'ആ സ്വപ്‍നത്തിനുവേണ്ടിയാണ് ഞാന്‍ ബിഗ് ബോസിലേക്ക് വന്നത്'; മോഹന്‍ലാലിനോട് സാഗര്‍ സൂര്യ

By Web Team  |  First Published Mar 26, 2023, 8:39 PM IST

"തമിഴിലെ അറിയപ്പെടുന്ന ഒരു വലിയ ആര്‍ട്ടിസ്റ്റിന്‍റെ ഡേറ്റ് കിട്ടിയിട്ടുണ്ട്"


മിനിസ്ക്രീനിലൂടെ വന്ന് ബിഗ് സ്ക്രീനില്‍ തന്‍റെ സാന്നിധ്യം അറിയിച്ചു തുടങ്ങിയ താരമാണ് സാഗര്‍ സൂര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഒരു മത്സരാര്‍ഥി സാഗര്‍ സൂര്യയാണ്. ബിഗ് ബോസിലേക്ക് എത്തിയതിനു പിന്നില്‍ തനിക്ക് ഒരു സ്വപ്നമുണ്ടെന്ന് പറയുകയാണ് സാഗര്‍ സൂര്യ. ഉദ്ഘാടന വേദിയില്‍ മോഹന്‍ലാലിനോടും പ്രേക്ഷകരോടുമായി സാഗര്‍ പറഞ്ഞത്..

"തൃശൂര്‍ പുറനാട്ടുകര എന്ന സ്ഥലത്തുനിന്നാണ് ഞാന്‍ വരുന്നത്. എന്നെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള ഒരു നിമിഷമാണ് ഇത്. പഠിച്ച് നല്ലൊരു ജോലി എന്നതൊക്കെയായിരുന്നു എന്‍റെ മനസില്‍. പക്ഷേ പഠിച്ചു കഴിഞ്ഞപ്പോള്‍ മറ്റു ചില കാര്യങ്ങളാല്‍ തിയറ്റര്‍ പഠിക്കണമെന്ന് എനിക്ക് തോന്നി. ഞാനൊരു ചെറിയ കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന് ഒരു സ്റ്റേഷനറി കടയാണ്. പിജി പൂര്‍ത്തിയാക്കുന്നതിനു തന്നെ അത്യാവശ്യം പൈസയൊക്കെ ചിലവായിട്ടുണ്ട്. പിജി കഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛനമ്മമാരോട് പറഞ്ഞു എനിക്ക് തിയറ്റര്‍ പഠിച്ചാല്‍ കൊള്ളാമെന്നുണ്ട് എന്ന്. സാധാരണ മാതാപിതാക്കള്‍ ഇനി ജോലിക്ക് പോവാനാവും പറയുക. പക്ഷേ എന്‍റെ അച്ഛനുമമ്മയും പറഞ്ഞത് നാടകം പഠിച്ചോളാനായിരുന്നു. ആ ഒരൊറ്റ ഉത്തരം കാരണമാണ് ഞാനിവിടെ നില്‍ക്കുന്നത്. തിയറ്റര്‍ പഠനം കഴിഞ്ഞ് ഷോര്‍ട്ട് ഫിലിമുകളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. മിനിസ്ക്രീനില്‍ എനിക്ക് ആദ്യമൊരു അവസരം നല്‍കിയത് മനോജേട്ടനാണ്. അതിനു ശേഷം ബിഗ് സ്ക്രീനില്‍ അരുണ്‍ വൈഗ എന്ന സംവിധായകന്‍ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന സിനിമയില്‍ അവസരം തന്നു. അവിടുന്നങ്ങോട്ട് മൂന്നാല് നല്ല സിനിമകള്‍ കിട്ടി. കുരുതി, ജോ ആന്‍ഡ് ജോ, കാപ്പ, കുറി, അടുത്ത് ഇറങ്ങാന്‍ പോകുന്ന കാസര്‍ഗോള്‍ഡ് എന്നിവയാണ് എന്‍റെ ചിത്രങ്ങള്‍."

Latest Videos

 

"ബിഗ് ബോസിലേക്ക് വന്നതിനു പിന്നില്‍ എനിക്ക് ഏറ്റവും വലിയ ഒരു സ്വപ്നമുണ്ട്. ‍ഞാനും സഹോദരനും കൂടി റോഡ് വേ എന്നൊരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ടുണ്ട്. ആ കമ്പനിയുടെ ബാനറില്‍ തമിഴിലെ അറിയപ്പെടുന്ന ഒരു വലിയ ആര്‍ട്ടിസ്റ്റിന്‍റെ ഡേറ്റും കിട്ടിയിട്ടുണ്ട്. അതിലെനിക്ക് മുഴുനീള കഥാപാത്രമുണ്ട്. ആ സ്വപ്നത്തിലേക്ക് എത്താന്‍ ഈ ഷോ എന്നെ ഭയങ്കരമായി സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. അതിനുവേണ്ടിയുള്ള ഓരോ ഓട്ടങ്ങള്‍ ആയിരിക്കും ഇനി എന്‍റെ ജീവിതത്തില്‍." 

"എന്‍റെ അമ്മ ബിഗ് ബോസിന്റെ ഒരു വലിയ ഫാന്‍ ആയിരുന്നു. എന്‍റെ പരിപാടി മിനിസ്ക്രീനില്‍ ഒരേ സമയം ഉണ്ടെങ്കിലും അമ്മ ബിഗ് ബോസേ കാണുമായിരുന്നുള്ളൂ. നീ ബിഗ് ബോസില്‍ വരുമ്പോള്‍ ഞാന്‍ കാണാം എന്ന് അമ്മ പറയുമായിരുന്നു. അമ്മ എന്നോടൊപ്പം ഇപ്പോള്‍ ഇല്ല. പക്ഷേ ഇത്തവണ ബിഗ് ബോസിലേക്ക് എനിക്ക് എത്തിപ്പെടാന്‍ കാരണം അമ്മയാണെന്ന് ഞാന്‍ കരുതുന്നു. ഇവിടുത്തെ ഓരോ ദിവസവും അമ്മയുടെ ആത്മാവ് എന്‍റെ കൂടെത്തന്നെയുണ്ട്", സാഗര്‍ സൂര്യ പറഞ്ഞവസാനിപ്പിച്ചു.

ALSO READ : ബിഗ് ബോസ് വേദിയിലേക്ക് തിരിച്ചെത്തി കാണികള്‍! സീസണ്‍ 5 ന്‍റെ ഏറ്റവും വലിയ പ്രത്യേകത

click me!