ബിഗ് ബോസ് സീസണ്‍ 3ന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു നോമിനേഷന്‍ ഫ്രീ കാര്‍ഡും ഈ മത്സരത്തില്‍ വിജയിച്ച് ക്യാപ്റ്റന്‍ ആയ ആള്‍ക്ക് ലഭിച്ചു
ബിഗ് ബോസ് മലയാളം സീസണ്‍ 3 അഞ്ചാം വാരത്തിലേക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുത്തു. വീക്കിലി ടാസ്‍കുകളില്‍ മികച്ച പ്രകടനം നടത്തിയ മൂന്നുപേരെ തിരഞ്ഞെടുത്തതിനുശേഷം ഒരു ഫിസിക്കല്‍ ഗെയിം ആണ് സാധാരണ മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് കൊടുക്കാറെങ്കില്‍ ഇക്കുറി ഗെയിം ഏറെ വ്യത്യസ്തമായിരുന്നു. വീക്കിലി ടാസ്‍കില്‍ മികച്ച പ്രകടനം നടത്തിയ അഞ്ച് പേരെ തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആദ്യമായി ആവശ്യപ്പെട്ടത്.
ഇതനുസരിച്ച് എല്ലാവരുടെയും നോമിനേഷനുകള്‍ കഴിഞ്ഞപ്പോള്‍ മണിക്കുട്ടന്‍, റംസാന്‍, കിടിലം ഫിറോസ്, ഫിറോസ്-സജിന, അനൂപ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആക്ടിവിറ്റി ഏരിയയില്‍ വട്ടത്തില്‍ സജ്ജീകരിച്ച കസേരകളില്‍ ഇരുന്ന് ആര് പുറത്താവണമെന്ന് വാദപ്രതിവാദത്തിലൂടെ തീരുമാനിക്കാനാണ് ബിഗ് ബോസ് നില്‍ദേശം നല്‍കിയത്. രണ്ടു തവണ മുഴങ്ങുന്ന ബസര്‍ ശബ്ദങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സമയത്ത് സംസാരിച്ച് പുറത്താവേണ്ട ഒരാളെ തീരുമാനിക്കണമായിരുന്നു. അങ്ങനെ അവസാനം അവശേഷിക്കുന്ന ആളാവും ക്യാപ്റ്റമെന്നും ബിഗ് ബോസ് അറിയിച്ചു. ബിഗ് ബോസ് സീസണ്‍ 3ന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു നോമിനേഷന്‍ ഫ്രീ കാര്‍ഡും ഈ മത്സരത്തില്‍ വിജയിച്ച് ക്യാപ്റ്റന്‍ ആവുന്ന ആള്‍ക്ക് ലഭിക്കുമായിരുന്നു.
ഇതനുസരിച്ച് ചര്‍ച്ച തുടങ്ങിയപ്പോള്‍ ഏറ്റവുമാദ്യം പുറത്തായത് ഫിറോസ്-സജിന ആയിരുന്നു. വാദപ്രതിവാദങ്ങള്‍ക്കു ശേഷമുള്ള വോട്ടെടുപ്പില്‍ എല്ലാവരും ദമ്പതികളുടെ പേരാണ് പറഞ്ഞത്. അവശേഷിച്ച നാലുപേരില്‍ കിടിലം ഫിറോസ് മറ്റു നാലു പേരും അടുപ്പമുള്ളവരായതിനാല്‍ സംസാരിച്ച് വേദനിപ്പിക്കാന്‍ തനിക്കാവില്ലെന്നു പറഞ്ഞ് സ്വയം പിന്മാറുകയായിരുന്നു. അവശേഷിച്ച മൂന്ന് പേരില്‍ മണിക്കുട്ടന്‍ ആദ്യം പുറത്തായി. അവസാനവട്ട മത്സരം അനൂപും റംസാനും തമ്മിലായിരുന്നു. രണ്ട് ബസര്‍ ശബ്ദങ്ങള്‍ക്കുള്ളില്‍ റംസാന്‍റെ വാദങ്ങളാണ് മികച്ചുനിന്നത്. അവസാനം ബിഗ് ബോസ് ചോദിച്ചപ്പോള്‍ റംസാനാണ് തന്നേക്കാള്‍ മികച്ച രീതിയില്‍ ഈ മത്സരത്തില്‍ പ്രകടനം നടത്തിയതെന്നും അനൂപ് പറഞ്ഞു. പിന്നാലെ മറ്റു മത്സരാര്‍ഥികളുടെ മുന്നില്‍വച്ച് റംസാനെ അടുത്ത വാരത്തിലെ ക്യാപ്റ്റനാക്കിയുള്ള ബിഗ് ബോസിന്‍റെ പ്രഖ്യാപനവും വന്നു. ക്യാപ്റ്റനാവുന്ന ആഴ്ചയില്‍ നോമിനേഷനില്‍ വരില്ല എന്നതിനു പുറമെ ഇപ്പോള്‍ ലഭിക്കുന്ന നോമിനേഷന്‍-ഫ്രീ കാര്‍ഡ് ഉപയോഗിച്ച് റംസാന് എപ്പോഴെങ്കിലും നോമിനേഷനില്‍ നിന്ന് ഒഴിവാകാനും സാധിക്കും.