അബദ്ധങ്ങളുടെ അയ്യര് കളി; തമാശയുടെ അറബിക്കുപ്പായമിട്ട് ഷേക്സ്പിയര്‍ നാടകം; 9 മുതല്‍ 12 വരെ തൃശൂരില്‍

By Web Team  |  First Published Apr 6, 2024, 5:24 PM IST

ദിവസവും വൈകിട്ട് ഏഴു മണിക്ക് അരണാട്ടുകര കാമ്പസിലെ പ്രൊഫ രാമാനുജം സ്റ്റുഡിയോ തിയേറ്ററില്‍ ആണ് നാടകം അരങ്ങേറുന്നത്. പ്രമുഖ സിനോഗ്രാഫറും നാടക സംവിധായകനുമായ ശ്രീജിത്ത് രമണനാണ് രൂപവിധാനവും സംവിധാനവും. ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അധ്യാപകനായ എന്‍ പി ആഷ്ലിയാണ് രംഗപാഠം തയാറാക്കിയത്. 


തൃശൂര്‍: വില്യം ഷേക്സ്പിയറുടെ തട്ടുപൊളിപ്പന്‍ തമാശനാടകം. പത്താം നൂറ്റാണ്ടിലെ അറബ്- പേര്‍ഷ്യന്‍ പശളചാത്തലത്തിലേക്കുള്ള പറിച്ചുനടല്‍. പൗരത്വം, ദേശീയ സ്വത്വം, വിഭജനം, അഭയാര്‍ത്ഥികള്‍  തുടങ്ങിയ സമകാലിക ഇന്ത്യനവസ്ഥകളിലൂടെ കടന്നുപോവുന്ന രംഗഭാഷ്യം. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന 'അബദ്ധങ്ങളുടെ അയ്യരുകളി' എന്ന നാടകത്തിന് പറയാന്‍ സവിശേഷതകളേറെ. 

'ദ കോമഡി ഓഫ് എറേഴ്‌സ്' എന്ന ഷേക്‌സ്പിയര്‍ നാടകമാണ് 'അബദ്ധങ്ങളുടെ അയ്യരുകളി' എന്ന പേരില്‍   സ്‌കൂള്‍ ഓഫ് ഡ്രാമ തിയേറ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് ഏഴു മണിക്ക് അരണാട്ടുകര കാമ്പസിലെ പ്രൊഫ രാമാനുജം സ്റ്റുഡിയോ തിയേറ്ററില്‍ ആണ് നാടകം അരങ്ങേറുന്നത്. പ്രമുഖ സിനോഗ്രാഫറും നാടക സംവിധായകനുമായ ശ്രീജിത്ത് രമണനാണ് രൂപവിധാനവും സംവിധാനവും. ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അധ്യാപകനായ എന്‍ പി ആഷ്‌ലിയാണ് രംഗപാഠം തയാറാക്കിയത്. 

Latest Videos

undefined

 

 

തട്ടുപൊളിപ്പന്‍ തമാശക്കഥയായി അവതരിപ്പിക്കപ്പെടുന്ന ഈ ഷേക്സ്പിയര്‍ നാടകത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സങ്കടകരമായ അവസ്ഥകളെ പുതിയ ലോക സാഹചര്യത്തില്‍ അവതരിപ്പിക്കുകയാണ് 'അബദ്ധങ്ങളുടെ അയ്യരുകളിയെന്ന് സംവിധായകന്‍ ശ്രീജിത്ത് രമണന്‍ പറഞ്ഞു. വില്യം ഷേക്സ്പിയറുടെ രചനകള്‍ മലയാളത്തില്‍ ഇതാദ്യമല്ല. മലയാള സിനിമയും നാടകവേദിയും പല തരം സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങളെ അവതരിപ്പിക്കാന്‍ ഷേക്‌സ്പിയര്‍ നാടകങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആ ധാരയില്‍ വരുന്ന ഈ നാടകം പല കലാ-സാങ്കേതിക സങ്കേതങ്ങളുടെ സങ്കലനമായിരിക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി. 

ആധാരകൃതിയിലെ അവിശ്വസനീയത ഫലിപ്പിക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് അറബിക്കഥയുടെ അന്തരീക്ഷം ഉപയോഗപ്പെടുത്തുന്നതെന്ന് പുനരാഖ്യാനം തയാറാക്കിയ എന്‍ പി ആഷ്ലി പറഞ്ഞു. പത്താം നൂറ്റാണ്ടിലെ അറബ്- പേര്‍ഷ്യന്‍ ചരിത്രാന്തരീക്ഷത്തില്‍ സംഭവ്യമായ ഒരു സങ്കല്‍പ്പകഥ നിര്‍മിക്കാനാണ് ശ്രമിച്ചതെന്ന് ആഷ്‌ലി പറഞ്ഞു. 

 

 

പട്ടണം റഷീദ് ആണ് ചമയം നിര്‍വഹിക്കുന്നത്. വെളിച്ചം: ഷൈമോന്‍ ചേലാട്, വസ്ത്രാലങ്കാരം: അനിത ശ്രീജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍: നിധിന്‍ വലിയാത്ര, മാസ്‌ക് & ക്ലൗണിങ്: രാഹുല്‍ ശ്രീനിവാസന്‍, നിഴല്‍ പാവ : രാജീവ് പുലവര്‍ , പ്രൊജക്ഷന്‍ മാപ്പിങ്: അനൂപ് കെ. വി. 

അഭിനയിക്കുന്നവര്‍: അനഘ രഘു, അഞ്ജലി രാജ്, അരുണ്‍ എ കെ, ബ്രഹ്മദത്ത സുകുനാഥന്‍, ഗീതിയ ശ്രീനിവാസന്‍, ഗൗരി മനോഹരി എസ്, ഗ്രാംഷി പ്രതാപന്‍, ജമാല്‍ മാലിക്, ജിഷ്ണു വേദന്‍, രാഹുല്‍ പ്രസാദ്, ശ്രീനന്ദ സുരേഷ്, ശ്രെയസ് വാസുദേവന്‍, സ്റ്റീവ് ആന്റണി, വൈഷ്ണ ജിതേഷ്. 

click me!