Bigg Boss S4 Review : കടുകല്ല, അടുക്കളയില്‍ പൊട്ടിത്തെറിച്ചത് മത്സരാര്‍ത്ഥികള്‍, മൂന്നാം ആഴ്ച സംഭവബഹുലം

By Web Team  |  First Published Apr 18, 2022, 6:21 PM IST

ചെറിയ കാര്യങ്ങള്‍ പോലും വലിയ വഴക്കിന് കാരണമാകുന്ന തരത്തിലായി ബിഗ് ബോസ് വീട്ടിനുള്ളിലെ കാര്യങ്ങള്‍. ഒപ്പം നിയമലംഘനങ്ങള്‍ തുടര്‍ക്കഥയാവുകയും ഉപയോഗിക്കുന്ന ഭാഷ പല ഘട്ടത്തിലും അതിര് വിടുന്ന തരത്തിലേക്കും കാര്യങ്ങളെത്തി


അടുക്കള യുദ്ധക്കളമായി മാറിയപ്പോള്‍ ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിലെ മൂന്നാം വാരം വമ്പന്‍ പൊട്ടിത്തെറികളോടെയാണ് അവസാനിച്ചിരിക്കുന്നത്. മൂന്നാം ആഴ്ചയില്‍ അടുക്കളയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ട ശാലിനി പുറത്തായതോടെ പ്രേക്ഷകര്‍ ഈ വിഷയത്തിലെ നിലപാടുകളും വ്യക്തമാക്കുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും വലിയ വഴക്കിന് കാരണമാകുന്ന തരത്തിലായി ബിഗ് ബോസ് വീട്ടിനുള്ളിലെ കാര്യങ്ങള്‍. ഒപ്പം നിയമലംഘനങ്ങള്‍ തുടര്‍ക്കഥയാവുകയും ഉപയോഗിക്കുന്ന ഭാഷ പല ഘട്ടത്തിലും അതിര് വിടുന്ന തരത്തിലേക്കും കാര്യങ്ങളെത്തി. മൂന്നാം ആഴ്ചയിലെ പ്രധാന സംഭവങ്ങളിലേക്ക് ഒന്ന് തിരികെ പോകാം...

അടുക്കള യുദ്ധം

Latest Videos

വീക്കിലി ടാസ്ക്കിനിടയിൽ ആഹാരം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അവസാനിച്ചത് റോബിനും ഡെയ്സിയും തമ്മിലുള്ള വന്‍ പ്രശ്നങ്ങളിലാണ്. അടുക്കളയില്‍ ശാലിനിയും ലക്ഷ്മിപ്രിയയും തമ്മില്‍ തുടങ്ങിവെച്ച സംസാരം കൈവിട്ട് പോയതോടെ ക്യാപ്റ്റനായ ദില്‍ഷയ്ക്കും ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നു. ലക്ഷ്മിപ്രിയ അനാവശ്യമായി അടുക്കളയില്‍ കയറുന്നതാണ് പ്രശ്നമെന്നും ഡെയ്സിയും ആഹാരം ഉണ്ടാക്കുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും നല്‍കണമെന്ന് ദില്‍ഷയും പറഞ്ഞു.

ലക്ഷ്മിപ്രിയക്ക് കിച്ചണ്‍ ടീമില്‍ തന്നെയുള്ള റോബിന്‍ പിന്തുണ നല്‍കി. ഇതോടെ വഴക്ക് റോബിനും ഡെയ്സിയും തമ്മിലുള്ളതായി. നീ എന്താ ഇവിടെ ചെയ്തതെന്ന് റോബിൻ ചോദിച്ചത് ഡെയ്സിയെ ചൊടിപ്പിച്ചു. തിരിച്ച് നീ എന്താ ചെയ്തതെന്ന് ഡെയ്സി റോബിനോടും ചോദിച്ചു. പിന്നീട് തർക്കം രൂക്ഷമാവുകയായിരുന്നു. അവസാനം റോബിന്‍ കിച്ചണ്‍ ടീമില്‍ തുടരാനാവില്ലെന്ന് അറിയിച്ചതോടെ ധന്യ ആ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.

കളറായി വീക്കിലി ടാസ്ക്ക്

മുന്‍ ആഴ്ചയിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു വീക്കിലി ടാസ്ക്കാണ് ബിഗ് ബോസ് കഴിഞ്ഞയാഴ്ച മത്സരാർത്ഥികൾക്ക് നൽകിയത്. മത്സരാർത്ഥികളുടെ കലാമികവ് എത്രത്തോളമാണെന്ന് തെളിയിക്കാൻ വീക്കിലി ടാസ്ക്ക് കൊണ്ട് സാധിച്ചു. രണ്ട് ദിവസങ്ങളിലായിട്ടാണ് വീക്കിലി ടാസ്ക് സംഘടിപ്പിച്ചത്. നാല് ടീമുകളായി തിരിഞ്ഞ മത്സരാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഖിലിന്‍റെ ടീമില്‍ ചേരാനുള്ള ലക്ഷ്മിപ്രിയയുടെ അതിബുദ്ധി ആദ്യം ഡെയ്സി അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. നിമിഷ തിരികെ വീട്ടിലെത്തി ധന്യയെ റോണ്‍സന്‍റെ ടീമില്‍ നിന്ന് മാറ്റിയതും ടാസ്ക്കിനിടെയുള്ള അപ്രതീക്ഷിത നീക്കമായി. അഖില്‍ നേതൃത്വം നല്‍കിയ ടീമിനാണ് ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ചത്.

ക്യാപ്റ്റന്‍സി ടാസ്ക്കും സുചിത്രയുടെ ചോദ്യം ചെയ്യലും

പ്രകടന മികവിന്‍റെ അടിസ്ഥാനത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ധന്യ, റോണ്‍സണ്‍, അപര്‍ണ എന്നിവരാണ് ക്യാപ്റ്റന്‍സി ടാസ്ക്കില്‍ മത്സരിച്ചത്. ഓട്ടയുള്ള മഗ്ഗില്‍ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് വെള്ളം കൊണ്ട് വരികയായിരുന്നു ടാസ്ക്ക്. കൃത്യമായി നിയമങ്ങള്‍ പാലിച്ച് ടാസ്ക്ക് ചെയ്ത റോണ്‍സണ്‍ ആണ്  വിജയിച്ചത്. എന്നാല്‍, ക്യാപ്റ്റൻസി ടാസ്ക്ക് കഴിഞ്ഞതിന് പിന്നാലെ ബ്ലെസ്ലിയും സുചിത്രയും തമ്മിൽ വഴക്ക് തുടങ്ങി.

ബിഗ് ബോസ് പറഞ്ഞതനുസരിച്ചല്ല ബ്ലെസ്ലി ധന്യയ്ക്ക് നേരെ വെള്ളമൊഴിച്ചത് എന്നതായിരുന്നു കാരണം. ബ്ലെസ്ലി കറക്ടായല്ല വെള്ളമൊഴിച്ചതെന്ന് സുചിത്ര പറഞ്ഞപ്പോൾ, താൻ ശരിയായ രീതിയിലാണ് ടാസ്ക് ചെയ്തതെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. അനാവശ്യം വിളിച്ച് പറയരുതെന്നും ബ്ലെസ്ലി പറഞ്ഞു. ഇതാണ് സുചിത്രയെ ചൊടിപ്പിച്ചത്. അനാവശ്യം പ്രവർത്തിക്കാം പറയാൻ പാടില്ലേ എന്ന് പറഞ്ഞായിരുന്നു സുചിത്ര തുടങ്ങിയത്. നേരത്തത്തെ ടാസ്ക്കിൽ നീ സ്ത്രീകളെ അപമാനിച്ചുവെന്നും വലിയ തത്വമൊക്കെ പറയുന്നുണ്ടല്ലോ എന്നും സുചിത്ര പറഞ്ഞു. അക്കാര്യത്തിൽ താൻ മാപ്പ് പറഞ്ഞെന്നായിരുന്നു ബ്ലെസ്ലി നൽകിയ മറുപടി. പിന്നാലെ വലിയ തർക്കമാണ് പിന്നീട് നടന്നത്.

അതിനാടകീയം ജയില്‍ നോമിനേഷന്‍

അതിനാടകീയ സംഭവങ്ങള്‍ക്കാണ് ബിഗ് ബോസ് വീട്ടിലെ മൂന്നാം ആഴ്ചയിലെ ജയില്‍ നോമിനേഷന്‍ സാക്ഷ്യം വഹിച്ചത്. കൃത്യമായ കാര്യങ്ങള്‍ പറയാനില്ലാത്തതിനാല്‍ ആരുടെയും പേര് പറയാനാകില്ലെന്ന് റോബിന്‍ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ബിഗ് ബോസ് അത് അനുവദിക്കാനാകില്ലെന്ന് അറിയിച്ചു. പക്ഷേ, വീണ്ടും റോബിന്‍ തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഗെയിമിന് വേണ്ടി എന്തും ചെയ്യുമെന്ന് പറഞ്ഞിരുന്ന റോബിന്‍റെ പുത്തന്‍ നിലപാടിനോട് കടുത്ത പരിഹാസത്തോടെയുള്ള പ്രതികരണമായിരുന്നു ജാസ്മിന്‍റേത്.

ക്യാപ്റ്റനായ ദില്‍ഷ തീരുമാനം എടുക്കാന്‍ റോബിനോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാല്‍, പറ്റില്ലെന്ന് വീണ്ടും റോബിന്‍ ആവര്‍ത്തിച്ചു. ഡോ. റോബിനെതിരെ വന്‍ പരിഹാസശരങ്ങളാണ് അഖില്‍ ഏയ്തത്. റോബിന്‍റെ എംബിബിഎസ് കള്ളമാണെന്ന് പറയേണ്ടി വരുമെന്നും 'മഹാത്മ ഗാന്ധി'യെന്ന് വിളിക്കേണ്ടി വരുമെന്നുമാണ് അഖില്‍ പറഞ്ഞത്. എല്ലാവരും വീണ്ടും നോമിനേഷനില്‍ ആരുടെയെങ്കിലും പേര് പറയാന്‍ നിര്‍ബന്ധിച്ച് കൊണ്ടേയിരുന്നു. പക്ഷേ, അതിനും വഴങ്ങാതെ റോബിന്‍ ഉറച്ച് നിന്നു. എന്നാല്‍ റോബിന്‍, പേര് പറയാതെ ആര്‍ക്കും പോകാന്‍ പറ്റില്ലെന്ന് ബിഗ് ബോസ് അറിയിച്ചു.

ഇതോടെ റോണ്‍സന്‍, ദില്‍ഷ എന്നിവരുടെ പേര് പറഞ്ഞ റോബിനെ വീണ്ടും ബിഗ് ബോസ് വിലക്കി. കൃത്യമായ കാരണം പറയണമെന്നായിരുന്നു നിര്‍ദേശം. ഇതിന് ശേഷവും വ്യക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ റോണ്‍സന്‍, ദില്‍ഷ, സുചിത്ര എന്നിവരുടെ പേര് പറഞ്ഞു. ഈ കാരണങ്ങള്‍ ശരിയാണോ എന്ന് ക്യാപ്റ്റനായ ദില്‍ഷയോട് ബിഗ് ബോസ് ചോദിച്ചപ്പോള്‍ അല്ലെന്നുള്ള മറുപടിയാണ് പറഞ്ഞത്. ഇതിന് ശേഷം ഡെയ്സി, സുചിത്ര, നവീന്‍ എന്നിവരുടെ പേര് പറഞ്ഞതോടെയാണ് ആ വിഷയത്തിന് ഒരു പരിഹാരമായത്. ഇതിനിടെ റോബിന്‍ ജാസ്മിന്‍റെ അച്ഛന് വിളിച്ച പ്രശ്നം ഇരുവരും തമ്മിലുള്ള വെല്ലുവിളിയിലും വലിയ വാക്കേറ്റത്തിനും കാരണമായി

റോബിന് മുന്നറിയിപ്പുമായി മോഹന്‍ലാല്‍

നിയമങ്ങൾ തെറ്റിക്കുന്ന ചില പ്രവർത്തികളും രീതികളും മൂന്നാം ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങള്‍ പാലിക്കാതിരിക്കല്‍ ബിഗ് ബോസ് ഹൗസില്‍ നടക്കില്ലെന്ന് റോബിനോട് മോഹന്‍ലാല്‍ തുറന്ന് പറഞ്ഞു.  നിയമങ്ങള്‍ പാലിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ ബാഗ് പാക്ക് ചെയ്‍ത് തന്‍റെ അടുത്തേക്ക് വരാമെന്നും പറഞ്ഞു. മോഹന്‍ലാല്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ താന്‍ ഒന്ന് വിശദീകരിക്കട്ടെ എന്നായിരുന്ന റോബിന്‍റെ ആദ്യ പ്രതികരണം. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. താന്‍ ഒരു കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ ഇത്തരത്തില്‍ മറുപടി പറയരുതെന്നും തങ്ങള്‍ എല്ലാം കണ്ടുകൊണ്ടാണ് ഇരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മണിയന്‍ സ്പീക്കിംഗ് ബിഗ് ബോസില്‍

ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ മണികണ്ഠന്‍ മൂന്നാമത്തെ ആഴ്ചയില്‍ വീട്ടിലെത്തിയിട്ടുണ്ട്. കലയേയും കലാകാരൻമാരേയും സ്നേഹിക്കുന്ന, മലയാള ഭാഷയെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന ഒരാൾ എന്നാണ് മണിയന്‍ തോന്നയ്ക്കല്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ സ്വദേശിയായ മണികണ്ഠന്‍ പിള്ള സി ആണ് മണിയന്‍ തോന്നയ്ക്കല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യുട്യൂബര്‍, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മണികണ്ഠന്‍ ഭാഷയിലും സാഹിത്യത്തിലും പുരാണത്തിലും അവഗാഹമുള്ളയാളുമാണ്. ഇംഗ്ലീഷ് വാക്കുകളാല്‍ ആറാടുന്ന പലരെയും മണികണ്ഠന്‍ എങ്ങനെ തിരുത്തുമെന്നാണ് ഇനി കാണാനുള്ളത്.

ശാലിനി പുറത്ത്

ആദ്യം പതുങ്ങി നിന്ന് പിന്നെപ്പിന്നെ കളത്തിലേക്ക് ഇറങ്ങിയെങ്കിലും ശാലിനിക്ക് കഴിഞ്ഞ ആഴ്യിലെ എവിക്ഷനെ അതിജീവിക്കാനായില്ല. 
ഏറെ വിഷമത്തോടെയാണ് ശാലിനി ബിഗ് ബോസില്‍ നിന്ന് താന്‍ പുറത്തായെന്ന വാര്‍ത്ത സ്വീകരിച്ചത്. ഏറെ സ്വപ്നങ്ങളുമായി വന്ന തനിക്ക് കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കിലെന്ന് പിന്നീട് വേദിയിലെത്തിയപ്പോള്‍ മോഹന്‍ലാലിനോട് ശാലിനി പറഞ്ഞു. ഏറെ സങ്കടത്തോടെയാണ് സഹമത്സരാര്‍ഥികള്‍ ശാലിനിയെ യാത്രയാക്കിയത്. എല്ലാവര്‍ക്കുമൊപ്പം ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഒരു ഫോട്ടോയെടുത്തശേഷമാണ് ശാലിനി പുറത്തേക്ക് പോയത്. പോകുമ്പോള്‍ ഹൌസിലെ തന്‍റെ പ്രിയ സുഹൃത്ത് അഖിലിന് ആശംസകള്‍ നേരാനും ശാലിനി മറന്നില്ല. ജയിച്ച് വരണം എന്നാണ് അഖിലിനോട് ശാലിനി പറഞ്ഞത്.

click me!