അമിത വണ്ണത്തിന് കാരണമായി ആരോഗ്യ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് ജോലി സമ്മർദ്ദം, ദൈർഘ്യമേറിയ ജോലി സമയം, അല്ലെങ്കിൽ ക്രമരഹിതമായ ജീവിതശൈലി എന്നിവയാണ്.
ജോലി സംബന്ധമായ സമ്മർദ്ദം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. എട്ട് മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യുന്നതും മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്നതും മനുഷ്യ ശരീരത്തില്‍ ഒരു പോലെ ദോഷകരമാണ്. ഇതിന് പുറമേ ജോലി സംബന്ധിച്ച് അമിതമായ സമ്മര്‍ദ്ദമോ ആശങ്കയോ ഉണ്ടെങ്കിലും അത് നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കും. ഇത്തരത്തില്‍ ജോലി സമ്മര്‍ദ്ദം കാരണം ഒരു വര്‍ഷം 20 കിലോ വച്ച് കൂടുകയായിരുന്നെന്ന് ഒരു ചൈനീസ് യുവതി. തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് മേഖലയിലയില്‍ നിന്നുള്ള 24 കാരിയായ ഒയാങ് വെൻജിംഗ് തന്‍റെ സമൂഹ മാധ്യമ പേജില്‍ കുറിച്ചത് ജോലി സമ്മര്‍ദ്ദം കാരണം തന്‍റെ ശരീര ഭാരം ഒരു വര്‍ഷം കൊണ്ട് 60 കിലോയിൽ നിന്ന് 80 കിലോയായി ഉയർന്നുവെന്നായിരുന്നു. യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ജോലി സമ്മർദ്ദവും അമിതവണ്ണവും എന്ന വിഷയത്തിൽ വ്യാപക ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്.
ചൈനയിൽ ജോലി ചെയ്യുന്നവർക്കിടയിൽ സാധാരണമായി കൊണ്ടിരിക്കുന്ന അമിത വണ്ണത്തിന് കാരണമായി ആരോഗ്യ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് ജോലി സമ്മർദ്ദം, ദൈർഘ്യമേറിയ ജോലി സമയം, അല്ലെങ്കിൽ ക്രമരഹിതമായ ജീവിതശൈലി എന്നിവയാണ്. ഒടുവില്‍ മറ്റ് ഗത്യന്തരമില്ലാതായപ്പോള്‍ ആരോഗ്യം സംരക്ഷിക്കുന്നതിനായി തനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും അതോടെ തന്‍റെ ശരീരഭാരം കുറഞ്ഞുവെന്നുമായിരുന്നു യുവതി വെളിപ്പെടുത്തിയത്.
ജോലിക്ക് പ്രവേശിച്ചതിന് ശേഷമുള്ള ഒരു വർഷക്കാലം കൊണ്ട് 60 കിലോവായിരുന്ന തന്‍റെ ശരീരഭാരം 80 കിലോയായി വർധിച്ചതായി ഒയാങ് തന്‍റെ സമൂഹ മാധ്യമ കുറിപ്പില്‍ പറയുന്നു. എന്നാല്‍ തന്‍റെ ജോലിസ്ഥലമോ ജോലിയുടെ സ്വഭാവമോ ഇവർ വ്യക്തമാക്കിയില്ല. അതേസമയം തന്‍റെ ജോലി തന്‍റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർത്തു എന്ന് ഒയാങ് എഴുതി. അതുകൊണ്ടുതന്നെ കഴിഞ്ഞ ജൂണിൽ താൻ ജോലി ഉപേക്ഷിച്ചുവെന്നും ഇവർ വ്യക്തമാക്കി. പലപ്പോഴും ഓവർടൈം ജോലി ചെയ്യുകയും ക്രമരഹിതമായ ഭക്ഷണക്രമവും ദിനചര്യകളും പാലിക്കുകയും ചെയ്തതോടെയാണ് താൻ അനാരോഗ്യവതിയായതെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. ഒരു ഫ്രീലാൻസ് വെയ്റ്റ് ലോസ് ഇൻഫ്ലുവൻസറായാണ് ഒയാങ് ഇപ്പോൾ ജോലി ചെയ്യുന്നത്. പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ സമീകൃതാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, എണ്ണയും പഞ്ചസാരയും കുറച്ച് ഒരു മാസം കൊണ്ട് 6 കിലോഗ്രാം കുറയ്ക്കാൻ തനിക്ക് സാധിച്ചുവെന്നും ഒയാങ് പറയുന്നു.