ഡിംപലിന്‍റെ അസാന്നിധ്യം പ്രതിഫലിക്കുന്നുണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡില്‍. ഹൗസിലെ വേക്കപ്പ് സോംഗിന്‍റെ സമയത്ത് പ്രിയസുഹൃത്തിന്‍റെ വിഷമഘട്ടത്തെക്കുറിച്ച് ഓര്‍ത്ത് ഒറ്റയ്ക്കിരുന്ന് കണ്ണീര്‍ വാര്‍ക്കുന്ന മണിക്കുട്ടനെയാണ് പ്രേക്ഷകര്‍ കണ്ടത്
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ അപ്രതീക്ഷിതത്വങ്ങളുടെ വേലിയേറ്റം കണ്ട ഒരു വാരമാണ് കടന്നുപോകുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീട്ടിലി ടാസ്‍ക് ആയിരുന്ന 'നാട്ടുകൂട്ട'ത്തില്‍ പല മത്സരാര്‍ഥികളുടെയും 'കൈവിട്ട' വാക്കും പ്രകടനവും ശനി, ഞായര്‍ എപ്പിസോഡുകളില്‍ രൂക്ഷമായ ഭാഷയില്‍ത്തന്നെ ചോദ്യം ചെയ്ത മോഹന്‍ലാല്‍. തിങ്കളാഴ്ച എപ്പിസോഡില്‍ കണ്‍ഫെഷന്‍ റൂമില്‍ച്ചെന്ന് ബിഗ് ബോസിനോട് അഭ്യര്‍ഥിച്ച് മണിക്കുട്ടന്‍ സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോകുന്നു. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ മൂന്നാം ദിവസം തിരിച്ചുവരുന്നു. അതേദിവസം തന്നെ മറ്റൊരു പ്രധാന മത്സരാര്‍ഥിയായ ഡിംപലിനെ തേടിയെത്തുന്ന പിതാവിന്‍റെ മരണവാര്‍ത്ത, പിന്നാലെ ഡിംപലും ഹൗസ് വിടുന്നു.
ഡിംപലിന്‍റെ അസാന്നിധ്യം പ്രതിഫലിക്കുന്നുണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡില്‍. ഹൗസിലെ വേക്കപ്പ് സോംഗിന്‍റെ സമയത്ത് പ്രിയസുഹൃത്തിന്‍റെ വിഷമഘട്ടത്തെക്കുറിച്ച് ഓര്‍ത്ത് ഒറ്റയ്ക്കിരുന്ന് കണ്ണീര്‍ വാര്‍ക്കുന്ന മണിക്കുട്ടനെയാണ് പ്രേക്ഷകര്‍ കണ്ടത്. പിന്നീട് റിതുവാണ് മണിക്കുട്ടനെ സമാധാനിപ്പിച്ച് എത്തിയത്. മോണിംഗ് ആക്റ്റിവിറ്റിക്കു ശേഷം ഡിംപലിന്‍റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് മത്സരാര്‍ഥികള്‍ രണ്ടുമിനിറ്റ് മൗനം ആചരിച്ചു. ശേഷം കിച്ചണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സായ് വിഷ്‍ണു ക്യാമറയില്‍ നോക്കി ഡിംപല്‍ കേള്‍ക്കാനായി ആശ്വാസവാക്കുകള്‍ പറയുന്നുണ്ടായിരുന്നു.
"ഡിംപല്‍, എവിടെയാണേലും സ്ട്രോംഗ് ആയിട്ട് ഇരിക്കുക. ഞങ്ങളൊക്കെ കൂടെയുണ്ട്. ഇവിടെ ആയതുകൊണ്ടാണ് ഒന്ന് ആശ്വസിപ്പിക്കാനോ കൂടെ നില്‍ക്കാനോ പറ്റാത്തത്. ശരീരത്തെ ഇട്ട് ഉലയ്ക്കരുത്. അതാണ് ഏറ്റവും..", സായ് അതു പറയുമ്പോള്‍ അനൂപ് അടുത്തു നില്‍പ്പുണ്ടായിരുന്നു. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് സായ് പറഞ്ഞു. "അവള് ഫുള്‍ എക്സ്പ്രസ് ചെയ്യുന്നത് ബോഡിയില്‍ക്കൂടി അല്ലേടാ. അന്ന് മണിക്കുട്ടന്‍ പോയപ്പോള്‍ത്തന്നെ കണ്ടതല്ലേ, ഭയങ്കരമായിരുന്നു അത്. ശരീരമിട്ട് ഉലയ്ക്കും", സായ് പറഞ്ഞു.
മോണിംഗ് ആക്റ്റിവിറ്റിക്കു ശേഷം മണിക്കുട്ടനോട് സംസാരിക്കുന്ന റിതുവിനെയും കണ്ടു. ഡിംപലിന്‍റെ അവസ്ഥ എന്താവുമെന്നാണ് താന്‍ ആലോചിച്ചത് എന്നായിരുന്നു മണിയുടെ മറുപടി. എന്നാല്‍ ഡിംപലിന്‍റെ സഹോദരിമാര്‍ അടക്കമുള്ള വീട്ടുകാര്‍ അവളെ കെയര്‍ ചെയ്യുമെന്നും അവള്‍ ഇപ്പോള്‍ ഓകെ ആയിരിക്കുമെന്നും റിതു ആശ്വാസവാക്ക് പറഞ്ഞു. ഡിംപല്‍ തിരിച്ചുവരുമെന്നാണ് ഇരുവരും പ്രതീക്ഷ പ്രകടിപ്പിച്ചത്.