'ഷർട്ടില്ല, മുണ്ട് മാത്രം'; നിർണായകമായത് 80കാരിയുടെ മൊഴി; 'സ്വര്‍ണമെന്ന് കരുതി മുക്കുപണ്ടം കവര്‍ന്നത് ഷാജഹാൻ'

By Web Team  |  First Published Mar 31, 2024, 5:15 PM IST

ഷാജഹാന്റെ വീടിന് മുന്നിലൂടെ വൃദ്ധ നടന്നു പോകുമ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ പരുക്കേറ്റ വൃദ്ധ പ്രതിയുടെ വീട്ടില്‍ കയറിയാണ് വിശ്രമിച്ചതും.


കൊച്ചി: മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാല്‍ ഭാഗത്ത് മാതിരപള്ളി വീട്ടില്‍ ഷാജഹാനെ (28) ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കോറ്റട്ടാല്‍ ക്ഷേത്രത്തിന് വടക്കുവശത്തുമുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്നു 80 വയസുള്ള സുഭദ്ര എന്ന വൃദ്ധയുടെ കണ്ണില്‍ മുളകു പൊടിയെറിഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിച്ച്  മാല പൊട്ടിച്ചെടുക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഷാജഹാന്റെ വീടിന് മുന്നിലൂടെ വൃദ്ധ നടന്നു പോകുമ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ പരുക്കേറ്റ വൃദ്ധ പ്രതിയുടെ വീട്ടില്‍ കയറിയാണ് വിശ്രമിച്ചതും. ഇതിനിടെ പ്രതിയെ തിരഞ്ഞ് പൊലീസും നാട്ടുകാരും നടക്കുമ്പോള്‍ ഷാജഹാനും സജീവമായി ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു.

Latest Videos

undefined

ഷര്‍ട്ട് ഇടാതെ മുണ്ടു മാത്രം ധരിച്ച ആളാണ് മാല പൊട്ടിച്ചെടുത്തത് എന്ന് വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷാജഹാനെ പൊലീസ് സംശയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടിലെ ഒരു ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന തവിടിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന മാല പൊലീസ് കണ്ടെടുത്തു. അതേസമയം, സ്വര്‍ണ മാലയാണ് എന്ന് കരുതി കവര്‍ച്ച നടത്തിയത് മുക്കുപണ്ടം ആണെന്ന് ഷാജഹാന്‍ പിന്നിടാണ് തിരിച്ചറിഞ്ഞത്. 

മുനമ്പം ഡിവൈ.എസ്.പി എന്‍.എസ് സലീഷിന്റെ നിര്‍ദ്ദേശപ്രകാരം വടക്കേക്കര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. ബിജു, എസ്‌ഐ വി.എം റസാഖ്, എ.എസ്.ഐ ടി കെ സുധി, സീനിയര്‍ സിപിഒമാരായ എം.എസ് മിറാഷ്, ലിജോ ഫിലിപ്പ്, ശ്രീരാഗ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഷാജഹാനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

'നീക്കം ചെയ്താലും അതേ സ്ഥാനത്ത് വീണ്ടും പോസ്റ്റര്‍'; സ്ഥാനാര്‍ഥികളെ കാത്തിരിക്കുന്നത് 'ഗംഭീര പണി' 
 

tags
click me!