കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പാതി കഴിച്ച സമൂസയും ചട്ണിയും യുവതിയുടേതെന്ന് കരുതപ്പെടുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ്.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ മൃതദേഹം. അര്‍ദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ലൈംഗികാതിക്രമത്തിന് പിന്നാലെ നടന്ന കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സമീപദിവസങ്ങളില്‍ പ്രദേശത്ത് നിന്ന് കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് ലാലൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കളിക്കുകയായിരുന്നു കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചതോടെ അവര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയില്‍ കണ്ടെത്തിയ രക്തക്കറ ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പാതി കഴിച്ച സമൂസയും ചട്ണിയും യുവതിയുടേതെന്ന് കരുതപ്പെടുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 20നും 23നും ഇടയില്‍ പ്രായമുള്ള യുവതിയാണ് കൊലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും പൊലീസ് അറിയിച്ചു.
undefined
നഗരത്തിലെ രാധാനഗര്‍ മേഖലയിലെ താമസക്കാരനായ രാകേഷ് ചന്ദ്ര ഗുപ്ത എന്നയാളുടെ മേല്‍നോട്ടത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കുറച്ച് നാളുകളായി കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇയാളെയും കെട്ടിടനിര്‍മാണത്തിനായി എത്തിയവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നതെന്നും പൊലീസ് അറിയിച്ചു.