അഖിലിന്റെ പേരുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. അഖിൽ കോട്ടാത്തല എങ്ങനെയാണ് അഖിൽ മാരാർ ആയതെന്നായിരുന്നു ചർച്ചകൾ.
മൂന്ന് മാസം നീണ്ടുനിന്ന കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വിജയിയെ കണ്ടെത്തി ഒരാഴ്ച പിന്നിടുകയാണ്. ചലച്ചിത്ര സംവിധായകൻ അഖിൽ മാരാർ ആണ് ആ നേട്ടം സ്വന്തമാക്കിയത്. ഷോ തുടങ്ങിയത് മുതൽ മികച്ച ബിഗ് ബോസ് മെറ്റീരിയൽ എന്ന് ഏവരും വിധിയെഴുതിയ അഖിൽ കപ്പെടുത്തപ്പോൾ, പ്രേക്ഷകർ ഇരുകയ്യും നീട്ടി ആ വിജയം ആഘോഷിച്ചു. ഈ അവസരത്തിൽ അഖിലിന്റെ പേരുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. അഖിൽ കോട്ടാത്തല എങ്ങനെയാണ് അഖിൽ മാരാർ ആയതെന്നായിരുന്നു ചർച്ചകൾ. ജാതിവാലാണെന്നാണ് പലരും പറഞ്ഞത്. ഇപ്പോഴിതാ ഈ സംശയത്തിന് മറുപടി പറയുകയാണ് അഖിൽ.
അഖിൽ മാരാരുടെ വാക്കുകൾ
എന്റെ പേര് അഖിൽ കോട്ടാത്തല എന്ന് തന്നെയാണ് ഇട്ടിരുന്നത്. സിനിമ എടുക്കാൻ വന്ന സമയത്ത് എന്റെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ ചിലർ കൂട്ടാത്തല, മറ്റ് ചിലർ കൊട്ടത്തല എന്ന് വായിക്കും. ആ സമയത്തൊക്കെ ഓൺലൈൻ മാധ്യമങ്ങളിൽ എന്റെ കുറിപ്പുകൾ അച്ചടിച്ച് വരാറുണ്ട്. അപ്പോഴും പേര് പലപ്പോഴും തെറ്റാറുണ്ട്. ജോജു ചേട്ടനൊക്കെ, ഇതെന്തുവാടാ ഷാപ്പിൽ നിൽക്കുന്ന കണക്കൊരു പേര്. കൂട്ടാത്തലയോ എന്ന് ചോദിച്ചു. പുള്ളിക്കും സംശയം. ആ വേളയിൽ എന്റെ കൂടെയുള്ള അസിസ്റ്റന്റ് പിള്ളാരൊക്കെ പറഞ്ഞു ചേട്ടാ ഈ പേരൊന്ന് മാറ്റി പിടിച്ചാലോന്ന്. എന്നാലൊന്ന് മാറ്റി പിടിക്കാമെന്ന് ഞാനും വിചാരിച്ചു. അഞ്ച് പേരുകളാണ് പ്ലാൻ ചെയ്തത്. അഖിൽ രാജേന്ദ്രൻ, അഖിൽ ഭാസ്കർ, പിന്നെ ജന്മം കൊണ്ട് മാരാർ ആണ്. മാരാർ എന്ന പേരിന് മലയാള സിനിമയിൽ ഒരു പ്രൗഢി കിടപ്പുണ്ടല്ലോ. നന്ദഗോപാൽ മാരാരിൽ തുടങ്ങിയൊരു പ്രൗഢി. അങ്ങനെ ന്യൂമറോളജി നോക്കി ഏതാണ് ബെസ്റ്റ് പേരെന്ന് നോക്കി. പ്രൊഡ്യൂസർ പറഞ്ഞു നീ അഖിൽ മാരാരെന്ന് ഇട്ടോടാന്ന്. ജോജു ചേട്ടനും അത് തന്നെ പറഞ്ഞു. ന്യൂമറോളജി കൊടുത്തപ്പോഴും അതും പക്ക. അങ്ങനെയാണ് യഥാർത്ഥത്തിൽ ഈ പേര് ഞാൻ ഉറപ്പിക്കുന്നത്. അല്ലാണ്ട് ജാതിവാലൊന്നും അല്ല. മക്കൾക്ക് പ്രകൃതി മാരാർ, പ്രാർത്ഥന മാരാർ എന്നല്ല പേര്. പ്രകൃതി, പ്രാർത്ഥന എന്നേ ഉള്ളൂ. എനിക്കൊരു മകൻ ജനിച്ചിരുന്നെങ്കിൽ മനുഷ്യൻ എന്ന് പേരിട്ടേനെ. എന്റെ പേര് ജാതി ആയിട്ടൊന്നും കാണണ്ട. പേരായി കണ്ടാൽ മതി. ജാതിയിലേക്ക് കണക്ട് ചെയ്യുമ്പോഴല്ലേ പ്രശ്നം വരുന്നത്. മനുഷ്യന്റെ സ്വഭാവം ആണ് ജാതി. എന്റെ സ്വഭാവം എന്താണോ അതാണ് എന്റെ ജാതി. മൂവി വേള്‍ഡ് മീഡിയയോട് ആയിരുന്നു അഖിലിന്‍റെ പ്രതികരണം.
undefined
'മൊയ്തീൻ ഭായ്' സ്ക്രീനില്‍ പൊടിപൊടിക്കും; 'ലാല്‍ സലാം' പൂർത്തിയാക്കി രജനികാന്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..