പതിനെട്ടില്‍ ഒരാള്‍ പുറത്തേക്ക്! ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

By Web Team  |  First Published Feb 28, 2021, 10:18 PM IST

എട്ടു പേരില്‍ സേഫ് സോണിലാണെന്ന് മോഹന്‍ലാല്‍ ആദ്യമായി പറഞ്ഞത് സായ് വിഷ്ണുവിനോടാണ്.


ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. എട്ട് പേരായിരുന്നു കഴിഞ്ഞ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സായ് വിഷ്‍ണു, അഡോണി ടി ജോണ്‍, കിടിലം ഫിറോസ്, റിതു മന്ത്ര, ഭാഗ്യലക്ഷ്‍മി, സന്ധ്യ മനോജ്, ഡിംപല്‍ ഭാല്‍, ലക്ഷ്‍മി ജയന്‍ എന്നിവര്‍. ഇതില്‍ ഒരാളാണ് പുറത്തേക്ക് പോകുന്നത്.

Latest Videos

 

എട്ടു പേരില്‍ സേഫ് സോണിലാണെന്ന് മോഹന്‍ലാല്‍ ആദ്യമായി പറഞ്ഞത് സായ് വിഷ്ണുവിനോടാണ്. പിന്നാലെ റിതു മന്ത്ര, അഡോണി ടി ജോണ്‍, കിടിലം ഫിറോസ്, സന്ധ്യ മനോജ്, ഡിംപല്‍ ഭാല്‍ എന്നിവരും ഇക്കുറി സേഫ് സോണിലാണെന്ന വിവരം മോഹന്‍ലാല്‍ അറിയിച്ചു. എട്ടില്‍ ആറു പേരും സേഫ് ആയ സ്ഥിതിക്ക് അവശേഷിച്ച രണ്ടുപേര്‍ ഭാഗ്യലക്ഷ്മിയും ലക്ഷ്മി ജയനുമായിരുന്നു.

 

എന്ത് തോന്നുന്നുവെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് താനാവും പുറത്തുപോകുന്നതെന്നാണ് ഇരുവരും മറുപടി പറഞ്ഞത്. തന്‍റെ മുന്‍പുള്ള നിലപാടുകള്‍ ആളുകള്‍ പല തരത്തിലാണ് എടുത്തിട്ടുള്ളതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഭാഗ്യലക്ഷ്മിയുടെ അത്രയും പ്രശസ്തയല്ലാത്ത തന്നെ ബിഗ് ബോസ് ഹൗസില്‍ എത്തിയിട്ടാവാം ആളുകള്‍ കാണുന്നതെന്നും അതിനാല്‍ താനാവും പുറത്ത് പോകുന്നതെന്നുമായിരുന്നു ലക്ഷ്മി ജയന്‍റെ മറുപടി. അവസാനം മോഹന്‍ലാല്‍ കൈയിലിരുന്ന കവര്‍ തുറന്ന് പേര് വായിക്കുകയായിരുന്നു. 'ഭാഗ്യ'മുള്ളയാള്‍ ഇരിക്കൂ എന്നായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍. തുടര്‍ന്ന് ലക്ഷ്മി ജയനാണ് പുറത്തേക്ക് പോകുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. താന്‍ ചിന്തിച്ചതു തന്നെ സംഭവിച്ചു എന്ന് പറഞ്ഞാണ് ലക്ഷ്മി പ്രഖ്യാപനത്തെ സ്വീകരിച്ചത്. 

click me!