വീക്കിലി ടാസ്‍കിന് ആവേശകരമായ അന്ത്യം
ബിഗ് ബോസ് മലയാളം സീസൺ 5 ല്‍ ഈ വാരത്തിലെ വീക്കിലി ടാസ്കില്‍ ഒന്നാം സ്ഥാനം നേടിയ ആളെ വരുന്ന ആഴ്ചയിലെ നോമിനേഷനില്‍ നിന്ന് സേഫ് ആക്കി ബിഗ് ബോസ്. ആക്റ്റിവിറ്റി ഏരിയ ഒരു മഹാസമുദ്രമായി മാറിയ ടാസ്കില്‍ കടലില്‍ രത്നം വാരാന്‍ പോകുന്ന വ്യാപാരികളും അധികാരികളും കടല്‍ക്കൊള്ളക്കാരുമൊക്കെ ഉണ്ടായിരുന്നു. ചെയ്യുന്ന ജോലിയെ ആസ്പദമാക്കി മൂന്ന് ടീമുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് വ്യക്തിപരമായ ഗെയിം ആണെന്ന് ബിഗ് ബോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ രത്നങ്ങള്‍ കൈക്കലാക്കുക എന്നതായിരുന്നു ടാസ്ക്.
രണ്ട് ദിവസങ്ങളായി നടന്ന ടാസ്കില്‍ വ്യാപാരികളാണ് വള്ളവുമായി കടലില്‍ പോയിരുന്നത്. രത്നം കിട്ടിയവര്‍ ബസര്‍ ശബ്ദം കേട്ടതിനു ശേഷം പുറത്തുവരുമ്പോള്‍ അവിടെ നില്‍ക്കുന്ന അധികാരികളുമായി ഡീല്‍ ഇറപ്പിക്കുകയാണ് ചെയ്യുക. നിശ്ചിത സമയത്തില്‍ കൊള്ളക്കാര്‍ക്ക് വ്യാപാരികള്‍ക്ക് അടുത്തെത്തി രത്നങ്ങള്‍ അപഹരിക്കാനും അവസരമുണ്ടായിരുന്നു. ഇന്നലെ അധികാരികളായിരുന്നവര്‍ ഇന്ന് കൊള്ളക്കാരും ഇന്നലെ കൊള്ളക്കാര്‍ ആയിരുന്നവര്‍ ഇന്ന് അധികാരികളും ആയിരുന്നു.
undefined
മത്സരാര്‍ഥികള്‍ ഒക്കെത്തന്നെ വീറോടെയും വാശിയോടയും കളിച്ച ടാസ്കില്‍ അന്തിമ വിജയം ശോഭ വിശ്വനാഥിന് ആയിരുന്നു. 68 രത്നങ്ങളാണ് ശോഭ സ്വന്തമാക്കിയത്. മത്സരാര്‍ഥികളെ ഓരോരുത്തരെയായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് എത്ര രത്നങ്ങള്‍ കൈവശമുണ്ടെന്ന് ബിഗ് ബോസ് അന്വേഷിച്ചത്. ഓരോരുത്തരും അവിടെവച്ചാണ് രത്നങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയതും. ഏറെ ആവേശത്തോടെയാണ് ശോഭ മത്സരഫലം പ്രഖ്യാപിച്ചതിനെ സ്വീകരിച്ചത്. ഇതോടെ അടുത്ത വാരത്തിലെ നോമിനേഷനില്‍ നിന്ന് ശോഭ മുക്തയാവുകയും ചെയ്തു. അടുത്ത വാരത്തിലെ ക്യാപ്റ്റന്‍സി മത്സരത്തിലേക്കും ശോഭ തെരഞ്ഞെടുക്കപ്പെട്ടേക്കും. അതും വിജയിക്കുന്നപക്ഷം ഈ സീസണിലെ രണ്ടാമത്തെ വനിതാ ക്യാപ്റ്റന്‍ ആവും ശോഭ. റെനീഷയാണ് ഈ വാരത്തിലെ ക്യാപ്റ്റന്‍.