കഴിഞ്ഞ ബിഗ് ബോസിലെ വിജയി ആരെന്നു ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആരംഭിച്ചത്.
മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിന് വര്‍ണാഭമായ തുടക്കം. വാലന്‍റൈന്‍ ദിനത്തിലാണ് അവതാരകനായ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ഷോ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ബിഗ് ബോസിലെ വിജയി ആരെന്നു ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആരംഭിച്ചത്.
"വില്ലന്‍ ജയിച്ച കളിയായിരുന്നു കഴിഞ്ഞ ബിഗ് ബോസ്. ആ വില്ലനല്ല, ലോകത്തെ മുഴുവന്‍ തോല്‍പ്പിച്ച കൊവിഡ് 19. ലോകത്തെ എല്ലാവരെയും വീട്ടില്‍ അടച്ചിട്ട് കാലം ഒരു ബിഗ് ബോസ് കളിക്കുകയായിരുന്നു. ജീവിതം വച്ചുള്ള ഒന്നൊന്നര കളി. അതില്‍ ഞാനും നിങ്ങളുമെല്ലാം മത്സരാര്‍ഥികള്‍ ആയിരുന്നു. ജീവിച്ചിരിക്കുക എന്നത് മാത്രമായിരുന്നു അതിലെ വിജയം", സീസണ്‍ 3 ബിഗ് ബോസ് ഹൗസിലെ പ്രത്യേകതകളും മത്സരാര്‍ഥികളെയും പരിചയപ്പെടുത്തുകയാണ് മോഹന്‍ലാലിന്‍റെ ആദ്യ കര്‍ത്തവ്യം.
കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്‍റൈനില്‍ കഴിഞ്ഞതിനു ശേഷമാണ് മത്സരാര്‍ഥികള്‍ ഇക്കുറി എത്തുന്നത്. ജനുവരി ആദ്യമാണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഇതായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍- "നിങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തില്‍ നിങ്ങള്‍ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്‍റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടനെത്തുന്നു നമ്മുടെ സ്വന്തം ഏഷ്യാനെറ്റില്‍. ഞാനുമുണ്ടാകും".
ജനപ്രീതിയില്‍ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍. നിരവധി നാടകീയ സംഭവ വികാസങ്ങള്‍ക്ക് പ്രേക്ഷകര്‍ സാക്ഷികളായ സീസണ്‍ 2 ന്‍റെ അവസാന എപ്പിസോഡ് 2020 മാര്‍ച്ച് 20നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ കൊവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാര്‍ഥികളോട് നേരിട്ട് വിശദീകരിക്കുകയായിരുന്നു അവസാന എപ്പിസോഡില്‍.