ നായർ എന്നിവര്‍ പങ്കെടുക്കും.

കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തുംമുന്‍പേ അവസാനിപ്പിക്കേണ്ടിവന്നിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3. തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19നാണ് ഷോ അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍. ജനപ്രീതിയില്‍ ഏറെ മുന്നിലെത്തിയ ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!