അമ്മ ഡോക്ടറെ കാണാനായി പോയ സമയത്ത് കുഞ്ഞിനെ ബന്ധുവിനെ ഏൽപ്പിച്ചിരുന്നു. ഇവർ ശുചിമുറിയിൽ പോയ സമയത്താണ് നവജാത ശിശുവിനെ കാണാതായത്
ഭുവന്വേശ്വർ: ഒഡിഷയിലെ മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കാണാതായി. ഒഡിഷയിലെ സാംബൽപൂരിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ നിന്നാണ് നവജാത ശിശുവിനെ കാണാതായത്. ചൊവ്വാഴ്ചയാണ് സംഭവം. മഹാസമുന്ദ് ജില്ലയിൽ നിന്നുള്ള ദമ്പതികളുടെ മകനെയാണ് അജ്ഞാതയായ സ്ത്രീ മോഷ്ടിച്ചത്.
കുഞ്ഞിനെ ബന്ധുവിനെ ഏൽപ്പിച്ച ശേഷം കുട്ടിയുടെ അമ്മയെ ഡോക്ടറെ കാണിക്കാനായി പോയ സമയത്താണ് നവജാത ശിശുവിനെ മോഷണം പോയത്. കുട്ടിയുടെ അമ്മയുടെ ക്ഷേമം പതിവായി എത്തി അന്വേഷിച്ചിരുന്ന സ്ത്രീയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച ശേഷം ശുചിമുറിയിൽ പോയി വന്നപ്പോഴേയ്ക്കും ഇരുവരേയും കാണാനില്ലായിരുന്നു. അജ്ഞാതയായ സ്ത്രീ കുഞ്ഞുമായി ആശുപത്രി വിട്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
undefined
കുട്ടിയെ കണ്ടെത്താനായി പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിയതിന് പിന്നാലെ അപരിചിതയായ ഒരു സ്ത്രീ പതിവായി ഇവിടെ എത്തി ക്ഷേമാന്വേഷണങ്ങൾ നടത്തിയിരുന്നതായി കാണാതായ കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി പൊലീസ് വിശദമാക്കി.
സമാനമായ മറ്റൊരു സംഭവത്തിൽ കർണാടകയിലെ കലബുർഗി ജില്ലാ ആശുപത്രിയിൽ നിന്ന് മോഷണം പോയ നവജാത ശിശുവിനെ പൊലീസ് കണ്ടെത്തി. ഡോക്ടറുടെ വേഷത്തിൽ എത്തിയ യുവതികളാണ് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ പൊലീസ് വീണ്ടെടുത്തത്. ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട മൂന്ന് സ്ത്രീകളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായവർ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്ന സംശയത്തിലാണ് പൊലീസുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം