ബിഗ് ബോസ് സീസൺ മൂന്നിലേക്ക് മത്സരാർത്ഥിയായി ആദ്യം എത്തിയ താരമാണ് നോബി മാർക്കോസ്. മലയാളികൾക്ക് സുപരിചിതനായ നടൻ, കോമേഡിയൻ, മിമിക്രി ആർട്ടിസ്റ്റ് തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് നോബിക്ക്.
ബിഗ് ബോസ് സീസൺ മൂന്നിലേക്ക് മത്സരാർത്ഥിയായി ആദ്യം എത്തിയ താരമാണ് നോബി മാർക്കോസ്. മലയാളികൾക്ക് സുപരിചിതനായ നടൻ, കോമേഡിയൻ, മിമിക്രി ആർട്ടിസ്റ്റ് തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് നോബിക്ക്. ബിഗ് ബോസിൽ ഇത്തവണ മലയാളികൾക്കെല്ലാം ഏറെ പരിചിതമായ ചുരുക്കം മുഖങ്ങളിലൊന്ന് കൂടിയാണ് നോബിയിടേത്.
ഷോ ആരംഭിച്ച് മൂന്നാം എപ്പിസോഡ് പറുത്തുവന്നപ്പോൾ ടാസ്ക് കഴിഞ്ഞ് ക്യാപ്റ്റനായി ഭാഗ്യലക്ഷ്മിയെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ആദ്യത്തെ വീക്കിലി ടാസ്കിലേക്ക് കടക്കുകയാണ് മത്സരാർത്ഥികൾ. വീക്കിലി ടാസ്കിനിടയിൽ തന്റെ ദുരിതപൂർണമായ ഒരു അപകടത്തെ കുറിച്ചും മരിച്ചുപോയ സുഹൃത്തിനെ കുറിച്ചും സംസാരിക്കുകയാണ് നോബി.
ജീവിതത്തിന്റെ തുടക്കം മുതൽ ഇന്നുവരെ പിന്തുണച്ചത് എന്റെ കുടുംബമാണ്. എല്ലാ ട്യൂഷനും ഉണ്ടായിട്ടും വിദ്യാഭ്യാസത്തിൽ ഞാൻ പരാജയമായിരുന്നു. വേദികൾ തേടി ഭ്രാന്തമായി നടക്കുകയായിരുന്നു. അങ്ങനെ കുറച്ചു കാലത്തിന് ശേഷം കോമഡി സ്റ്റാർസിൽ പങ്കെടുത്തു, കുറച്ച് വേദികളൊക്കെ കിട്ടിത്തുടങ്ങിയ സമയത്തായിരുന്നു ഒരു ദിവസം ആ അപകടം ഉണ്ടായത്.
ഞാനും സുഹൃത്തായ അരുണും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. അപ്പോൾ തന്നെ എന്റെ പാതി ബോധം നഷ്ടപ്പെട്ടിരുന്നു. മൂക്കിലും വായിലുമായി ചോര ഒലിക്കുന്നുണ്ടായിരുന്നു. വണ്ടി ഇടിച്ചു എന്നു മനസിലായി, കാല് കുടുങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ ആരൊക്കെയോ ചേർന്ന് എന്നെ ആശുപത്രിയിലെത്തിച്ചു. അന്ന് പരിപാടിക്ക് പോകുമ്പോൾ ഇടുന്ന ഒരു കറുത്ത പാന്റ് മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. ഒപ്പം ഒരു തിളക്കമുള്ള ഷർട്ടുമിട്ടായിരുന്നു പരിപാടി അവതരിപ്പിച്ചിരുന്നത്.
ആശുപത്രിയിലെത്തയപ്പോൾ ഞാൻ കാണുന്ന കാഴ്ച, ആകെയുള്ള കറുത്ത പാന്റ് കത്രിക കൊണ്ട് വെട്ടിക്കളയുന്നതായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് മസ്കറ്റിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അത് കിട്ടിയതിന്റെ ആകാംക്ഷയിലായിരുന്നു ഞാൻ. അതായിരുന്നു എന്റെ ടെൻഷൻ. അപ്പോഴേക്കും അപ്പൻ എത്തി.
അപ്പന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ഈ ആശുപത്രിയിൽ ചികിത്സിക്കാനുള്ള ശേഷിയില്ലായിരുന്നു അവർക്ക്. കട്ട് ചെയ്ത് കളഞ്ഞ പാന്റിന്റെ പോക്കറ്റിൽ ഒരു മൂവായിരം രൂപയുണ്ടെന്ന് ഞാൻ അച്ചനോട് പറഞ്ഞു. അത് തപ്പിയെടുത്ത് പൈസയെടുത്തു. അതുമാത്രമായിരുന്നു അപ്പന്റെ കയ്യിലുണ്ടായിരുന്നത്.
ഡോക്ടറോട് അപ്പോഴും, തനിക്ക് രണ്ട് ദിവസം കഴിഞ്ഞ് പ്രോഗ്രാമുണ്ടെന്ന് പറഞ്ഞു. കുഴപ്പമില്ല പോകാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എനിക്ക് മൂത്രം പോകാനായി ട്യൂബ് ഇടുകയാണ്. വീണ്ടും പ്രോഗ്രാമിന്റെ കാര്യം പറഞ്ഞപ്പോൾ, രണ്ട് ദിവസം കഴിഞ്ഞ് പോകാമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഐസിയുവിൽ കയറ്റി സർജറിയൊക്കെ കഴിഞ്ഞപ്പോൾ കാലിന് കമ്പിയിട്ട് കിടത്തിയിരിക്കുകയായിരുന്നു.
അങ്ങനെ ഒരു മാസം കഴിഞ്ഞ് വീട്ടിലേക്ക് പോയി. അപ്പോഴും എന്റെ ആത്മാർത്ഥ സുഹൃത്തായ അരുൺ മരിച്ച വിവരം ഞാൻ അറിഞ്ഞിരുന്നില്ല. ഐസിയിൽ കിടന്നപ്പോഴും ഇത് അറിയാതിരിക്കാൻ അമ്മ എന്നെ കാണാൻ വരാറില്ലായിരുന്നു. വീട്ടിൽ ടിവി പോലും തുറക്കാറില്ലായിരുന്നു. വീട്ടിലെത്തി വീണ്ടും ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ ഇതറിയുന്നത്. അവന്റെ കല്ലറയ്ക്കടുത്ത് പിന്നീട് ഞാൻ പോയിരുന്നു. അപ്പോഴും അത് വശ്വസിക്കാനായില്ല.
വീട്ടിൽ കിടപ്പ് തുടങ്ങിയതിന് പിന്നാലെ കൂട്ടുകാരെല്ലാം കാണാൻ വന്നു തുടങ്ങി. കുഞ്ഞ് വീടായിരുന്നു എന്റേത്. വീടിനകത്ത് ബാത്ത് റൂം ഒന്നും ഇല്ലായിരുന്നു. രാവിലെ എഴുന്നേറ്റ് എനിക്ക് പ്രഭാതകൃത്യം ചെയ്യാൻ പോലും സഹായം ചെയ്ത് തന്നത് അപ്പനായിരുന്നു. അവരുടെ പ്രാർത്ഥന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്. അച്ഛൻ ഹാർമോണിസ്റ്റാണ് അമ്മ ചെറുതായി പാടും. അവരുടെ കുഞ്ഞു കലയാണ് തനിക്ക് കിട്ടിയതെന്നും നോബി പറഞ്ഞു.
ഇപ്പോൾ കല്യാണമൊക്കെ കഴിഞ്ഞ ഒരു കുട്ടിയുണ്ടെന്നും ഭാര്യയുടെ പേര് ആര്യയെന്നാണെന്നും അവർ എൽഎൽബിക്ക് പഠിക്കുകയാണെന്നും നോബി പറഞ്ഞു. അവരുടെ ഫാമിലിയുമായി ചെറിയ പ്രശ്നമുണ്ടായിരുന്നെങ്കിലും ഇപ്പോൾ കുഴപ്പമില്ലാതെ സന്തോഷത്തോടെ പോകുന്നുവെന്നും ആദ്യത്തെ വീക്കിലി ടാസ്കിൽ നോബി പറഞ്ഞു.