'അഖില്‍ മാരാര്‍ക്കെതിരെ സംസാരിച്ചിട്ടില്ല'; തെറ്റിദ്ധാരണ മൂലമുള്ള പ്രചരണമെന്ന് ഷിജുവിന്‍റെ ഭാര്യ

By Web Team  |  First Published Jun 21, 2023, 8:45 AM IST

സീസണ്‍ 5 അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി


ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ഒരാഴ്ച കൂടി മാത്രം ശേഷിക്കെ 13-ാം വാരം ഫാമിലി വീക്ക് ആയി ആഘോഷിക്കപ്പെടുകയാണ് ഹൌസില്‍. കഴിഞ്ഞ 12 ആഴ്ചകളായി പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസുമായി പ്രിയപ്പെട്ട കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒക്കെ ഹൌസിലേക്ക് വന്ന് സമയം ചിലവഴിക്കുന്ന വാരമാണ് ഇത്. ഇതില്‍ ആദ്യം വന്നത് ഷിജുവിന്‍റെ ഭാര്യ പ്രീതിയും മകള്‍ മുസ്കാനും ആയിരുന്നു. എല്ലാ മത്സരാര്‍ഥികളോടും ഒരേപോലെ സംസാരിച്ചിട്ടാണ് പ്രീതി പോയത്. എന്നാല്‍ ഷിജുവിന്‍റെ അടുത്ത സുഹൃത്ത് അഖില്‍ മാരാര്‍ക്ക് പ്രീതി വേണ്ട പരിഗണന കൊടുത്തില്ലെന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്നുമൊക്കെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രീതി. ഒരുപാട് നിബന്ധനകളോടെ മാത്രമേ ബിഗ് ബോസ് ഹൌസില്‍ പെരുമാറാന്‍ സാധിക്കൂവെന്ന് പറയുന്നു അവര്‍. ചാനല്‍ കേരള ബോക്സ് ഓഫീസ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രീതിയുടെ പ്രതികരണം.

"പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും അകത്ത് പോയി നമുക്ക് അവതരിപ്പിക്കാന്‍ പറ്റില്ല. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആളോട് പോലും എനിക്ക് പോയി ഒന്നും സംസാരിക്കാന്‍ പറ്റില്ല. കാരണം അത് കാര്യങ്ങള്‍ വ്യക്തമാക്കും. ഷിജു കഴിഞ്ഞാല്‍ അഖില്‍ മാരാരെയാണ് അവിടെ എനിക്ക് ഏറ്റവും ഇഷ്ടം. മാരാര്‍ പൊതുവെ നിശബ്ദന്‍ ആയിരുന്നു. ഭയങ്കര സന്തോഷമായിരുന്നു അദ്ദേഹത്തിന്. മാരാരുടെ ഭാര്യയും ഞാനുമൊക്കെ നല്ല സുഹൃത്തുക്കള്‍ ആണ്. ഷിജുവും മാരാരും നേരത്തെ അറിയാവുന്നവരാണ്. പുറത്തുള്ള ഒരു കാര്യവും ഞാന്‍ സംസാരിച്ചിട്ടില്ല. അത് അവിടെ സാധിക്കില്ല. സംസാരിക്കാന്‍ നിയന്ത്രണം ഉണ്ടായിരുന്നു. മാരാരോട് ഞാന്‍ കുറേ സംസാരിച്ചിട്ടുണ്ട്. പക്ഷേ അത് ലൈവിലും കാണിച്ചിട്ടില്ല. എന്താണ് നിശബ്ദമായിട്ട് ഇരിക്കുന്നതെന്ന് മാരാരോട് ചോദിച്ചു. മാരാരോട് ഒരുപാട് സംസാരിക്കാന്‍ ഉണ്ടായിരുന്നു. പക്ഷേ.. ഒരാളോട് മാത്രം മിണ്ടിയാല്‍ അത് മോശമാണ്", പ്രീതി പറയുന്നു.

Latest Videos

അതേസമയം അഖില്‍ മാരാര്‍ക്കെതിരെ താന്‍ സംസാരിച്ചു എന്ന് പറയുന്നത് വ്യാജ പ്രചരണമാണെന്നും പ്രീതി പറയുന്നു- "അഖില്‍ മാരാര്‍ക്കെതിരെ സംസാരിച്ചിട്ടില്ല. അതൊരു തെറ്റിദ്ധാരണയാണ്. അത് എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. അതില്‍ സങ്കടമുണ്ട്.  അഖിലിന്‍റെ ഭാര്യ ലക്ഷ്മി ഇത് കേട്ടാല്‍ ചിരിക്കും. മാരാരും ഷിജുവും തമ്മില്‍ അവിടെ ​ഗെയിം അല്ല. സത്യസന്ധമായ സൗഹൃദമാണ്. അവിടെ എല്ലാവര്‍ക്കും അസൂയയാണ് അവരുടെ സൗഹൃദം. അവര്‍ക്കിടയില്‍ ഒരു വഴക്ക് പോലും ഇതുവരെ ഉണ്ടായിട്ടില്ല. മാരാര്‍ ആണ് ഷിജുവിന് ശരിക്കും വഴി കാട്ടുന്നത് പോലും. ഷിജു ഒരു ഇന്‍ട്രോവെര്‍ട്ട് ആണ്. ഫ്രണ്ട്സ് ഇല്ല. അപ്പൊ ഇങ്ങനെ ഒരാളുടെ കൂടെ താമസിച്ചപ്പോള്‍ സൌഹൃദം ഉണ്ടായിവരികയായിരുന്നു. ഇന്നലെയും കൂടി ഞാന്‍ ചോദിച്ചു, അഖിലേ ഈ കൂര്‍ക്കംവലി എങ്ങനെയാണ് സഹിക്കുന്നത് എന്ന്. എന്‍റെ ഭര്‍ത്താവ് ഒരു തെറ്റായ തെരഞ്ഞെടുപ്പ് നടത്തില്ല. പിന്നെ ഞാനെന്തിനാണ് അതിനെതിരെ നില്‍ക്കുന്നത്? റിയാസ് ഉള്‍പ്പെടെ ചലഞ്ചേഴ്സ് ആയി എത്തിയവരെല്ലാം ഇവരുടെ സൗഹൃദം തകര്‍ക്കാന്‍ നോക്കി. പക്ഷേ നടന്നില്ല. ഡേഞ്ചറസ് ഫിറോസുമായി ഷിജു ഒരു ബെറ്റ് വച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ എഴുതിത്തരാം, പുറത്തെത്തിയാലും അവരുടെ സൗഹൃദം തുടരും. ഞാന്‍ അഖിലിനോട് പറഞ്ഞിരുന്നു, നിങ്ങള്‍ അഖിലും ഷിജുവും അകത്താണെങ്കില്‍ ഞാനും ലക്ഷ്മിയും പുറത്താണ് എന്ന്", പ്രീതി പറഞ്ഞവസാനിപ്പിക്കുന്നു.

ALSO READ : 'മൺഡേ ടെസ്റ്റി'ല്‍ പരാജയം രുചിച്ച് ആദിപുരുഷ്; നാല് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

click me!