പുതിയ ഇന്ത്യയുടെ സോഷ്യലിസ്റ്റ് ഫിലിം മേക്കറായി ലോകം രാജ് കപൂറിനെ വാഴിച്ചു. ജനപ്രിയചേരുവകളെ മുഴുവൻ ആവാഹിച്ച ആ സിനിമകൾ പ്രേക്ഷകൻ പിന്നെയും പിന്നെയും കണ്ടു. ആ പാട്ടുകൾ രണ്ട് ഭൂഘണ്ഡങ്ങളുടെ നാടോടിപ്പാട്ടായി. ചലനത്തിലും ഭാവങ്ങളിലും നിറഞ്ഞുനിന്ന, അമ്മ രാംസരണിദേവി കപൂറിൽനിന്നും വാർന്നുകിട്ടിയ ആ നാടോടിത്തം ചലച്ചിത്രസംഗീതത്തിന്റെ ഈണങ്ങളിക്കും പകർന്നാടി.
ഒരു രാഷ്ട്രത്തെയല്ല, പല ഭൂഖണ്ഡങ്ങളിലെ പല ദേശങ്ങളെ തളച്ചിട്ട രണ്ട് നീലക്കണ്ണുകൾ. തന്നിൽക്കുടിയിരുന്ന കാൽപ്പനികതയെ നേരിലും ദുഖങ്ങളിലും പ്രേമത്തിലും ചാലിച്ച് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യൻ ജീവിതത്തെ ഒരു നാടോടിപ്പാട്ടുപോലെ സരളമായി പകർത്തിവച്ച കുറേ സിനിമകൾ. കാലം കടന്നാലും മാഞ്ഞുപോകാത്ത ചില ഈണങ്ങൾ, ഈരടികൾ, ഭാവങ്ങൾ.
പെഷവാറിൽ നിന്നും ബോംബെയിലേക്ക് കുടിയേറി സ്വതന്ത്രഇന്ത്യയുടെ നെഹ്റൂവിയൻ പശ്ചാത്തലത്തെ സ്വാംശീകരിച്ച രണ്ട് താരങ്ങൾ, ദിലീപ് കുമാറും രാജ് കപൂറും. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നിരാശയുടെ പ്രതിരൂപമായി ദിലീപ് കുമാർ മാറിയപ്പോൾ നേരിലും നർമ്മത്തിലും ദുഖത്തിലും ചാലിച്ച ജീവിതത്തിന്റെ പ്രതീക്ഷയായി രാജ്കുമാറും മാറി. ജീവിച്ചിരുന്നുവെങ്കിൽ ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ഷോമാൻ രാജ് കപൂറിന് ഇന്നൊരു നൂറ്റാണ്ടിന്റെ പ്രായമായേനെ.
സംവിധായകൻ, നടൻ, നിർമ്മാതാവ്, എഡിറ്റർ, സംഗീതജ്ഞൻ, പലഭാവങ്ങളുടെ ഒരു മനുഷ്യൻ, സ്ത്രീകളെയും നഗ്നതയേയും സ്നേഹിച്ച വിരൽത്തുമ്പ് വരെ കാൽപ്പനികൻ. ഇന്ത്യൻ സിനിമയുടെ പിതാമഹൻമാരിലൊരാളായ പ്രിഥ്വിരാജ് കപൂറിന്റെ മകൻ സിനിമ പഠിച്ചത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നല്ല, നാടകക്കളരികളിലും സ്റ്റുഡിയോകളിൽ നിന്നുമാണ്.
undefined
1927 -ൽ നിശ്ശബ്ദസിനിമയുടെ കാലത്താണ് ബോളീവുഡ്ഡ് വാണ കപൂർക്കുടുംബത്തിന്റെ ബോംബെയിലേക്കുള്ള കുടിയേറ്റം. ഗ്രാന്റ് ആൻഡേഴ്സൺ തിയറ്ററിലെ നടനാകുന്നു, പ്രിഥിരാജ് കപൂർ. ആദേഷിർ ഇറാനിയുടെ ആദ്യ ശബ്ദചിത്രം 'ആലംആര' ഒരുങ്ങുന്ന കാലം, അദ്ദേഹം അതിൽ വേഷമിട്ടു. അഞ്ചാം വയസ്സ് മുതൽ മകൻ രാജ്കപൂറും നാടകത്തിൽ നടിച്ചുതുടങ്ങി. 'കളിവണ്ടി'യെന്ന ആ നാടകത്തിൽ രാജ് കപൂർ ആദ്യപുരസ്കാരം സ്വന്തമാക്കി.
കണക്കും ലാറ്റിനും കയ്യൊഴിഞ്ഞപ്പോൾ മെട്രിക്കുലേഷൻ മാന്യമായങ്ങ് തോറ്റ നീലക്കണ്ണുള്ള സുന്ദരൻ പിന്നെ പിതാവിന്റെ സ്റ്റുഡിയോയിൽ സകലപണിയുമെടുത്തു, ട്രോളി ഉന്തൽ തുടങ്ങി ഏഴാമത്ത സംവിധാനസഹായി വരെ. താരപരിവേഷം അദ്ധ്വാനമില്ലാതെ സംഭവിക്കുന്നില്ലെന്ന് തലമുറകളെ ഓർമ്മപ്പെടുത്തിയ പിതാമഹരുടെ കാലം. പ്രിഥ്വിരാജ് കപൂറും ആ സ്കൂളിലുൾപ്പെട്ടു. ബാല്ല്യം തൊട്ട് താഴെത്തട്ടിൽ നിന്നും സിനിമ പഠിച്ച മികവിലാണ് രാജ് കപൂർ ചിത്രങ്ങൾ ഏഷ്യൻരാജ്യങ്ങളെയും കിഴക്കൻ യൂറോപ്പിനേയും ഇളക്കിമറിച്ചത്. സ്റ്റാലിനും മാവോയും തൊട്ട് എൽസിൻ വരെ ആവാരാ ഹൂം പാടി നടന്നത്.
ഹാമാരി ബാത്ത്, ഇൻക്വിലാബ്, ഗൗരി, ജയിൽ, നീൽകമൽ തുടങ്ങിയ സിനിമകളിലെ ചെറുവേഷങ്ങൾക്ക് ശേഷം 1948 -ൽ വെറും ഇരുപത്തിമൂന്നാം വയസ്സിൽ ആ. കെ. ഫിലിംസെന്ന സ്വന്തം ബാനറിൽ രാജ് കപൂറിന്റെ സംവിധാനത്തിൽ ആദ്യചിത്രം പുറത്തിറങ്ങി, ആഗ്. ഇന്ത്യൻ മനസ്സിനെ തീപിടിപ്പിച്ചൊരു നാല് പതിറ്റാണ്ട് സിനിമാക്കാലത്തിന്റെ തുടക്കമായിരുന്നു അത്. നർഗ്ഗീസ്- രാജ് കപൂർ കോംബിനേഷൻ അവിടുന്നാരംഭിക്കുന്നു. തീ കെട്ടടങ്ങുന്നതിന് മുമ്പേ തൊട്ടടുത്ത വർഷം മഴ തുടങ്ങി, ബർസാത്ത്.... രാജ് കപൂർ നർഗ്ഗീസ് കോംമ്പിനേഷൻ പിന്നെയും പൂത്തു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകവും കാലവും പ്രതീക്ഷയുടേതും പ്രയത്നത്തിന്റേതുമാണ്. ഒരു കരയിൽ കോളനി വിമുക്ത രാജ്യങ്ങളുടെ വീണ്ടെടുപ്പിന്റെ കാലം. യൂറോ-അമേരിക്കൻ കാപ്പിറ്റലിസ്റ്റ് ചേരി, കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ, ഇന്ത്യ മുന്നോട്ടുവച്ച നെഹ്റൂവിയൻ സോഷ്യലിസം. പുതിയ ലോകം പടുത്തുയർത്താൻ മനുഷ്യരാശി ഒരുമ്പെട്ട കാലം. ആ പ്രതീക്ഷയേയും പ്രയത്നത്തേയും നിരാശകളെയും മാറ്റിവക്കാൻ സിനിമക്കും ആകുമായിരുന്നില്ല. അങ്ങനെ രാജ് കപൂറിനൊപ്പം തിരക്കഥാകൃത്ത് ഖ്വാജ അഹമ്മദ് അബ്ബാസും ഗാനരചയിതാവ് ശൈലേന്ദ്രയും സംഗീത സംവിധായകൻ ശങ്കർ ജയകിഷനും ഗായകൻ മുകേഷും ഒരുമിച്ചപ്പോൾ ചിന്തയും പ്രതീക്ഷയും ജീവിതവുമുള്ള ചില ചലച്ചിത്രമുഹൂർത്തങ്ങളുണ്ടായി.
നാൽപ്പതുകളിലെ ഇന്ത്യൻ ബൗദ്ധികലോകത്തിന് സോവിയറ്റ് സോഷ്യലിസത്തിന്റെ സ്വാധീനവും നിലനിന്നു. ഇന്ത്യൻ പീപ്പിൾസ് തിയറ്ററിലേക്കടുത്ത ബൽരാജ് സാഹ്നി, കൈഫി ആസ്മി, സർദാർ ജഫ്രി കെ. എ. അബ്ബാസ് എന്നിവരെല്ലാം ആ സ്വാധീനത്തിൽപ്പെട്ടു. മാക്സിം ഗോർക്കിയുടെ കഥയെ ആധാരമാക്കി ചേതൻ ആനന്ദ് സംസവിധാനം ചെയ്ത നീച്ചാനഗറിന് അബ്ബാസിന്റെ തിരക്കഥയാണ്. ഈ പശ്ചാത്തലം രാജ്കപൂർ ചിത്രങ്ങളെയും സ്വാധീനിച്ചു.
മനുഷ്യൻ അപ്പം കൊണ്ട് മാത്രം ജീവിക്കുന്നില്ലെന്ന് കർത്താവ് പറഞ്ഞത് വെറുതെയല്ല. മനുഷ്യന്റെ നിലനിൽപ്പിന് വിനോദവും ചിന്തയും തിരിച്ചറിവുകളും വേണെമെന്ന് രാജ് കപൂർ തിരിച്ചറിഞ്ഞു. ആ സോഷ്യലിസ്റ്റ് പ്രഖ്യാപനമായിരുന്നു ആവാര. പല രാഷ്ട്രങ്ങളുടെ മനസ്സിനെ ഉഴുതുമറിച്ച ഇന്ത്യയിലെ ആദ്യത്തെ ക്രോസ്സോവർ ചലച്ചിത്രകാരന്റെ പിറവി കൂടിയായിരുന്നു. ആവാര റഷ്യൻ കാൻ മേളയിൽ പാംഡിയോർ സ്വന്തമാക്കി. സ്വാതന്ത്ര്യം പുതിയ നാഗരികതയുടെ വളർച്ച, ഗ്രാമനഗരഭേദങ്ങൾ, ഉള്ളവന്റെയും ഇല്ലാത്തവന്റെയും ധർമ്മസങ്കടങ്ങൾ, ഒഴിവാക്കാനാവാത്ത പ്രണയങ്ങളും കണ്ണീർപ്പാടുകളുമൊക്കെയായി എന്നുമാവേശിച്ച ചാപ്ലിനിസ്റ്റിക് ലഘുത്വത്തിൽ രാജ് കപൂർ കാൽപ്പനികമായി ജീവിതം പറഞ്ഞു. ജനത അതേറ്റെടുത്തു.
തൊട്ടടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ ബൂട്ട് പോളീഷും ശ്രീ 420യും ചോരി ചോരിയും ജഗ്തേ രഹോയും വന്നു. ആവാരയിലെ അന്യൻ രാജു, വ്യതിയാനങ്ങളോടെ ശ്രീ 420യിൽ വീണ്ടും അവതരിക്കുമ്പോൾ നിഷ്കാസിതനായ ഗ്രാമീണന് പകരം നഗരജീവിതത്തിന്റെ പ്രതിരൂപമായി മാറിക്കഴിഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സംഭവിച്ച ഏറ്റവും വലിയ ക്രയവിക്രയം ഗ്രാമനഗരങ്ങൾ തമ്മിലായിരുന്നു. ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കും അവിടുന്ന് തിരികെ ഗ്രാമത്തിലേക്കുമുള്ള നിരന്തരമായ യാത്രകളാണ് പുതിയ ഇന്ത്യയെ ചിട്ടപ്പെടുത്തിയത്. അതിൽ നഗരം വില്ലനും ഗ്രാമം നിഷ്കളങ്ക ജീവിതത്തിന്റെ പ്രതിരൂപവുമായിരുന്നു മിക്കപ്പോഴും. ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ ഗ്രാമീണ സാന്നിധ്യം ഗാന്ധിയും ചലച്ചിത്ര സാന്നിധ്യം സത്യജിത് റായിയും ചേർന്ന് പകുത്തെടുത്തു. പക്ഷെ അതിനും മുന്നേ നിച്ചാ നഗർ തൊട്ട് ആവാര വരെ നിരവധി ചലച്ചിത്രങ്ങൾ ഗ്രാമ-നഗരഭേദങ്ങളുടെ കഥ പറഞ്ഞു.
കീറിപ്പറിഞ്ഞ ഉടുപ്പുകളും ഒരു ഹിന്ദുസ്ഥാനി ഹൃദയവുമായി ബോംബെയിലേക്ക് പ്രവേശിക്കുന്ന, നഗരത്തിന്റെ ഹൃദയരാഹിത്യം പടിവാതിൽക്കലേ തിരിച്ചറിഞ്ഞ, ചാപ്ലിനിസ്റ്റിക് ചലനങ്ങളുമായി നഗരം തേടുന്ന ശ്രീ420യിലെ നായകനെ പിന്നൊരിക്കലും ഈ രാജ്യം മറന്നില്ല. നഗരത്തിൽ തഴക്കാൻ നിഷ്കളങ്കതയെ മാറ്റിവക്കേണ്ടിവരുമെന്ന പ്രാഥമികമായ ഗാന്ധിയൻ ബോധ്യം അൻപതുകളിലെ കപൂർച്ചിത്രങ്ങൾ ഊട്ടിയുറപ്പിച്ചു.
ജഗ്തേ രഹോയിലെത്തുമ്പോൾ രാജ് കപൂർ വിശാലമായൊരു കറുത്ത ലോകത്തിലെ നന്മയുള്ള നായകനായി. നന്മയുള്ള ദരിദ്ര-ഗ്രാമീണ നായകൻ തിന്മ നിറഞ്ഞ നഗര സമൃദ്ധിയെ കാണുന്ന കാഴ്ച്ചയാണത്. പക്ഷെ നഗരത്തിന്റെ മറുനോട്ടത്തിൽ നായകൻ വെറുമൊരു കള്ളൻ മാത്രം. പിന്നീട് മാറ്റം സംഭവിച്ചുവെങ്കിലും അൻപതുകളിലെ ഇന്ത്യൻ യാഥാർത്ഥ്യവും അതുതന്നെയായിരുന്നു. ഈ സോഷ്യലിസമാണ് രാജ് കപൂർ ചിത്രങ്ങൾക്ക് തുടക്കം തൊട്ട് അന്തർദ്ദേശീയ സ്വാകാര്യത നേടിക്കൊടുത്തത്, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ ചൈനയിലും റഷ്യയിലും. ഗാന്ധിയുടെ സ്വരാജും നെഹ്റുവിന്റെ ഫേബിയൻ സോഷ്യലിസവുമെല്ലാം നിസ്സഹായമാവുന്ന കാലസന്ധിയുടെ ജനപ്രിയാവിഷ്കാരം. കാർലോവിവേരി ചലച്ചിത്രമേളയിൽ ചിത്രം ഗ്രാന്റ് പ്രിക്സ് നേടി.
പുതിയ ഇന്ത്യയുടെ സോഷ്യലിസ്റ്റ് ഫിലിം മേക്കറായി ലോകം രാജ് കപൂറിനെ വാഴിച്ചു. ജനപ്രിയചേരുവകളെ മുഴുവൻ ആവാഹിച്ച ആ സിനിമകൾ പ്രേക്ഷകൻ പിന്നെയും പിന്നെയും കണ്ടു. ആ പാട്ടുകൾ രണ്ട് ഭൂഘണ്ഡങ്ങളുടെ നാടോടിപ്പാട്ടായി. ചലനത്തിലും ഭാവങ്ങളിലും നിറഞ്ഞുനിന്ന, അമ്മ രാംസരണിദേവി കപൂറിൽനിന്നും വാർന്നുകിട്ടിയ ആ നാടോടിത്തം ചലച്ചിത്രസംഗീതത്തിന്റെ ഈണങ്ങളിക്കും പകർന്നാടി.
ജിസ് ദേശ്മേം ഗംഗ ബഹ്ത്തി ഹെ, അറുപതുകളുടെ തുടക്കത്തിലെത്തുന്നു. രാഷ്ട്രീയ ഇന്ത്യക്ക് മാനസാന്തരം വന്നുകൊണ്ടേയിരുന്നു. മധേന്ത്യയിലെ കൊള്ളക്കാരോട് കീഴടങ്ങാനാവശ്യപ്പെട്ട വിനോബയുടെ നീക്കമായിരുന്നു കപൂറിന്റെ സിനിമക്ക് പ്രചോദനം. ഈ പ്രമേയത്തിൽ പാട്ടിനെന്ത് പങ്കെന്ന് വാപൊളിച്ചു നിന്ന പാട്ടെഴുതുന്ന ശൈലേന്ദ്രക്കും പാട്ടൊരുക്കുന്ന ശങ്കർ ജയ്കിഷനും മുന്നിൽ രാജ് കപൂർ അവതരിപ്പിച്ചത് പതിനൊന്ന് സോങ് സീക്വൻസുകളായിരുന്നു. സ്വയം പരിചയപ്പെടുത്താനാവശ്യപ്പെട്ട കൊള്ളക്കാരോട് നായകൻ പ്രതികരിക്കുന്നത് പോലും 'മേരാനാം രാജു' എന്ന പാട്ടിലൂടെയാണ്. ശൈലേന്ദ്രയുടെ ആത്മവിശ്വാസം വരികളായി ഇങ്ങനെ വാർന്നുവീണു, ‘Kaviraj kahe Na yeh taj rahe Na yeh raaj rahe Na yeh raaj gharana.’
അറുപത്തിനാലിലെ സംഗമെത്തുമ്പോൾ ലണ്ടനും പാരീസും സ്വിറ്റ്സർലന്റുമായി രാജ് കപൂർ ചുവട് മാറി. അപ്പോഴേക്കും വിദേശക്കുടിയേറ്റം തുടങ്ങിക്കഴിഞ്ഞിരുന്നു.
എഴുപതുകളുടെ തുടക്കമെത്തുമ്പോൾ രാജ് കപൂർ പിന്നെയും പഴയ ജീവിത വ്യഥകളിലേക്ക് മടങ്ങി വന്നു. മേര നാം ജോക്കറിലൂടെ. രാജ് കപൂർ ചിത്രങ്ങൾക്ക് രാഷ്ട്രീയ മാനം നൽകിയ കെ. എ. അബ്ബാസ് തിരക്കഥാകൃത്തായി വന്നു. തമ്പിലെ മനുഷ്യജീവിതം, കോമാളിയുടെ ജീവിതം. റഷ്യൻ സർക്കസ് ആർട്ടിസ്റ്റ് മെറീനയോടുള്ള പ്രണയം. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും രാജ് കപൂർച്ചിത്രങ്ങളിലേറ്റവും മികച്ചതായി അതിനെ പലരും പരിഗണിച്ചു.
'കൽ ആജ് ഓർ കൽ' എന്ന ചലച്ചിത്രം പേരുപോലെ ഒരുതരം അലിഗറിക്കൽ പ്രമേയമാണ്. അപ്പോഴേക്കും എഴുപതുകൾ യാഥാർത്ഥ്യമായി. പ്രിഥ്വിരാജ് കപൂർ, രാജ് കപൂർ, രൺധീ കപൂർ എന്നിങ്ങനെ മൂന്ന് തലമുറകളുടെ സിനിമ. പിതാവ് പ്രിഥ്വിരാജ് കപൂറിന്റെ അവസാചിത്രങ്ങളിലൊന്ന്. ആ ചലച്ചിത്രം വ്യക്തിപരവും പ്രമേയപരവുമായ ഒരു മുഖവുരയായിരുന്നുവെന്ന് പിന്നാലെ വന്ന ബോബി തെളിക്കും. റോമിയോ ആന്റ് ജൂലിയറ്റ് ഷേക്സ്പീരിയൻ പരിവേഷവുമായി മകൻ ഋഷികപൂറിനേയും ഡിംപിൾ കപാഡിയയേയും മുന്നിൽ നിർത്തി ജനപ്രിയ ചേരുവയിൽ പിന്നെയുമൊരു രാജ് കപൂർ മാജിക്. ഒരു തലമുറ മാറ്റത്തിന്റെ ശംഖൊലി.
സീനത്ത് അമനും ശശി കപൂറും ഒന്നിച്ച 'സത്യം ശിവം സുന്ദരം' എഴുപത്തിയെട്ടിലെത്തി. പ്രണയവും ഭക്തിയും ധർമ്മസങ്കടങ്ങളുമായി മറ്റൊരു ജനപ്രിയ ചേരുവ. അപ്പോഴേക്കും സംവിധാകനായ രാജ് കപൂറിന്റെ ചലച്ചിത്ര വിസ്തൃതി ചുരുങ്ങിത്തുടങ്ങി. അൻപതുകളിലെ രാഷ്ട്രീയാടിത്തറയിൽ നിന്നും ഈ രാജ്യവും ജനതയും സിനിമയും മാറിത്തുടങ്ങി.
വിധവയെ പ്രണയിച്ച നായകന്റെ കഥ പറഞ്ഞ പ്രേം രോഗിലൂടെ പിന്നെയും രാജ് കപൂർ സാമൂഹ്യമായ പ്രമേയങ്ങളിലേക്ക് മടങ്ങിയെത്തി. അപ്പോഴെക്കും മധ്യവർഗ്ഗ ഇന്ത്യയുടെ തയ്യാറെടുപ്പായി. സാമ്പത്തികമായും കലാപരമായും വിജയിച്ച ഈ സിനിമ പന്ത്രണ്ട് ഫിലിംഫെയർ നോമിനേഷനുകൾ സ്വന്തമാക്കി. ഋഷിക പൂർ ബോളിവുഡ്ഡിന്റെ പുതിയ ഹരമായി.
എൺപത്തിയഞ്ചിൽ പുറത്തിറങ്ങിയ 'രാം തേരി ഗംഗ മൈലി'യെന്ന എക്കാലത്തേയും മികച്ച ബോളീവുഡ് ഹിറ്റുകളിലൊന്നിൽ രാജ് കപൂർ എന്ന സംവിധായകൻ പൂർണ്ണമാകുന്നു. പ്രകൃതി, സ്ത്രീ, ഗംഗ, ഭക്തി, സാമൂഹ്യപ്രമേയങ്ങളിൽ ജനപ്രിയ ചേരുവകൾ ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ഷോമാൻ പിൻവാങ്ങി. തുളസീദാസിന്റെ രാമചരിത മാനസത്തിൽ തന്റെ ഗംഗ മലിനമാവുന്നുവെന്ന് രാമനോട് സങ്കടപ്പെടുന്ന തോണിക്കാരന്റെ കഥയുടെ പ്രചോദനത്തിൽ ഉണ്ടായ സിനിമയിലെ പതിനൊന്ന് പാട്ടുകളും തിരക്കഥക്കും മുൻപേ ചിത്രീകരിക്കപ്പെട്ടുവെന്നാണ് കഥ. മീരയുടേയും രാധയുടേയും കൃഷ്ണപ്രണയത്തിന്റെ പരസ്പരഭേദങ്ങളെപ്പറ്റി ദില്ലിയിലൊരു വിവാഹവേദിയിൽ രവീന്ദ്ര ജയിൻ പാടിയ പാട്ട് കേട്ട രാജ് കപൂറിന്റെ മനസ്സിൽ മുഴങ്ങിയ വിളിയാണ് സിനിമായിലേക്കുള്ള മറ്റൊരു പ്രചോദനം.
നാൽപ്പത്തിയെട്ടിലെ 'ആഗ്' മുതൽ എൺപത്തിയഞ്ചിലെ 'രാം തേരി ഗംഗ മൈലി' വരെയുള്ള മുപ്പത്തിയേഴ് വർഷങ്ങളും പത്ത് സിനിമകളുമാണ് സംവിധായകനായ രാജ് കപൂറിന്റെ കാലം. നടിച്ചതും നിർമ്മിച്ചതുമായ സിനിമകൾ വേറെ. ഒരു നൂറ്റാണ്ടിലേക്ക് നീങ്ങുന്ന ഒരിന്നിംഗ്സിലെ ആ സിനിമകൾക്ക് കാലത്തിന്റെ ചുളിവേറ്റോ, കാലത്തെ അതിജീവിച്ചോയെന്ന ചോദ്യത്തിന് എന്തുത്തരം ലഭിക്കും. വീഞ്ഞുപോലെ കാലം അതിന് ലഹരി പകരും എന്നുത്തരം നൽകിയ നിരൂപകരുണ്ട്.
സ്വപ്നത്തിലെ സ്ത്രീയെത്തേടുന്ന പുരുഷനായകൻ. എങ്കിൽ നായികയോ. നായിക പ്രാധാന്യമില്ലാത്തതോ ആയ ഒരൊറ്റ സിനിമയും രാജ് കപൂർ ബാക്കി വക്കുന്നില്ല. ഹ്യൂമനിസവും സാബാൾട്ടേണിസവും പ്രമേയമാക്കിയ രാഷ്ട്രീയ സിനിമകൾ കൂടിയാണ് ആവാര മുതൽ ജഗ്തേ രഹോയും ജിസ് ദിൻ ഗംഗ ബഹത്തി ഹെ വരെ. സംഗം, മുതൽ രാം തേരി ഗംഗ മൈലി വരെയുള്ള രണ്ടാം ഘട്ടത്തിലെ സിനിമകൾ രതിയുടെ ഉത്സവങ്ങൾ കൂടിയായി. വെളുപ്പുനിറത്തെ സ്നേഹിച്ച, വെളുപ്പുടുത്ത സ്ത്രീയെ സ്നേഹിച്ച ഷോമാൻ നർഗ്ഗീസ് തൊട്ട് മന്ദാകിനി വരെയുള്ള സകല നായികമാരിലെല്ലാം അത് പരീക്ഷിച്ചു. ഒരേനേരം രാജ് കപൂർ രാധയേയും യശോദയേയും സ്ത്രീത്വത്തിൽ തേടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാജ് കപൂറിന്റെ സ്ത്രീകഥാപാത്രങ്ങൾ ലഘുവല്ല, സങ്കീർണ്ണമാണ്.
അൻപതുകളിലെ ഗാന്ധി-നെഹ്റു പരിവേഷത്തിൽ നിന്നും രാഷ്ട്രീയ ഇന്ത്യ എഴുപതുകളിലെ ഇന്ദിരയിലേക്ക് കരണംമറിഞ്ഞു. അപ്പോഴേക്കും പ്രമേയം കൊണ്ടും സ്വഭാവം കൊണ്ടും ജീവിതവും സിനിമയും മാറി. ദിലീപ് കുമാറിനും രാജ് കപൂറിനും പകരം രാജേഷ് ഖന്നയും ആംഗ്രി യങ് മാൻ ബച്ചനും വന്നു. ഋഷികേശ് മുഖർജ്ജിയുടെ ആനന്ദിൽ രാജേഷ് ഖന്നയുടെ മരണത്തിന്റെ കലയും യാഷ് ചോപ്രയുടെ ദീവാറിൽ ഉറഞ്ഞുതുള്ളുന്ന നക്സൽ അനന്തരകാലത്തെ ബച്ചന്റെ നായകനും. ഇതൊരു സാമൂഹ്യാവസ്ഥ കൂടിയായിരുന്നു.
പ്രണയവും കലാപവും പ്രതീക്ഷയും നിരാശയും തലമുറകളെ പിടികൂടി. മുഖർജ്ജിയുടെ നമക് ഹരാമിൽ ഖന്നയും ബച്ചനും വീണ്ടും അതിന്റെ പ്രതിരൂപങ്ങളായി. പക്ഷെ, ഒരു കാലം മറ്റൊരു കാലത്തെ വിസ്മരിക്കുകയായിരുന്നില്ല. ഇന്ദിരയുടെ അടിയന്തരാവസ്ഥ ഗാന്ധി-നെഹ്റു ഓർമ്മകളെ മായ്ച്ചുകളഞ്ഞില്ല, പകരം കൂടുതൽ ഓർമ്മപ്പെടുത്തി.
എഴുപതുകളിലെ ബച്ചൻ അൻപതുകളിലെ രാജ് കപൂറിനെയും മായ്ച്ചുകളഞ്ഞില്ല. ഷോലെയിലെ മെഹബൂബ മെഹബൂബ പാടിയ അതേ ചുണ്ടുകൾ ആവാരാ ഹൂം അതിലുമാവൃത്തി ഏറ്റുപാടി. എഴുതുകളിലെ ദീവാറിൽ ബച്ചന്റെ വിജയ് ബോംബെ നഗരം കാൽച്ചുവട്ടിലാക്കാൻ ശ്രമിക്കുമ്പോൾ ജഗ്തേ രഹോയിലെ രാജ് കപൂറിന്റെ നഗരത്തിലെത്തുന്ന ഗ്രാമീണകർഷകന്റെ ഭീതിസംഭ്രമങ്ങളെ നമ്മൾ മറക്കുന്നില്ല.
ഇന്ദിരയിൽ നിന്നും മോദിയിലേക്കും ബച്ചനിൽ നിന്നും ഷാരൂഖിലേക്കുമെത്തുമ്പോഴും രാജ് കപൂർ എന്ന ഷോമാൻ തുടരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പുതിയ ജീവിതം നട്ടുനനച്ച സരളമോഹങ്ങളുടെ എക്കാലത്തെയും പ്രതീക്ഷയായി. ഇനിയും തലമുറ വരും, അവർ പിന്നെയും ആശിക്കും പ്രയത്നിക്കും പ്രണയിക്കും, ഇന്നലെയുടെ പ്രണയങ്ങളൊന്നും അതിലില്ലാതാവുന്നില്ല.
എം. എസ്. സുബ്ബുലക്ഷ്മി; കറുപ്പിനും വെളുപ്പിനും ഇടയിൽ ഒരു നാദവിപ്ലവം, ഒരു സാമൂഹ്യ വിപ്ലവം