പത്താം എപ്പിസോഡിൽ എത്തി നിൽക്കുന്ന ബിഗ് ബോസിൽ ഇനി എന്തൊക്കെയാകും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു.
ബിഗ് ബോസ് മലയാളം സീസൺ 4 തുടങ്ങി ഒരുവാരം പിന്നിടുമ്പോൾ തന്നെ ഷോയുടെ സ്ഥിതിഗതികൾ മാറി മറിയുകയാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മത്സരാർത്ഥികൾ തങ്ങളുടെ സ്ട്രാറ്റർജികൾ പ്രകടിപ്പിച്ചു കഴിഞ്ഞു. ആദ്യത്തെ എലിമിനേഷനും ബിഗ് ബോസ് വീട്ടിൽ നടന്നു. ജാനകി ആയിരുന്നു ഷോയിൽ നിന്നും ആദ്യമായി പടിയിറങ്ങിയത്. സംഭവ ബഹുലമായ സംഭവങ്ങളും രസകരമായ ഗെയിമുകളും ഓരോ ദിവസവും ഷോയുടെ മാറ്റ് കൂട്ടുകയാണ്.
ഇന്ന് ഷോയുടെ പത്താമത്തെ എപ്പിസോഡ് ആയിരുന്നു. വളരെ രസകരമായിട്ടായിരുന്നു ഷോ തുടങ്ങിയതെങ്കിലും പിന്നീട് ഗെയിം ചൂടിലേക്ക് മത്സരാർത്ഥികൾ എത്തി. വീക്കിലി ടാസ്ക്കിന് ഇന്ന് മുതൽ ബിഗ് ബോസ് തുടക്കമിട്ടു കഴിഞ്ഞു. ഭാഗ്യപേടകം എന്നാണ് ഗെയിമിന്റെ പേര്. പരസ്പരം വാശിയേറിയ മത്സരം തന്നെയാണ് ഓരോരുത്തരും കാഴ്ചവച്ചത്.
ഇത് മനുഷ്യനെ കറക്കും തളിക
പറക്കും തളിക എന്ന ദിലീപ് ചിത്രത്തിലെ മനോഹരമായൊരു ഗാനത്തോടെ ആയിരുന്നു ഇന്ന് ബിഗ് ബോസ് വീട് ഉണർന്നത്. 'പറക്കും തളിക.. ഇത് മനുഷ്യനെ കറക്കും തളിക..' എന്ന എംജി ശ്രീകുമാർ പാടിയ ഗാനത്തിൽ മനോഹരമായ നൃത്ത ചുവടുകളാണ് ഓരോ മത്സരാർത്ഥിയും കാഴ്ച വച്ചത്.
കഥവായിക്കാൻ പഠിപ്പിച്ച് ലക്ഷ്മി പ്രിയ
ഇന്നത്തെ മോണിംഗ് ടാസ്ക് ലക്ഷ്മി പ്രിയയാണ് ചെയ്തത്. മറ്റ് മത്സരാർത്ഥികളെ കഥവായിക്കാൻ പഠിപ്പിക്കുക എന്നതായിരുന്നു ടാസ്ക്. ഗാർഡൻ ഏരിയയിൽ എത്തിയ മത്സരാർത്ഥികളിൽ ഡെയിസിയെ ആയിരുന്നു ലക്ഷ്മി ആദ്യം കഥ വായിക്കാനായി വിളിച്ചത്. പിന്നീട് എങ്ങനെയാണ് മലയാളം വായിക്കേണ്ടതെന്ന് ലക്ഷ്മി പറഞ്ഞ് കൊടുക്കുന്നു. ശേഷം ഓരോരുത്തരെയായി മുന്നോട്ട് വിളിപ്പിച്ച് ലക്ഷ്മി കഥകൾ വായിപ്പിച്ചു.
ഇത് 'ഭാഗ്യ പേടകം'
വീക്കിലി ടാസ്ക്കുകൾ ബിഗ് ബോസ് വീടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയാണ് മത്സരാർത്ഥികൾ ഈ ഗെയിമിലെ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ് 'അകത്തോ പുറത്തോ' ആയിരുന്നെങ്കിൽ ഈ ആഴ്ചയിലെ ടാസ്ക്കിന്റെ പേര് 'ഭാഗ്യ പേടകം' എന്നായിരുന്നു.
ബഹിരാകാശത്തേക്കൊരു സാങ്കൽപ്പിക യാത്ര എന്നതാണ് ടാസ്ക്. ഒരു സമയം അഞ്ച് പേർക്ക് മാത്രമെ ഗാർഡൻ ഏരിയയിൽ സജീകരിച്ചിരിക്കുന്ന പേടകത്തിൽ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. നിശ്ചിത ഇടവേളകളിലെ അറിയിപ്പുകൾക്കുള്ള സമയത്തിനുള്ളിൽ പേടകത്തിൽ ഉള്ളവർ ചേർന്ന് ചർച്ച ചെയ്ത്, ഏകകണ്ഡമായി ഒരാളെ പുറത്താക്കേണ്ടതും പകരം പുറത്തുള്ള ഒരാളെ, പുറത്തുള്ളവർ ചർച്ച ചെയ്ത് പേടകത്തിലേക്ക് കയറ്റേണ്ടതുമാണ്. ഇത്തരത്തിൽ ഓരോ മത്സരാർത്ഥികളും പേടകത്തിന് പുറത്തേക്ക് പോകുകയും അകത്തേക്ക് വരികയും ചെയ്യും. എല്ലാ ഘട്ടങ്ങളിലും സജീവമായി പങ്കെടുത്ത് ഏറ്റവും കൂടുതൽ സമയം ബഹിരാകാശ പേടകത്തിൽ ചിലവഴിക്കുക എന്നതാണ് ടാസ്ക്. ഈ ടാസ്ക്കിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തി അടുത്ത ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയിൽ നിന്നും മുക്തി നേടുമെന്നും ബിഗ് ബോസ് നിർദ്ദേശം നൽകി. കൂടാതെ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്നവർക്കാകും അടുത്ത ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ സാധിക്കുകയെന്നും ബിഗ് ബോസ് അറിയിച്ചു. ഒരിക്കൽ പോലും പേടകത്തിൽ കയറാൻ സാധിക്കാത്തവർക്ക് അവരുടെ ലക്ഷ്വറി പോയിന്റ് പൂർണമായും നഷ്ടമാകുന്നതായിരിക്കും.
ധന്യയും ശാലിനിയും നേർക്കുനേർ
ധന്യ, അശ്വിൻ, നിമിഷ, ബ്ലെസ്ലി, ദിൽഷ എന്നിവരാണ് ആദ്യമായി പേടകത്തിൽ കയറാൻ യോഗ്യത നേടിയത്. പിന്നാലെ മത്സരത്തിനായുള്ള തയ്യാറെടുപ്പായിരുന്നു. ഏവരും. എന്നാൽ ടാസ്ക്കിൽ നിന്നും ഡോ. റോബിൻ മാറി നിന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. പുറത്തു നിന്നവരിൽ നിന്നും ആദ്യം പേടകത്തിലേക്ക് പ്രവേശിക്കാൻ പോയത് ശാലിനി ആയിരുന്നു. പേടകത്തിൽ ഇരുന്നവരിൽ നിന്നും പുറത്തേക്ക് പോയത് ധന്യയും ആയിരുന്നു. ഇത്തവണത്തെ നോമിനേഷനിൽ ധന്യ ഇല്ല എന്നതായിരുന്നു കാരണമായി മറ്റുള്ളവർ പറഞ്ഞത്.
പിന്നാലെ നടന്നത് ശാലിനിയും ധന്യയും തമ്മിലുള്ള മത്സരമാണ്. ഇരുവരും തമ്മിലുള്ള മത്സരത്തിൽ ആരാണോ ജയിക്കുന്നത് അവരാകും പേടകത്തിൽ ആദ്യം കയറുക. ഹെവി ടാസ്ക്ക് ആയിരുന്നു ഇരുവർക്കും ബിഗ് ബോസ് നൽകിയത്. പിന്നാലെ നടന്ന വാശിയേറിയ പേരാട്ടത്തിൽ ധന്യ വിന്നറാവുകയും തിരികെ വീണ്ടും പേടകത്തിലേക്ക് താരം പോകുകയും ചെയ്തു. പരാജയപ്പെട്ട ശാലിനി അന്യഗ്രഹത്തിൽ(പ്രത്യേകം സെറ്റ് ചെയ്ത സ്ഥലം) പോകുകയും ചെയ്തു.