ബ്രിട്ടൻ്റെ വരവോടെ കലയുടെ സുവർണ്ണകാലമസ്തമിച്ച തഞ്ചാവൂരിൽ നിന്നും കലാകാരൻമാർ കൂട്ടത്തോടെ കുടിയേറിയതിന് ശേഷമാണ് സഭകളും മാർഗഴിയുടെ സംഗീതമേളവും ചെന്നെക്ക് സ്വന്തമാവുന്നത്. ആ ഉത്സവമേളത്തിൽ മധുര വിട്ട സുബ്ബുലക്ഷ്മിയും അണി ചേർന്നു.
മധുരൈ ഷൺമുഖവടിവ് സുബ്ബുലക്ഷ്മി അഥവാ എം. എസ്. സുബ്ബുലക്ഷ്മി, ജീവിച്ചിരുന്നെങ്കിൽ ഇന്നവർക്ക് പ്രായം നൂറ്റിയെട്ട്. ആ വേർപാടിന് ഇരുപത് വർഷങ്ങളും. നാദം വെടിഞ്ഞ് ദേഹം യാത്രയായെങ്കിലും വിദേഹിയായ ആ സാന്നിധ്യത്തിന് മരണമില്ല. എം. എസ്സ് എന്നാൽ ഒരു പാട്ടുകാരിയുടെ പേര് മാത്രമല്ല. പ്രതിഭയും ഭക്തിയും സംഗീതവും ജാതിയും ലയിക്കുന്ന ഒരു ദക്ഷിണേന്ത്യൻ സാംസ്കാരികധാരക്ക് ഇരുപതാം നൂറ്റാണ്ടിൽ കിട്ടിയ പര്യായപദമായിരുന്നു. ഭക്തിയും ക്ലാസ്സിക്കൽ സംഗീതവും ഭർത്താവ് ത്യാഗരാജ സദാശവത്തിൻ്റെ ഒത്താശയോടെ എം. എസ്സിലേക്ക് പിന്നീട് പകർന്നാടിയ ദിവ്യഭാവങ്ങളുമൊന്നിക്കുമ്പോൾ ഏത് പാതിരാവും ദക്ഷിണേന്ത്യക്ക് പുലർകാലമായി.
വെറും പുലർകാലമല്ല, സംസ്കൃതത്തിൻ്റെ വടിവിൽ ഭക്തിയിൽ ചാലിച്ച എം. എസ്സിൻ്റെ നാദം ബ്രാഹ്മണികമായൊരു പ്രഖ്യാപനമായി. സുബ്ബുലക്ഷ്മിയെന്ന് കേട്ടാൽ മധുരയിലെ ദേവദാസിത്തെരുവിന് പകരം ആസ്വാദകൻ മൈലാപ്പൂരിലെ ബ്രാഹ്മണത്തെരുവുകളിലെ കളമെഴുതിയ പൂമുഖങ്ങളെ ഓർത്തു. സുബ്ബുലക്ഷ്മി ബ്രാഹ്മിണിക്കൽ വരേണ്യതയുടെ പ്രതീകമായി. മീരയും ശകുന്തളയുമായി. എന്നുകരുതി പാടിയതന്നും വെറുതെയായില്ല. തമിഴകത്തിന്റെ ബ്രഹ്മണ്യത്തിന്റെ നിലനിൽപ്പിന് ആ സംഗീതം കണക്കിനുപകരിച്ചുവെങ്കിലും.
താനൊരു തേവടിയാളാണെന്ന് പരസ്യമായി തിരുവൈയ്യാറിലെ ത്യാഗരാജമണ്ഡപത്തിൽ വിളിച്ചുപറഞ്ഞ് സ്വന്തം പൈതൃകത്തെ വീണ്ടെടുക്കാൻ ശ്രമിച്ച ബാംഗ്ലൂർ നാഗരത്നമ്മയെപ്പോലുള്ളവർ ബാക്കിനിൽക്കുമ്പോൾ സുബ്ബലക്ഷ്മി വിൽപ്പനച്ചരക്കായി മാറിയെന്നാണ് വിമർശനത്തിലെ മർമ്മം. തെന്നിന്ത്യൻ കലയിലെ ഐതിഹാസികമായ ദേവദാസി സാന്നിദ്ധ്യത്തിന് അപ്പോഴും കുറവൊന്നുമില്ല. കോയമ്പത്തൂർ തായി, സേലം ഗോദാവരി, എം. എൽ. വസന്തകുമാരിയുടെ അമ്മ മദ്രാസ് ലളിതാംഗി, തഞ്ചാവൂർ ബാലസരസ്വതി, ബാംഗ്ലൂർ നാഗരത്നമ്മാൾ, വീണ ധനമ്മാൾ, ബ്രിന്ദ, കേസരീ ബായ് കേൽക്കർ, ഹീരാബായ് ബരോദേക്കർ എന്ന കണക്കിൽ പാട്ടിലും നൃത്തത്തിലും വാദ്യത്തിലും പരമോന്നതങ്ങളെ തേടിയ ദീർഘമായൊരു നിര ദേവദാസിത്താവഴിയിൽ നിന്നെത്തി. ചിലർ പൈതൃകത്തെ വലിച്ചെറിഞ്ഞു, മറ്റുചിലർ ഉറക്കെ പ്രഖ്യാപിച്ചു.
undefined
ചിത്രത്തിന് കടപ്പാട്: Tribute to M.S.Subbulakshmi/ Facebook
ജീവചരിത്രമെഴുതിയ ടി. ജെ. എസ് ജോർജ്ജ് കുറിച്ചത് സുബ്ബുലക്ഷ്മി രണ്ടമ്മമാർക്ക് പിറന്ന പെൺകുട്ടിയാണെന്നാണ്. സംഗീതജ്ഞയായ ഷൺമുഖവടിവിനും പിന്നെ തായ്ത്തമിഴ് സമൃദ്ധിയുടെ മധുരൈത്താവഴിക്കും. മധുരയുടെ ചരിത്രവും ഷൺമുഖവടിവിൻ്റെ സംഗീതവുമൊരുമിച്ചാൽ എം എസ്സായി. ആറ് നൂറ്റാണ്ടിൻ്റെ സംഗീതപാരമ്പര്യമുള്ള, മധുരമീനാക്ഷിയുടെ തെക്കേത്തെരുവിലെ പഴയ ദേവദാസി പെൺകുട്ടി പാട്ടിൻ്റെ മറുകര തേടിയൊരു നാദവിപ്ലവം മാത്രമായിരുന്നില്ല. ദേവദാസിയുടെ കെട്ടുപാടുകളെ വലിച്ചെറിഞ്ഞ് പാട്ടിൻ്റെ പുതിയ ആകാശങ്ങളിലേക്ക് പറന്നുപോയ സാമൂഹ്യവിപ്ലവം കൂടിയായിരുന്നു. രണ്ട് വിപ്ലവത്തിൻ്റെയും ക്ലൈമാക്സ് പക്ഷെ കറുപ്പിനും വെളുപ്പിനും ഇടയിലെവിടെയോ ആയി. ശാസ്ത്രീയ സംഗീതത്തിൻ്റെ കൊടുമുടി കയറാൻ വരം സിദ്ധിച്ചൊരു നാദം പുലർകാല ഭജനയുടെ പാരവശ്യങ്ങളിൽ പെട്ടുപോയെന്ന വിമർശനം ടി. എം. കൃഷ്ണ മുതൽ ശരിക്കുള്ള പാട്ടുകാരിയെ സ്നേഹിച്ചവർ വരെ പലരും പറഞ്ഞു.
ബ്രിട്ടൻ്റെ വരവോടെ കലയുടെ സുവർണ്ണകാലമസ്തമിച്ച തഞ്ചാവൂരിൽ നിന്നും കലാകാരൻമാർ കൂട്ടത്തോടെ കുടിയേറിയതിന് ശേഷമാണ് സഭകളും മാർഗഴിയുടെ സംഗീതമേളവും ചെന്നെക്ക് സ്വന്തമാവുന്നത്. ആ ഉത്സവമേളത്തിൽ മധുര വിട്ട സുബ്ബുലക്ഷ്മിയും അണി ചേർന്നു. രാജാഗോപാലാചാരിയും കൽക്കി കൃഷ്ണമൂർത്തിയും അതിൻ്റെ മാർക്കറ്റിംഗ് ചുമതല നോക്കിയ ടി. സദാശിവവും ഇരുപതാം നൂറ്റാണ്ടിലെ സ്വാതന്ത്യസമരമുന്നേറ്റങ്ങളും ഒരുമിച്ചപ്പോൾ മധുര വിട്ടോടിപ്പോയ പെൺകുട്ടിക്ക് മുന്നിൽ പുതിയ വഴി തുറന്നു.
സുബ്ബുലക്ഷ്മിയുടെ കച്ചവടമൂല്ല്യം സുബ്ബുലക്ഷ്മിയേക്കാളറിഞ്ഞത് പിന്നീട് ഭർത്താവ് മാറിയ ഭർത്താവ് സദാശിവം തന്നെയായിരുന്നു. എം. എസ് സംഗീതത്തെ സൃഷ്ടിച്ചെങ്കിൽ സദാശിവം എം. എസ്സിനെ സൃഷ്ടിച്ചുവെന്ന് ജീവചരിത്രകാരനെഴുതി. ആ സ്വാധീനം 1936ൽ സുബ്ബുലക്ഷ്മിയുടെ വെറും ഇരുപതാം വയസ്സിലാരംഭിച്ചു. അങ്ങനെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൻ്റെ ഭാഗം കൂടിയായി സുബ്ബുലക്ഷ്മി മാറി. അതൊരു ദേശീയനാദമായി വളർന്നു. ക്യൂൻ ഓഫ് മ്യൂസിക്കെന്ന് സുബ്ബുലക്ഷ്മിയെ വാഴ്ത്തിയ നെഹ്രുവും ഗാന്ധിയും ആരാധിച്ച നാദം.
പതിനാറാം നൂറ്റാണ്ടിലാണ് പുരന്ദരദാസൻ ദക്ഷിണേന്ത്യൻ സംഗീതത്തിൻ്റെ വ്യാകരണത്തിലാരംഭിച്ച കൊത്തുവേല പൊലിച്ചത്. മായാമളവ ഗൗള അടിസ്ഥാനരാഗമാക്കിയത്. മേളത്തിനും രാഗത്തിനും സമ്പൂർണ്ണമായ സമ്പ്രദായമുണ്ടാക്കിയത്. എഴുപത്തിരണ്ട് മേളകർത്താരാഗങ്ങളുണ്ടായത്. രണ്ട് നൂറ്റാണ്ടിന് ശേഷം മധുരക്കടുത്ത് തിരുവാരൂരെന്ന ഒരൊറ്റഗ്രാമത്തിൽ മുളച്ച പാട്ടിൻ്റെ ത്രിമൂർത്തികളിലാണ് പിന്നെ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ സുവർണകാലം. ത്യാഗരാജനും, ദീക്ഷിതരും ശ്യാമശാസ്ത്രിയും ദക്ഷിണേന്ത്യൻസംഗീതത്തിൻ്റെ ഉത്സവകാലത്തേക്ക് നയിച്ചു.
പക്ഷെ, പാട്ടിൻ്റെ പുതിയ തലമുറ പിറന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. വാഗ്വേയകാരികളിൽ സുബ്ബുലക്ഷ്മിയും പട്ടമ്മാളും എം. എൽ. വസന്തകുമാരിയും പ്രതിഭയും പ്രയത്നവും കൊണ്ട് ദക്ഷിണേന്ത്യൻ സംഗീതത്തിൻ്റെ പുതിയ ത്രിമൂർത്തികളായി. അവരിൽ സുബ്ബുലക്ഷ്മി രൂപം കൊണ്ടും ശബ്ദം കൊണ്ടും ഒരു ദിവ്യപരിവേഷമാർജ്ജിച്ചെടുത്തു. ചരിത്രപശ്ചാത്തലവും ശീലങ്ങളും ദൗർബ്ബല്ല്യങ്ങളും കൊണ്ട് ഒരു ദേശത്തിൻ്റെ സാംസ്കാരികഭാവനയിൽ സംഭവിച്ച ഈ മാനസാന്തരത്തിൽ സുബ്ബലക്ഷ്മിയെന്ത് പിഴച്ചുവെന്ന് നിഷ്കളങ്കമായ ചോദ്യങ്ങളുമുയർന്നു.
ഹനുമന്തരായർക്കോവിൽ പടിഞ്ഞാറെ തെരുവിലെ സുബ്ബലക്ഷ്മിയുടെ തറവാട്ടുവീട്. 6 വർഷം മുമ്പ് പകർത്തിയ ചിത്രം
അതേ നിഷ്കളങ്കത തേടി സുബ്ബുലക്ഷ്മി പിറന്ന മധുരയിലെ വീട്ടിലേക്കൊരു യാത്രപോയിരുന്നു, മരണശേഷം. ഇരുപതാംവയസ്സിൽ എം. എസ്. പുറപ്പെട്ടിറങ്ങിയ വീട് മധുരയിലെ ഹനുമന്തരായർ കോവിൽ പടിഞ്ഞാറെത്തേരുവിൽ ഇപ്പൊഴും മാറ്റങ്ങളോടെ ബാക്കിയുണ്ട്. താവഴിയിലെ ചില ബന്ധുക്കളിന്നുമുണ്ട്. ഈ വീടിന്റെ ജനാലക്കൽ നിന്നുമാവും അയലത്തെ വീട്ടിലെ ഗ്രാമഫോണിൽ നിന്നും ആദ്യഗാനങ്ങളഭ്യസിച്ചത്. ഒൻപതാം വയസ്സിൽ സേതുപതി ഹൈസ്കൂളിലെ ആദ്യപ്രകടനത്തിന് യാത്രയായത്. കലാജീവിതം ദേവദാസിയുടെ പരിമിതികളിൽ തളച്ചിടപ്പെടാൻ സ്വയം മധുരക്ക് വിട്ടുനൽകാനാവാതെ പടിയിറങ്ങിയത്.
ഹനുമന്തരായർക്കോവിൽ പടിഞ്ഞാറെ തെരുവിലെ സുബ്ബലക്ഷ്മിയുടെ തറവാട്ടുവീട്. 6 വർഷം മുമ്പ് പകർത്തിയ ദൃശ്യം
പ്രസിദ്ധീകരിക്കപ്പെട്ട ബയോഡേറ്റയിൽ എം. എസിന്റെ പിതാവ് മധുരയിലെ വക്കീലായിരുന്ന സുബ്രഹ്മണ്യം അയ്യരാണ്. പാട്ടിനോടിഷ്ടമുള്ള മധുരൈ പഴമക്കാർ പക്ഷെ മധുരൈ പുഷ്പവനം സ്വാമികളെന്ന ഭാഗവതരുടെ പേര് പറയും. ആ അനിശ്ചിതത്വത്തിന്റെ ഈ തുറന്ന ലോകത്തെയും മധുരയേയും ഷൺമുഖവടിവിനേയും വിട്ട് സുബ്ബുലക്ഷ്മി മദിരാശിക്ക് വിട്ടത്. ശിഷ്ടം കഥയിലാണ് എം. എസ്. സുബ്ബുലക്ഷ്മി ദിവ്യപ്രഭ ചൊരിയാൻ തുടങ്ങുന്നത്. ജി. എൻ. ബാലസുബ്രഹ്മണ്യത്തോടുള്ള പ്രണയവും ത്യാഗരാജ സദാശിവത്തോടുള്ള വിധേയത്വത്തിനുമിടയിൽ ദക്ഷിണേന്ത്യൻ സംഗീതം ഒരു പുതിയ വഴി വെട്ടിത്തെളിക്കുന്നത്. പാട്ടിന്റെ ചരിത്രത്തോളം നീണ്ടുചെല്ലാനിടയുള്ളൊരു സുബ്ബുലക്ഷ്മിയെന്ന ആ വഴി ഹനുമന്തരായർക്കോവിൽ തെരുവിലെ ഈ വീട്ടിൽ നിന്നുമാരംഭിക്കുന്നു.
ഇനിയും മരിക്കാത്ത 'പത്രവിശേഷം'; മനുഷ്യപ്പറ്റിന്റെ ആള്‍രൂപം, പ്രകാശം പരത്തി ബിആര്‍പിയുടെ ജീവിതം!