'ജമ്മുവിലെ ക്ലബ്ബ് ഏത്? ആരാണ് ഔദ്യോഗിക പരിശീലകന്‍'? ബിഗ് ബോസിന്‍റെ ചോദ്യങ്ങള്‍ക്ക് അനിയന്‍ മിഥുന്‍റെ മറുപടി

By Web TeamFirst Published Jun 12, 2023, 11:45 PM IST
Highlights

കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയാണ് മിഥുനോട് ചോദിക്കാനുള്ള കാര്യങ്ങള്‍ ബിഗ് ബോസ് ചോദിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അനിയന്‍ മിഥുന്‍ എന്ന മത്സരാര്‍ഥി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ പാരാ കമാന്‍ഡോ വിഭാഗത്തില്‍ പെടുന്ന ഒരു വനിതാ ഓഫീസറുമായുള്ള തന്‍റെ പരിചയത്തെക്കുറിച്ച് ജീവിതകഥ പറയാനുള്ള ടാസ്കില്‍ മിഥുന്‍ വാചാലനായിരുന്നു. ഈ ഓഫീസര്‍ കൊല്ലപ്പെട്ടുവെന്നും മിഥുന്‍ പറഞ്ഞിരുന്നു. എന്നാല്‍ വാരാന്ത്യ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ വസ്തുതകള്‍ നിരത്തി മിഥുന്‍ പറഞ്ഞ വിവരങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ചു. ഇതേത്തുടര്‍ന്ന് വുഷുവില്‍ നിലവിലെ വേള്‍ഡ് ചാമ്പ്യന്‍ ആണ് താനെന്ന മിഥുനിന്‍റെ വാദവും വ്യാജമായിരിക്കാമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് ബിഗ് ബോസ് മിഥുനെ ഇന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് അയാളുടെ പ്രൊഫഷണല്‍ കരിയര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിച്ചു.

"നിങ്ങളെ ഈ ബിഗ് ബോസ് ഷോയുടെ മത്സരാര്‍ഥിയായി തെരഞ്ഞെടുത്തത് നിങ്ങളുടെ വ്യക്തിത്വവും ആകാര ഭംഗിയും സ്വഭാവ സവിശേഷതയുമെല്ലാം അടിസ്ഥാനമാക്കിയാണ്. എന്നാല്‍ നിങ്ങള്‍ പറഞ്ഞ ജീവിതകഥയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ പുറത്ത് വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മിഥുന്‍ പങ്കുവച്ച വിവരങ്ങളുടെ സത്യാവസ്ഥ അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്", എന്നു പറഞ്ഞുകൊണ്ട് ബിഗ് ബോസ് ചോദ്യങ്ങള്‍ ആരംഭിച്ചു. അവയ്ക്ക് മിഥുന്‍ മറുപടിയും നല്‍കി. അവ ഇങ്ങനെ...

Latest Videos

വുഷു എന്ന കായിക വിനോദം നിങ്ങള്‍ എപ്പോള്‍ മുതലാണ് ആരംഭിച്ചത്?

ഞാന്‍ ഏകദേശം സ്കൂള്‍ കാലം മുതലാണ് അത് ആരംഭിച്ചത്. കരാട്ടെയില്‍ നിന്നാണ് ഞാന്‍ തുടങ്ങുന്നത്. പിന്നെ അതിന് ശേഷം ബോക്സിംഗ്, കിക്ക് ബോക്സിംഗ്. പിന്നീട് വുഷുവിലേക്ക് മാറുകയായിരുന്നു. 

ഏതെല്ലാം ക്ലബ്ബുകളിലാണ് വുഷുവുമായി ബന്ധപ്പെട്ട് നിങ്ങള്‍ അംഗത്വം നേടിയിട്ടുള്ളത്?

ഞാന്‍ കേരളത്തില്‍ നിന്നാണ് തുടങ്ങിയിട്ടുള്ളത്. അതിനുശേഷം ജമ്മു കശ്മീരിലെ ക്ലബ്ബുകളിലാണ് ഞാന്‍ കൂടുതല്‍ കളിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ വുഷുവിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്, അമച്വറില്‍ അല്ല. പ്രൊഫഷണല്‍ വിഷുവുമായി ബന്ധപ്പെട്ടുള്ള ഒരുവിധം എല്ലാ ക്ലബ്ബുകളിലും ഞാന്‍ അംഗം തന്നെയാണ്. വുഷു സാന്‍ഡയിലാണ് എനിക്ക് കൂടുതലും അംഗത്വം. വുഷു തവലു, സാന്‍ഡ എന്നിങ്ങനെയാണ് വേര്‍തിരിവുകള്‍. അതില്‍ സാന്‍ഡയിലാണ് ഞാന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 

കേരള വുഷു അസോസിയേഷന്‍, ഇന്ത്യന്‍ വുഷു അസോസിയേഷന്‍ ഇവരുടെയെല്ലാം അനുമതിയോട് കൂടിയാണോ നിങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്? 

ഇവരുടെ അനുമതിയോടെയും ഞാന്‍ പങ്കെടുത്തിട്ടുണ്ട്, അല്ലാതെ പ്രൊഫഷണല്‍ വുഷു അസോസിയേഷനിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. 

ജമ്മുവിലെ ക്ലബ്ബ് ഏതാണ്?

ജമ്മുവിലെ ജീവല്‍ എന്ന സ്ഥലത്തെ വലിയൊരു ക്യാമ്പ് ആണ്. ഇന്ത്യന്‍ പ്ലെയേഴ്സും എല്ലാവരും ഉള്ളത്. അവിടെയാണ് ഞാന്‍ പരിശീലനം തുടര്‍ന്നിരുന്നത്. 

ആരാണ് നിങ്ങളുടെ ഔദ്യോഗിക പരിശീലകന്‍?

അവിടെ കുല്‍ദീപ് ഹണ്ഡു സാര്‍. കേരളത്തില്‍ അനീഷ് സാര്‍ ആയിരുന്നു. 

രാജ്യത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ മത്സരങ്ങളിലാണ് നിങ്ങള്‍ പങ്കെടുത്തിട്ടുള്ളത്?

സൌത്ത് ഏഷ്യ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, പ്രൊ വുഷു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്. 

ഏത് വര്‍ഷം?

കഴിഞ്ഞ വര്‍ഷം

അത് എവിടെവച്ചാണ് നടന്നത്?

തായ്ലന്‍ഡ് 

അവിടെ എത്താനുള്ള സാഹചര്യം ഉണ്ടായത്?

ഞാനൊരു പ്രൊഫഷണല്‍ ഫൈറ്റര്‍ ആണ്.

നിങ്ങള്‍ വേള്‍ഡ് ചാമ്പ്യന്‍ ആണെന്ന് ഇവിടെ ഒരു പരാമര്‍ശം നടത്തുകയുണ്ടായി. ആരായിരുന്നു പ്രതിയോഗി?

ഫൈനലില്‍ സൌത്ത് ആഫ്രിക്കയും സെമിയില്‍ ചൈനയും ആദ്യം അമേരിക്കയും. 

അതില്‍ നിങ്ങള്‍ക്ക് വേള്‍ഡ് ചാമ്പ്യന്‍ എന്ന പട്ടം കിട്ടിയിരുന്നോ?

കിട്ടിയിരുന്നു. 

പ്രേക്ഷകരുടെ സംശയങ്ങള്‍ ദുരീകരിക്കാനായി ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോ? 

പ്രൊഫഷണല്‍ ഫൈറ്റര്‍ ആണ് ഞാന്‍. അതിലിപ്പോള്‍ നിലവിലെ വേള്‍ഡ് ചാമ്പ്യന്‍ ഞാനാണ്. പ്രൊ വുഷു സാന്‍ഡയിലാണ് ഞാന്‍ അവസാനം തായ്ലന്‍ഡില്‍ വച്ചിട്ട് കഴിഞ്ഞ വര്‍ഷം ഗോള്‍ഡ് മെഡല്‍ അടിച്ചത്. ഇതാണ് എനിക്കിപ്പോള്‍ പറയാനുള്ളത്. 

ഏത് വിഭാഗം ആയിരുന്നു?

70 കിലോഗ്രാമിന് താഴെയുള്ള വിഭാഗം

"ഇത്രയും കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പങ്കുവെക്കാനായിരുന്നു മിഥുനെ വിളിപ്പിച്ചത്. തിരികെ വീട്ടിലേക്ക് പോകാം", തുടര്‍ന്ന് ബിഗ് ബോസ് അറിയിച്ചു.

ALSO READ : പുറത്തായ ആള്‍ പിറ്റേന്ന് ഹൗസിലേക്ക്! അത്ഭുതത്തോടെ സഹമത്സരാര്‍ഥികള്‍

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

click me!