ഷോ അതിന്റെ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സസ്പെൻസ് എൻട്രിയും പ്രണയവും പോരുകളുമായി മത്സരാർത്ഥികൾ മുന്നേറുകയാണ്.
കഴിഞ്ഞ സീസണുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സംഭവ വികാസങ്ങളാണ് ബിഗ് ബോസ് മലയാളം സീസൺ നാലിൽ നടക്കുന്നത്. ഷോ അതിന്റെ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സസ്പെൻസ് എൻട്രിയും പ്രണയവും പോരുകളുമായി മത്സരാർത്ഥികൾ മുന്നേറുകയാണ്. സീക്രട്ട് മുറിയിൽ നിന്നും നിമിഷ ബിഗ് ബോസ് വീടിനകത്ത് എത്തിയതോടെ കാര്യങ്ങളെല്ലാം വീണ്ടും മാറിമറിയുന്നതാണ് പ്രേക്ഷകർ ഓരോ ദിവസവും കാണുന്നത്.
ഇന്ന് ഏറെ കലുക്ഷിതമായ രംഗങ്ങളായിരുന്നു ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. പുകവലിയുടെ കാര്യത്തിൽ തുടങ്ങിയ പ്രശ്നം പിന്നെ ചെന്നെത്തിയത് അടുക്കള കാര്യത്തിലാണ്. എന്തായാലും നിലവിൽ കാര്യങ്ങളെല്ലാം ശരിയായെങ്കിലും കാര്യങ്ങളുടെ പോക്കനുസരിച്ച് വരും ദിവസങ്ങളിൽ ഇക്കാര്യം വീണ്ടും ചർച്ചാ വിഷയം ആകുമെന്നാണ് സൂചനകൾ.
കളറായി വീക്കിലി ടാസ്ക്ക്
കഴിഞ്ഞ ആഴ്ചയിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു വീക്കിലി ടാസ്ക്കാണ് ബിഗ് ബോസ് ഇത്തവണ മത്സരാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. മത്സരാർത്ഥികളുടെ കലാമികവ് എത്രത്തോളമാണെന്ന് തെളിയിക്കാൻ ഈ വീക്കിലി ടാസ്ക്കിന് സാധിക്കുന്നുണ്ട്. രണ്ട് ദിവസങ്ങളായിട്ടാണ് വീക്കിലി ടാസ്ക് സംഘടിപ്പിചിരിക്കുന്നത്. നാല് ടീമുകളായി തിരിഞ്ഞ മത്സരാർത്ഥികൾ മികച്ച പ്രകടനമാണ് ഇന്നും പ്രേക്ഷകർക്കായി കാഴ്ച വച്ചിരിക്കുന്നത്.
ബിഗ് ബോസിൽ പുകവലി പുകയുന്നു
പുകവലിയുമായി ബന്ധപ്പെട്ടാണ് ഇന്ന് ഷോയിൽ തർക്കങ്ങൾ തുടങ്ങിയത്. ബ്ലെസ്ലി മോഹൻലാലിനോട് പുകവലി കാര്യം പറഞ്ഞത് ജാസ്മിനെയും നിമിഷയെയും ചൊടിപ്പിച്ചിരിക്കുകയാണ്. പേഴ്സണൽ ബൗണ്ടറീസിനെ ബഹുമാനിക്കണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു നിമിഷ തുടങ്ങിയത്. കുറച്ചു കാലമായി ഇതേപറ്റി എല്ലാവരോടുമായി പറയാൻ കാത്തിരിക്കുക ആയിരുന്നുവെന്നും നിമിഷ പറയുന്നു. "ഞാൻ പുകവലിക്കുന്നത് ബ്ലെസ്ലിയുടെ മുഖത്ത് അല്ലല്ലോ വരുന്നത്. അക്കാര്യം ലാലേട്ടന്റെ മുന്നിൽ എടുത്ത് പറയേണ്ട ഒരു ആവശ്യവും നിനക്കില്ല. ലാലേട്ടൻ അടുത്ത് വരുമ്പോൾ അക്കാര്യത്തിൽ നി ക്ഷമ ചോദിക്കണം. നി എന്നെയും ജാസ്മിനെയും മാത്രമാണ് എടുത്ത് പറഞ്ഞത്. ഞങ്ങൾ അല്ലാതെ നാല് പേര് കൂടിയുണ്ട് പുകവലിക്കുന്നവർ. എന്തുകൊണ്ട് അവരുടെ പേര് പറഞ്ഞില്ല. ഇതൊക്കെ ഓരോരുത്തരുടെയും സ്വന്തം കാര്യമാണ്. നമ്മുടെ വീട്ടിലാണ് ഇക്കാര്യങ്ങൾ പറഞ്ഞതെങ്കിൽ ഒരു വിഷയവും ഇല്ല. പക്ഷേ ഇതൊരു ടെലിവിഷൻ ഷോയാണ്", എന്നും നിമിഷ പറയുന്നു. ഇനി മേലാൽ ഇത്തരത്തിലുള്ള കളികളിച്ചാൽ അത് സെറ്റാവില്ലെന്ന് ജാസ്മിൻ ബ്ലെസ്ലിക്ക് മുന്നറിയിപ്പും നൽകി. എന്നാൽ, ഇത്തവണ ലാലേട്ടൻ ഇതേ കുറിച്ച് ചോദിച്ചാലും ഇപ്പോൾ പുകവലിക്കുന്നവരുടെ കാര്യം ഞാൻ പറയുമെന്നും ബ്ലെസ്ലി പറയുന്നു.
ലക്ഷ്മിക്കെതിരെ അമ്പെയ്ത് നിമിഷ
ക്യാമറയുടെ മുന്നിൽ സിഗരറ്റ് വേണമെന്ന് നിമിഷ പറയുന്നത് നാട്ടുകാര് പറയുന്നത് ആരും കാണുന്നില്ലെ എന്ന് ലക്ഷ്മി പറഞ്ഞുവെന്ന് പറഞ്ഞാണ് നിമിഷ സംസാരം തുടങ്ങിയത്. ഞാൻ സിഗരറ്റ് വേണമെന്ന് ചോദിച്ചാൽ അവർക്കെന്താണെന്നും ലക്ഷ്മിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതാണോ ഇവിടുത്തെ ക്യാമറകളെന്നും നിമിഷ ജാസ്മിനനോട് ചോദിക്കുന്നു. ഇവിടുടെ ആരെന്നാ അവരുടെ വിചാരം ഇതെന്താ അവരുടെ തറവാടാണോ എന്നും നിമിഷ.
ലക്ഷ്മിക്കെതിരെ ദിൽഷയും
ലക്ഷ്മി ഇഷ്ടമുള്ളവർക്കാണ് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത്. എന്തിനാണ് അങ്ങനെ കാണിക്കുന്നതെന്നാണ് സുചിത്രയോട് ദൽഷ ചോദിക്കുന്നത്. ലക്ഷ്മി ചേച്ചി തന്നെ പറയാറുണ്ട് നമ്മളെല്ലാം അവരുടെ കുട്ടികളാണെന്ന്. പക്ഷേ അതൊന്നും അല്ല. ഒരു സാധനം എടുക്കുമ്പോൾ ചുറ്റും വേറെ ആൾക്കാരും ഉണ്ടെന്ന് ചിന്തിക്കണം. എല്ലാവരും വിശക്കുന്ന ആളുകളല്ലേ എന്നും ദിൽഷ ചോദിക്കുന്നു. കിച്ചൺ എന്ന് പറയുമ്പോൾ അവിടെ ഉണ്ടാക്കുന്നതെല്ലാം മറ്റുള്ളവർക്കും കൂടിയുള്ളതാണെന്നും ദിൽഷ പറയുന്നു.