Bigg Boss Malayalam S 4 : സംഗതി കളറാക്കാന്‍ എത്തിയ 17 പേര്‍; ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികള്‍ ഇവരാണ്

By Web TeamFirst Published Mar 27, 2022, 11:58 PM IST
Highlights

പതിവുപോലെ പരിചിത മുഖങ്ങളും പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെയും മത്സരാര്‍ഥികളുടെ നിര

മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 4ന് (Bigg Boss Malayalam S 4) ഇന്ന് തുടക്കമായിരിക്കുകയാണ്. കൊവിഡ് കാലത്തിനു ശേഷം ലോകം പഴയ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ബിഗ് ബോസ് പ്രേമികളെ ആവേശത്തിലാക്കിയാണ് പുതിയ സീസണ്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണ്‍ 14 മത്സരാര്‍ഥികളുമായാണ് ആരംഭിച്ചതെങ്കില്‍ ഇക്കുറി ആരംഭത്തില്‍ തന്നെ 17 പേര്‍ ഉണ്ട്. സാബുമോന്‍ അബ്ദുസമദ് ടൈറ്റില്‍ വിജയിയായ ആദ്യ സീസണിനു വേദിയായ മുംബൈയിലേക്ക് ബിഗ് ബോസ് മലയാളം മടങ്ങിയെത്തുന്നു എന്ന പ്രത്യേകത കൂടി നാലാം സീസണിനുണ്ട്. ഉദ്ഘാടന എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ച ആ 17 മത്സരാര്‍ഥികള്‍ ഇവരാണ്.

1. നവീന്‍ അറയ്ക്കല്‍

Latest Videos

 

ALSO READ : ബിഗ് ബോസിലെ ഫിറ്റ്‍നസ് ഫ്രീക്കൻ, കളം നിറയാൻ നവീൻ അറയ്‍ക്കല്‍

മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുഖവുര ആവശ്യമില്ലാത്ത മത്സരാര്‍ഥി. സീരിയലുകളിലൂടെയും ടെലിവിഷന്‍ ഗെയിം ഷോകളിലൂടെയും മലയാളി സ്വീകരണമുറികളിലെ നിത്യ സാന്നിധ്യമാണ് നവീന്‍. ചില സിനിമകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. ഒരു ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് നവീന്‍ അറയ്ക്കല്‍.

2. ജാനകി സുധീര്‍

 

ALSO READ : ബിഗ് ബോസില്‍ മിന്നാൻ ജാനകി സുധീര്‍

സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിത്തുടങ്ങിയ യുവ നടി. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ എത്തിയ 'ചങ്ക്സി'ലൂടെയാണ്  ജാനകി ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ നായകനായ 'ഒരു യമണ്ടൻ പ്രേമ കഥ'യിലും വേഷമിട്ടു. പുറത്തിറങ്ങാനിരിക്കുന്ന ഹോളി വൂണ്ട് ആണ് മറ്റൊരു പ്രധാന ചിത്രം. 'ഈറൻനിലാവ്', 'തേനും വയമ്പും' തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

3. ലക്ഷ്‍മിപ്രിയ

 

ALSO READ : മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ താരം; ലക്ഷ്‍മി പ്രിയ ബിഗ് ബോസിൽ

നാടകവേദിയിലൂടെ തുടങ്ങി ടെലിവിഷനിലൂടെ  സിനിമയിലേക്ക് എത്തിയ താരം. മോഹന്‍ലാല്‍ നായകനായ നരന്‍ ആയിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ലക്ഷ്‍മിപ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചു. വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മിപ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്. അടുത്തിടെ  വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ലക്ഷ്‍മി നടത്തിയ പ്രിതികരണവും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

4. ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍

 

ALSO READ : ബിഗ് ബോസ് വീടിന്‍റെ ഊര്‍ജമായി മാറുമോ ഡോക്ടര്‍ മച്ചാന്‍?

മോട്ടിവേഷനല്‍ സ്‍പീക്കര്‍ എന്ന നിലയില്‍ ആയിരക്കണക്കിന് ആരാധകരുള്ള ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഒരുപോലെ താരമാണ്. ഡോ. മച്ചാന്‍ എന്ന പേരില്‍ പ്രശസ്‍തനായ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ ആയിരങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളേകുന്നു. ആയിരക്കണക്കിന് പേരാണ് ദിവസവും മുന്നോട്ട് പോകാനുള്ള ഊര്‍ജം  തേടി അദ്ദേഹത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ സമീപിക്കുന്നത്. അരലക്ഷത്തിലധികം ഫോളോവര്‍മാരുണ്ട് അദ്ദേഹത്തിന് ഇന്‍സ്റ്റഗ്രാമില്‍.

5. ധന്യ മേരി വര്‍ഗീസ്

 

ALSO READ : ബിഗ് ബോസില്‍ മാറ്റുരയ്‍ക്കാൻ ധന്യ മേരി വര്‍ഗീസും

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടി. തിരുടി എന്ന തമിഴ് ചിത്രത്തിലൂടെ 2006ലായിരുന്നു സിനിമാ അരങ്ങേറ്റം. മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് 'നന്മ' എന്ന ചിത്രത്തിലാണെങ്കിലും 'തലപ്പാവ്' എന്ന ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുന്‍പ് മോഡലിംഗിലും നിരവധി പരസ്യചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിരുന്നു. സീതാകല്യാണം ഉള്‍പ്പെടെ ശ്രദ്ധേയ സീരിയലുകളിലും ധന്യയുടെ ജനപ്രിയ കഥാപാത്രങ്ങളുണ്ട്.

6. ശാലിനി നായര്‍

 

ALSO READ : നടി, അവതാരക, മോഡല്‍; പരിചിത മുഖമാവാന്‍ ശാലിനി നായര്‍

അവതാരകയും നടിയും മോഡലുമായ താരതമ്യേന പുതുമുഖമായ മത്സരാര്‍ഥി. പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്. വി ജെ ശാലിനി നായര്‍ എന്നാണ് തന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്. കഠിനാധ്വാനത്തിനു പകരം വെക്കാന്‍ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്. 

7. ജാസ്‍മിന്‍ എം മൂസ

 

ALSO READ : പോരാട്ടത്തിന്‍റെ സ്ത്രീമുഖം; ബിഗ് ബോസിലേക്ക് ജാസ്‍മിന്‍ മൂസ

ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്‍മിന്‍റെ ജീവിതകഥ മാധ്യമങ്ങളിലൂടെ നേരത്തേ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ജാസ്‍മിന്‍ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞ ആളുമാണ്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ 18-ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. രണ്ടാം വിവാഹബന്ധത്തില്‍ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളാണ് ജാസ്‍മിനെ ഒരര്‍ഥത്തില്‍ സ്വയം കരുത്തയാവാന്‍ പ്രേരിപ്പിച്ചത്. ബോഡി ബില്‍ഡിംഗിലേക്ക് ഇറങ്ങിയ ജാസ്‍മിന്‍ നിലവില്‍ ബംഗളൂരുവില്‍ ഒരു ഫിറ്റ്നസ് ട്രെയ്‍നര്‍ ആയി പ്രവര്‍ത്തിക്കുകയാണ്.

8. അഖില്‍ ബി എസ്

 

ALSO READ : ബിഗ് ബോസിന് ഇത്തവണയും ചിരിക്കാം, കുട്ടി അഖില്‍ എത്തി

കുട്ടി അഖില്‍ എന്ന അഖില്‍ ബി എസ് നായര്‍ 'പ്രീമിയര്‍ പദ്‍മിനി' വെബ്‍ സീരിസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്.  കോമഡി എക്സ്‍പ്രസ് ഷോയിലൂടെയായിരുന്നു അഖില്‍ മിനി സ്‍ക്രീനിലെത്തുന്നത്. ഏഷ്യാനെറ്റ് സപ്രേഷണം ചെയ്‍ത കോമഡി സ്റ്റാഴ്‍സ് സീസണ്‍ 2 അഖിലിനെ താരമാക്കി. നെയ്യാറ്റിൻകര പോളിടെക്നിക് കോളേജില്‍ നിന്ന് തുടങ്ങിയ അഖിലിന്റെ കലാപ്രവര്‍ത്തനം ഇന്ന് സിനിമയിലും എത്തിനില്‍ക്കുന്നു.

9. നിമിഷ

 

ALSO READ : ബിഗ് ബോസിൽ പങ്കെടുക്കാൻ മോഡൽ നിമിഷയും

മിസ് കേരള 2021 ഫൈനലിസ്റ്റ്. നിയമവിദ്യാര്‍ഥിയായ നിമിഷ മോഡലിംഗ് രംഗത്തും പ്രവര്‍ത്തിക്കുന്നു. അഭിനയത്തെ ഏറെ ആവേശത്തോടെ കാണുന്ന നിമിഷ ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ആളുമാണ്.

10. ഡെയ്‍സി ഡേവിഡ്

 

ALSO READ : ക്യാമറയ്ക്കു പിന്നിലെ പെണ്‍ നോട്ടം; ബിഗ് ബോസിലേക്ക് ഡെയ്‍സി ഡേവിഡ്

വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ ഫോട്ടോഗ്രാഫര്‍. കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ് ഡെയ്‍സി. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്‍റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്‍സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുമുണ്ട്.

11. റോണ്‍സണ്‍ വിന്‍സെന്‍റ്

 

ALSO READ : മിനിസ്ക്രീനിലെ 'നായകനും വില്ലനും'; ബിഗ് ബോസ് വീട്ടിൽ ആരാകും റോൺസൺ വിൻസെന്റ്

പ്രമുഖ ടെലിവിഷന്‍ താരവും മോഡലുമാണ്‌ റോണ്‍സണ്‍ വിന്‍സെന്റ്‌. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത 'വിഗ്രഹണം' എന്ന പരമ്പരയിലൂടെയാണ്  ടെലിവിഷന്‍ രംഗത്തേക്ക് റോൺസൺ എത്തിയത്. തുടര്‍ന്ന് 'ഭാര്യ', 'സീത', 'അനുരാഗം', 'കൂടത്തായി' തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. ഇത്തരം പരമ്പരകളിലൂടെയും ഷോകളിലൂടെയും ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു റോണ്‍സൺ.

12. അശ്വിന്‍ വിജയ്

 

ALSO READ : കയ്പ്പറിഞ്ഞ ഭൂതകാലത്തിന്റെ കരുത്തിൽ പടുത്തുയർത്തിയ മാന്ത്രിക ജീവിതം; അശ്വിൻ 'മാജിക്' ബിഗ് ബോസിൽ

അശ്വിൻ വിജയ് എന്ന പേര് കേട്ടാൽ പലർക്കും തിരിച്ചറിയാൻ സാധിച്ചേക്കും. ചെറുപ്പത്തിൽ തന്നെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ, ഇരുണ്ട ഭൂതകാലത്തെ വകഞ്ഞുമാറ്റി കരുത്തുറ്റ പോരാട്ടത്തിലൂടെ വെളിച്ചത്തിലേക്ക് നടന്നടുത്ത പ്രതിഭ. അങ്ങനെയറിയണം അശ്വിനെ. ജാലവിദ്യകളുടെ ലോകത്ത് അസാമാന്യ പാടവമുള്ള അശ്വിൻ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‍സിലും  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

13. അപര്‍ണ്ണ മള്‍ബറി

 

ALSO READ : മലയാളം പറയുന്ന അമേരിക്കക്കാരി; ബിഗ് ബോസിൽ പുതു ചരിത്രമാകാൻ അപർണ മൾബറി

ജനനം കൊണ്ട് അമേരിക്കക്കാരി. രൂപത്തിലും ഭാവത്തിലും സംസാരത്തിലും മലയാളി! സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ് അപർണ മൾബറി.   ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയുന്ന ആളാണ് അപര്‍ണ്ണ. മലയാളം ബിഗ് ബോസിൽ അപർണ എത്തുന്നത് ഒരു പുതുചരിത്രം കൂടി രചിച്ചു കൊണ്ടാണ്. ഷോയിലെ ആദ്യത്തെ വിദേശിയാണ് ഇവര്‍. 

14. സൂരജ് തേലക്കാട്

 

ALSO READ : ബിഗ് ബോസിന്റെയും പ്രിയം കവരാൻ സൂരജ് തേലക്കാട്

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' എന്ന വന്‍ വിജയം നേടിയ ചിത്രം ഇറങ്ങിയ കാലത്ത് കേരളീയര്‍ക്കെല്ലാം മനസില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു ആരാണ് ചിത്രത്തിലെ റോബോട്ട് കുഞ്ഞപ്പനെ അവതരിപ്പിച്ചത് എന്നത്.  സൂരജ് തേലക്കാടാണ് ആ നടൻ എന്ന് വെളിപ്പെട്ടപ്പോള്‍ ആരാധകരും അമ്പരന്നു. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍' ആകും മുന്‍പ് തന്നെ മലയാളിക്ക് സുപരിചിതനാണ് ഈ കലാകാരന്‍. ടിവി പരിപാടികളിലെ 'വലിപ്പമേറിയ' പ്രകടനങ്ങള്‍ സൂരജിനെ മലയാളിക്ക് പരിചയമുള്ള മുഖമാക്കിയിരുന്നു.

15. ബ്ലെസ്‍ലി

 

ALSO READ : ഗായകന്‍, സം​ഗീത സംവിധായകന്‍; ബിഗ് ബോസ് ഹൗസിനെ പാട്ടിലാക്കാന്‍ ബ്ലെസ്‍ലി

മലയാളത്തിലെ സംഗീതലോകത്തെ സശ്രദ്ധം വീക്ഷിക്കുന്നവര്‍ ഇതിനകം ശ്രദ്ധിച്ചിട്ടുള്ള പേരാണ് ബ്ലെസ്‍ലിയുടേത്. ഗായകനായും സംഗീത സംവിധായകനായുമൊക്കെ വെറും 21 വയസ്സിനുള്ളില്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയെന്നത് ചെറിയ കാര്യമല്ല. അതുതന്നെയാണ് ഈ യുവകലാകാരനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‍തനാക്കുന്നതും. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി ഒരുപക്ഷേ ബ്ലെസ്‍ലി ആയിരിക്കും.

16. ദില്‍ഷ പ്രസന്നന്‍

 

ALSO READ : ദില്‍ഷ പ്രസന്നന്‍; 'കാണാകണ്‍മണി' താരം ബിഗ് ബോസിന്റെയും മനം കവരുമോ?

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരി. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നൃത്ത രംഗത്ത് തന്റേതായ ഇടം രേഖപ്പെടുത്തിയ ദില്‍ഷ പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത 'കാണാകണ്‍മണി'യിലെ മാനസയായും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു. കോഴിക്കോട് ജനിച്ചു വളര്‍ന്ന ദില്‍ഷ കൊയിലാണ്ടി ജിഎംവിഎച്ച്എസ്എസ്, ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്.

17. സുചിത്ര നായര്‍

 

ALSO READ : പ്രേക്ഷകരുടെ സ്വന്തം 'പദ്‍മിനി' ഇനി ​ബി​​ഗ് ബോസിൽ; മത്സരാര്‍ഥിയായി സുചിത്ര നായര്‍

സ്വന്തം പേരിനേക്കാള്‍ അവതരിപ്പിച്ച ഹിറ്റ് കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന അഭിനേത്രിയാണ് സുചിത്ര. നടിമാരില്‍ ചിലര്‍ക്കു മാത്രം ലഭിക്കുന്ന ആ ഭാഗ്യം സുചിത്രയ്ക്ക് സമ്മാനിച്ചത് വാനമ്പാടി എന്ന പരമ്പരയാണ്. ഏഷ്യാനെറ്റിന്‍റെ ജനപ്രിയ പരമ്പരയായിരുന്നു വാനമ്പാടിയില്‍ പദ്മിനി (പപ്പി) എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരുന്നത്. വാനമ്പാടി സംപ്രേഷണം അവസാനിപ്പിച്ചതിനു ശേഷവും പ്രേക്ഷകരുടെ മനസില്‍ നിന്ന് മായാത്ത കഥാപാത്രമായി ഇത്.

click me!