ക്യാപ്റ്റന്‍ റൂമില്‍ അനുവാദമില്ലാതെ കടന്ന് ഡോ. റോബിന്‍; 500 ലക്ഷ്വറി പോയിന്‍റുകള്‍ തിരിച്ചെടുത്ത് ബിഗ് ബോസ്

By Web TeamFirst Published Mar 31, 2022, 10:08 PM IST
Highlights

പ്രതിവാര ടാസ്‍കിനു പിന്നാലെ മത്സരാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കം

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആദ്യ വാരാന്ത്യത്തോട് അടുക്കുമ്പോള്‍ മത്സരം കൊഴുത്തു തുടങ്ങിയിട്ടുണ്ട്. മത്സരാര്‍ഥികളുടെ സ്വഭാവവിശേഷങ്ങളും പെരുമാറ്റ രീതികളുമൊക്കെ എങ്ങനെയെന്ന് മനസിലാക്കിത്തുടങ്ങിയിരിക്കുകയാണ് കാണികളും. ആദ്യ വീക്ക്ലി ടാസ്‍കില്‍ തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമൊക്കെ ആരംഭിച്ചിരുന്നു. ഇന്ന് വീക്ക്ലി ടാസ്‍കിലെ പ്രകടനം പരിഗണിച്ച് അനുവദിക്കുന്ന ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍ ബിഗ് ബോസ് പ്രഖ്യാപിച്ചപ്പോഴും ഒരു തര്‍ക്കം ഉടലെടുത്തു.

പാവയെ സൂക്ഷിക്കുന്ന ഒരു ലക്ഷ്വറി ടാസ്‍ക് ആണ് ബിഗ് ബോസ് കഴിഞ്ഞ ദിവസങ്ങളിലേക്ക് നല്‍കിയിരുന്നത്. ഏറ്റവും മികച്ച രീതിയില്‍ ടാസ്ക് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ 3400 പോയിന്‍റുകള്‍ മത്സരാര്‍ഥികള്‍ക്ക് ലഭിച്ചേനെ. എന്നാല്‍ 2050 പോയിന്‍റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. വിളിക്കുമ്പോള്‍ വരുന്നതിലെ അലസത, നിര്‍ദേശങ്ങളോടുള്ള ഗൗരവമില്ലാത്ത സമീപനം, പകല്‍ ഉറക്കം അടക്കമുള്ള നിയമ ലംഘനങ്ങള്‍ക്ക് ഓരോരുത്തരില്‍ നിന്നും 50 പോയിന്‍റുകള്‍ വീതം ഈടാക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചു. അങ്ങനെ ആകെ 850 പോയിന്‍റുകള്‍ ആയിനത്തില്‍ തന്നെ മത്സരാര്‍ഥികള്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍റെ അനുവാദമില്ലാതെ ക്യാപ്റ്റന്‍ റൂമില്‍ കയറിയതിന് മറ്റൊരു 500 പോയിന്‍റുകളും തിരിച്ചെടുക്കുകയാണെന്നും ബിഗ് ബോസ് അറിയിച്ചു.

Latest Videos

ക്യാപ്റ്റന്‍ റൂമില്‍ കയറിയ കാര്യം ബിഗ് ബോസ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ അത് ആരാണെന്ന ചര്‍ച്ച മത്സരാര്‍ഥികള്‍ക്കിടയില്‍ ആരംഭിച്ചിരുന്നു. പിന്നീട് ക്യാപ്റ്റനായ അശ്വിന്‍ വിജയ് വന്ന് ഇക്കാര്യം സംസാരിച്ചു. ആരാണോ തന്‍റെ അനുവാദമില്ലാതെ ക്യാപ്റ്റന്‍ റൂമില്‍ കയറിയത്, അയാള്‍ സ്വയം അത് പറയണമെന്നായിരുന്നു അശ്വിന്‍ ഉയര്‍ത്തിയ ആവശ്യം. അല്ലാത്തപക്ഷം വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യം ചോദിക്കുമെന്നും ചിലര്‍ പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഡോ. റോബിന്‍ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. പാവ കൈവശം വന്നപ്പോള്‍ സവിശേഷ അധികാരം ലഭിച്ചുവെന്ന് കരുതി ക്യാപ്റ്റന്‍ റൂമില്‍ പ്രവേശിക്കുകയായിരുന്നെന്ന് റോബിന്‍ പറഞ്ഞു. എന്നാല്‍ അപ്പോഴും സ്വന്തം ഭാഗം ന്യായീകരിക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. മാപ്പ് പറയാനും തയ്യാറായില്ല.

ജാസ്‍മിന്‍ മൂസ റോബിന്‍ ചെയ്‍ത തെറ്റിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സംസാരിച്ചു. നവീന്‍ അറയ്ക്കലും റോബിന്‍ ചെയ്‍തത് ശരിയായില്ലെന്ന അഭിപ്രായം പങ്കുവച്ചു. തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷാത്മകമായ അന്തരീക്ഷമാണ് ബിഗ് ബോസില്‍ ഉണ്ടായിവന്നിരിക്കുന്നത്. മോഹന്‍ലാല്‍ എത്തുന്ന ശനി, ഞായര്‍ എപ്പിസോഡുകളില്‍ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. 

click me!