"നീ ജോലിക്ക് പോകണം എന്ന് ഉപദേശിക്കേണ്ട കാര്യമില്ല. കാരണം പത്രം ഇടുന്ന ജോലി മുതല്‍ ഹോട്ടലില്‍ അടുക്കള കഴുകുന്ന ജോലി മുതല്‍ ഐടി ഫീല്‍ഡിലും സെയില്‍സ് മാന്‍ ആയുമൊക്കെ ഒത്തിരി ജോലി ചെയ്യുന്നുണ്ട് ഞാന്‍.."
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ ആദ്യ വാരം പിന്നിടാനൊരുങ്ങുമ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇതുവരെ കാര്യമായ തര്‍ക്കങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ കാര്യഗൗരവമുള്ള ഒരു തര്‍ക്കം ഇന്നലത്തെ എപ്പിസോഡില്‍ സംഭവിച്ചു. സായ് വിഷ്‍ണുവും കിടിലം ഫിറോസും തമ്മിലായിരുന്നു ഇത്. സ്വന്തം അനുഭവം പറയുന്ന ടാസ്കില്‍ 'ജീവിതപോരാട്ട'ത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഫിറോസ്. അതിനിടെ തൊഴിലിന് ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് പറയവെ സായ്‍ വിഷ്‍ണുവിനോട് അതിനെക്കുറിച്ച് താന്‍ സംസാരിച്ചിരുന്നുവെന്ന് ഫിറോസ് പറഞ്ഞു. സിനിമ പോലുള്ള സ്വപ്നങ്ങള്‍ക്ക് പിന്നാലെ നടക്കുന്നവര്‍ക്കും ഒരു തൊഴില്‍ വേണമെന്നാണ് ഫിറോസ് പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ടാസ്കിനുശേഷം ഫിറോസ് ഡയസ് വിടാനൊരുങ്ങവെ സായ് വിഷ്ണു തന്നെ ഉദാഹരണമാക്കിയതിന്‍റെ നീതിയില്ലായ്മയെക്കുറിച്ച് സംസാരിച്ചു.
താന്‍ എന്തൊക്കെ ജോലി ചെയ്തിട്ടുണ്ടെന്ന് അറിയാതെ ഇങ്ങനെ പറഞ്ഞത് ശരിയായില്ലെന്നാണ് സായ് പറഞ്ഞത്. "ഈ പബ്ലിക് പ്ലാറ്റ്ഫോമില്‍ എന്നെപ്പറ്റി ഒരു സ്റ്റേറ്റ്മെന്‍റ് നടത്തുമ്പൊ, അല്ലെങ്കില്‍ ഉപദേശിക്കാന്‍ നേരത്ത് ആദ്യമറിയേണ്ട കാര്യം എനിക്ക് ജോലിയുണ്ടോ എന്നാണ്. അവിടെ നിന്ന് പറയുംമുന്‍പ് എന്നോട് ചോദിക്കാമല്ലോ. ഞാന്‍ എന്തൊക്കെ ജോലി ചെയ്യുന്നുവെന്ന് ഫിറോസ് ഇക്കക്ക് അറിയില്ലല്ലോ. നീ ജോലിക്ക് പോകണം എന്ന് ഉപദേശിക്കേണ്ട കാര്യമില്ല. കാരണം പത്രം ഇടുന്ന ജോലി മുതല്‍ ഹോട്ടലില്‍ അടുക്കള കഴുകുന്ന ജോലി മുതല്‍ ഐടി ഫീല്‍ഡിലും സെയില്‍സ് മാന്‍ ആയുമൊക്കെ ഒത്തിരി ജോലി ചെയ്യുന്നുണ്ട് ഞാന്‍. ഞാനാണ് എന്‍റെ വീട്ടിലെ കാര്യം നോക്കുന്നത്, എന്‍റെ അനിയത്തിയെ പഠിപ്പിക്കുന്നത്, വീട്ടില്‍ വരുന്ന പ്രശ്നങ്ങള്‍ തീര്‍ക്കുന്നത് ഒക്കെ. പബ്ലിക് പ്ലാറ്റ്ഫോമില്‍ ഫിറോസിക്ക സംസാരിക്കുമ്പൊ എന്നെയുംകൂടി ഒരു കണ്ടന്‍ഡ് ആക്കാന്‍ വേണ്ടീട്ട് അങ്ങനെ പറയേണ്ട ആവശ്യമില്ല. പിന്നെ രണ്ടാമത്തെ കാര്യം, എനിക്ക് തോന്നിയത്, അനുഭവങ്ങളുടെ കാര്യത്തില്‍ എന്‍റേതാണ് വലുത് എന്നൊരു ആറ്റിറ്റ്യൂഡ് ഉള്ളതുപോലെ കേട്ടപ്പോള്‍ തോന്നി. എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് അതിന്‍റേതായ വിലയുണ്ട്. ഇത്തരമൊരു പബ്ലിക് പ്ലാറ്റ്ഫോമില്‍ ഒരാളെക്കുറിച്ച് ഒരു സ്റ്റേറ്റ്മെന്‍റ് നടത്തുമ്പോള്‍ അതിനെക്കുറിച്ച് ഒന്ന് തിരക്കിയിട്ട് ഉപദേശിച്ചാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി", സായ് പറഞ്ഞു.
എന്നാല്‍ സായ്‍യെ വ്യക്തിപരമായി ഉദ്ദേശിച്ചല്ല പറഞ്ഞതെന്നായിരുന്നു ഫിറോസിന്‍റെ മറുപടി. "നിന്നെക്കുറിച്ചല്ല പറഞ്ഞത്. പിന്നെ ഞാന്‍ ഉപദേശിച്ചതുമല്ല. ഞാന്‍ എന്‍റെ അനുഭവം പറഞ്ഞതാണ്. ബാക്കപ്പ് ആയിട്ട് നമുക്കൊരു ജോലി വേണം. നീ സിനിമയിലേക്ക് എത്താന്‍ ശ്രമം നടത്തുമ്പോള്‍ ജോലി വേണം എന്ന അര്‍ഥത്തിലല്ല പറഞ്ഞത്", ഫിറോസ് പറഞ്ഞു. "എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ചു" എന്നായിരുന്നു ഇതിന് സായ്‍യുടെ പ്രതികരണം. 'നീ പ്രചോദിപ്പിക്കുന്ന കുറേ പിള്ളേര് കാണുമല്ലോ' അവരെ ഉദ്ദേശിച്ചാണ് താന്‍ പറഞ്ഞതെന്നായിരുന്നു ഫിറോസിന്‍റെ മറുപടി. എന്നാല്‍ താന്‍ എങ്ങനെയാണ് പ്രചോദിപ്പിക്കുന്നതെന്ന് ആദ്യം മനസിലാക്കാനായിരുന്നു സായ് വിഷ്ണുവിന്‍റെ മറുപടി.