ബിഗ് ബോസ് നല്‍കിയ മോണിംഗ് ആക്റ്റിവിറ്റിയില്‍ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം
ബിഗ് ബോസ് മലയാളം സീസണുകളിലെ ആദ്യ കോമണര്‍ മത്സരാര്‍ഥിയാണ് ഗോപിക ഗോപി. സഹമത്സരാര്‍ഥികളില്‍ മിക്കവരും ഗോപികയോട് വലിയ താല്‍പര്യം കാണിക്കുന്നില്ലെങ്കിലും അവര്‍ ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ്. ഗെയിം കൃത്യമായി കണ്ട് പ്ലാനിംഗോടെ വന്ന മത്സരാര്‍ഥിയെന്ന് സഹ മത്സരാര്‍ഥികള്‍ പറയുന്ന ഗോപിക ഇന്നലെ ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറിച്ചു. സഹമത്സരാര്‍ഥികളില്‍ പലരും പരിഹാസത്തോടെയാണ് അതിനെ നോക്കിക്കണ്ടതെങ്കിലും സ്ക്രീന്‍ ടൈമിന്‍റെ വലിയൊരു ഭാഗം ഗോപിക കൊണ്ടുപോയി.
ഇന്നലെ ബിഗ് ബോസ് നല്‍കിയ മോണിംഗ് ആക്റ്റിവിറ്റിയില്‍ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. മോഡലിംഗ് രംഗത്ത് ശോഭിച്ച സെറീനയോട് ആത്മവിശ്വാസം കുറവെന്ന് തോന്നുന്ന അഞ്ച് മത്സരാര്‍ഥികളെ വിളിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കലായിരുന്നു ആക്റ്റിവിറ്റി. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും ആത്മവിശ്വാസം കുറവെന്ന് തോന്നുന്ന അഞ്ച് പേരെ വിളിച്ച്, വിളിക്കാനുള്ള കാരണം പറഞ്ഞ് ഓരോരുത്തരെയായി ക്യാറ്റ് വോക്ക് ചെയ്യിപ്പിക്കുകയും എങ്ങനെ ആത്മവിശ്വാത്തോടെ ക്യാറ്റ് വോക്ക് ചെയ്യാമെന്നും ബിഗ് ബോസ് വീട്ടില്‍ കൂടുതല്‍ പ്രേക്ഷകശ്രദ്ധ ആര്‍ജിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും പറഞ്ഞുകൊടുക്കുക, ഇങ്ങനെയായിരുന്നു സെറീനയ്ക്ക് ബിഗ് ബോസ് നല്‍കിയ ആക്റ്റിവിറ്റി.
undefined
ഇതനുസരിച്ച് ഗോപികയെയാണ് സെറീന ആദ്യം വിളിച്ചത്. ഗോപികയ്ക്ക് വന്നപ്പോള്‍ ആത്മവിശ്വാസം കുറവായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ടെന്നും സെറീന പറഞ്ഞു. പിന്നീടുള്ള വിലയിരുത്തലാണ് ഗോപികയെ പ്രകോപിപ്പിച്ചത്. ഗോപിക കോണ്‍ഷ്യസ് ആണെന്നും അപകര്‍ഷതാബോധം ഉള്ളതുപോലെ തോന്നിയിട്ടുണ്ടെന്നും സെറീന പറഞ്ഞു. തുടര്‍ന്ന് ക്യാറ്റ് വോക്കും ചെയ്യിപ്പിച്ചു. സെറീന ആക്റ്റിവിറ്റി പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഗോപിക വിമര്‍ശനവുമായി എത്തിയത്.
എല്ലാവരോടുമായാണ് അപകര്‍ഷതയെന്ന് സെറീന പറഞ്ഞത് തനിക്ക് വേദനയുണ്ടാക്കിയതായി ഗോപിക പറഞ്ഞത്. എന്നാല്‍ അപകര്‍ഷതയെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കോണ്‍ഷ്യസ് എന്നത് മലയാളത്തിലാക്കിയപ്പോള്‍ തെറ്റിയതാണെന്നും സെറീന പറഞ്ഞു. എന്നാല്‍ ഗോപിക ഇത് വിടാന്‍ ഭാവമില്ലായിരുന്നു. വാദപ്രതിവാദം നടക്കുന്ന സമയത്ത് സെറീനയുടെ ഭാഗത്താണ് മറ്റെല്ലാ മത്സരാര്‍ഥികളും നിന്നത്. വാക്കുകളുടെ അര്‍ഥമറിയാതെ സംസാരിക്കരുതെന്നും ഇത് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയാണെന്നും ഗോപിക പറഞ്ഞു. ബാല്‍ക്കണിയില്‍ നിന്ന് പൊട്ടിത്തെറിച്ച ഗോപികയെ സമാധാനിപ്പിക്കാന്‍ ജുനൈസും ക്യാപ്റ്റന്‍ അഖില്‍ മാരാരും എത്തിയെങ്കിലും ഗോപിക വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ പൊട്ടിത്തെറിക്കുന്ന ഗോപികയെ പരിഹാസച്ചിരിയോടെയാണ് ഭൂരിഭാഗം മത്സരാര്‍ഥികളും എതിരേറ്റത്. ഗോപിക പറയുന്നതില്‍ കഴമ്പൊന്നുമില്ലെന്നും അപകര്‍ഷതാബോധം എന്നതിന്‍റെ അര്‍ഥം പോലും അറിയാതെയാണ് അവര്‍ സംസാരിക്കുന്നതെന്നും ഷിജു മറ്റുള്ളവരോട് പറയുന്നുണ്ടായിരുന്നു.
ALSO READ : 'രോമാഞ്ചം' മാത്രമല്ല; ഒടിടിയില്‍ എത്തിയ പുതിയ മലയാള സിനിമകള്‍