കാന്‍സര്‍ സര്‍വൈവര്‍ എന്ന സ്ഥാനം അവര്‍ ഗെയിമിനുവേണ്ടി ഉപയോഗിക്കുകയാണെന്നും 'വിക്റ്റിം പ്ലേ' നടത്തുകയാണെന്നും ഫിറോസ് ആക്ഷേപം ഉന്നയിച്ചിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ മറ്റൊരു ആവേശകരമായ വാരാന്ത്യ എപ്പിസോഡ് കൂടി. ഈ സീസണിന്‍റെ തുടക്കം മുതലുള്ള ആഴ്ചകളെ അപേക്ഷിച്ച് ഏറ്റവും സംഘര്‍ഷഭരിതവും സംഭവങ്ങള്‍ നിറഞ്ഞതുമായ വാരത്തിനാണ് അവസാനമാകുന്നത്. ഫിറോസ്-സജിന പുറത്തായതോടെ ബിഗ് ബോസില്‍ രസകരമായ ഉള്ളടക്കം കുറഞ്ഞു എന്ന് പരാതി ഉയര്‍ത്തിയവര്‍ക്കുള്ള മറുപടിയായിരുന്നു അക്ഷരാര്‍ഥത്തില്‍ ഇക്കഴിഞ്ഞ വാരം. ബിഗ് ബോസ് ഈ വാരം മത്സരാര്‍ഥികള്‍ക്കു നല്‍കിയ 'നാട്ടുകൂട്ടം' എന്ന വീക്കിലി ടാസ്‍ക് ആണ് കാണികളെ ആവേശത്തിന്‍റെ കൊടുമുടിയിലേക്ക് എത്തിച്ചത്.
ആറു പേരുള്ള രണ്ടു ടീമുകളായി തിരിഞ്ഞ് ഓരോ ടീമിലെയും മുമ്മൂന്നു പേരെ എതിര്‍ ടീമിന് ചോദ്യം ചെയ്യാനുള്ള അനുവാദം നല്‍കുന്ന ടാസ്‍ക് ആയിരുന്നു ഇത്. ഡിംപല്‍, മണിക്കുട്ടന്‍, സായ്, അഡോണി, സൂര്യ, അനൂപ് എന്നിവര്‍ ഒരു ടീമിലും ഫിറോസ്, റംസാന്‍, റിതു, സന്ധ്യ, നോബി, രമ്യ എന്നിവര്‍ അടുത്ത ടീമിലും ആയിരുന്നു. ഇതില്‍ താന്‍ ചോദ്യം ചെയ്യപ്പെടുമ്പോഴും ഡിംപലിനെ ചോദ്യം ചെയ്യുമ്പോഴും കാന്‍സര്‍ സര്‍വൈവര്‍ എന്ന സ്ഥാനം അവര്‍ ഗെയിമിനുവേണ്ടി ഉപയോഗിക്കുകയാണെന്നും 'വിക്റ്റിം പ്ലേ' നടത്തുകയാണെന്നും ഫിറോസ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളോട് വൈകാരികമായാണ് ഡിംപല്‍ പ്രതികരിച്ചത്. പിന്നീട് ആത്മഗതം നടത്തവെ കാന്‍സര്‍ സര്‍വൈവര്‍ എന്ന നിലയിലുള്ള 'ക്വാളിറ്റി' ഡിംപലിന് ഇല്ലെന്നും ഫിറോസ് അഭിപ്രായപ്പെട്ടിരുന്നു.
ഇന്നത്തെ വാരാന്ത്യ എപ്പിസോഡില്‍ ഇക്കാര്യത്തില്‍ ഫിറോസിനോട് മോഹന്‍ലാല്‍ വിശദീകരണം ചോദിക്കുന്നുണ്ടെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ സൂചിപ്പിക്കുന്നത്. "ഫിറോസ്, നിങ്ങള്‍ ഒരു പ്രവര്‍ത്തി കാണിച്ചാല്‍ അത് തെറ്റാണെന്ന് പറയാനുള്ള അധികാരം ഞങ്ങള്‍ക്ക് ഉണ്ട്" എന്നാണ് ഫിറോസിനോടുള്ള മോഹന്‍ലാലിന്‍റെ ഒരു ഡയലോഗ്. തെറ്റായതൊന്നും താന്‍ പറഞ്ഞിരുന്നില്ല എന്നാണ് ഇതിന് ഫിറോസിന്‍റെ പ്രതികരണം. ഡിംപലിനെക്കുറിച്ച് പറഞ്ഞത് മോഹന്‍ലാല്‍ എടുത്ത് ചോദിക്കുന്നതിന്‍റെ സൂചനകളും പുറത്തെത്തിയ പ്രൊമോയില്‍ ഉണ്ട്. ഫിറോസ് അവിടെ തുടരുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കൂ എന്ന് ഡിംപലിനോട് പറയുന്ന മോഹന്‍ലാലിനെയും പ്രൊമോയില്‍ കാണാം.