'ആഴ്ചയിലൊരിക്കൽ അച്ഛനെ കാണാം'; സുചന മകനെ കൊന്നത് എന്തിന് ? മലയാളിയായ ഭർത്താവിനോട് നാട്ടിലെത്താൻ നിർദ്ദേശം

By Web Team  |  First Published Jan 10, 2024, 12:05 AM IST

വിവാഹമോചന നടപടിയുടെ ഭാഗമായി മകനെ ആഴ്ചയിലൊരിക്കല്‍ കാണാന്‍ കോടതി പിതാവായ വെങ്കട്ടിനെ അനുവദിച്ചിരുന്നു. സുചന ഇതിൽ അസ്വസ്ഥയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.  


ബെംഗളൂരു: സ്റ്റാർട്ടപ്പ് കമ്പനി സിഇഒയായ യുവതി നാലു വയസ്സുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.  പ്രതി സുചന സേത്തിന്റെ (39) ഭർത്താവ് മലയാളിയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. വിദേശത്തുള്ള ഇയാളോട് ഇന്ത്യയിലെത്താൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വെങ്കട്ട് രാമനാണു സുചനയുടെ ഭർത്താവ്. സുചനയും വെങ്കട്ട് രാമനും 2020 മുതൽ  മുതൽ വേർപിരിഞ്ഞു താമസിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.  

ഇരുവരും വിവാഹമോചനം തേടിയിരുന്നു. വിവാഹ മോചന നടപടികൾക്കിടെയാണ് സുചന സ്വന്തം മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.  വിവാഹമോചന നടപടിയുടെ ഭാഗമായി മകനെ ആഴ്ചയിലൊരിക്കല്‍ കാണാന്‍ കോടതി പിതാവായ വെങ്കട്ടിനെ അനുവദിച്ചിരുന്നു. സുചന ഇതിൽ അസ്വസ്ഥയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.   ഭർത്താവിനോടുള്ള ദേഷ്യം മൂലമാണ് കൊലപാതകം നടത്തിയതെന്നും, വിവാഹമോചനം അവസാനഘട്ടത്തിലാണെന്നും ഇവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ പരിശോധന നടത്തും.

Latest Videos

undefined

സുചനയുടെ ഭർത്താവ് വെങ്കട്ട് രാമൻ കൊലപാതകം നടക്കുമ്പോള്‍ ഇന്തൊനീഷ്യയിലായിരുന്നു. സുചന മകനെ കൊലപ്പെടുത്തിയ വിവരം പൊലീസ് വെങ്കട്ടിനെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ വെങ്കട്ട് രാമന് പൊലീസ് നിർദ്ദേശം നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ വെച്ച് സുചന മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഹോട്ടൽ മുറിയിൽ വെച്ച് മകനെ കൊന്ന ശേഷം   മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യവേയാണ് സുചന പൊലീസിന്‍റെ പിടിയിലാകുന്നത്. 

തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്സി വേണമെന്ന് ഇവർ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് സുചന നിര്‍ബന്ധം പിടിച്ചു. ഒടുവിൽ  ഹോട്ടല്‍ ജീവനക്കാര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കി. യുവതി ഹോട്ടൽ വിട്ട ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. 

ഇതോടെ പൊലീസുകാര്‍ ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.  ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാന്‍ കൊങ്ങിണി ഭാഷയിലാണ് സംസാരിച്ചത്. 

വാഹനം എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്ന് ഡ്രൈവർ വ്യക്തമാക്കി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച്  ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പൊലീസ് സുചനയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്ലാസ്മ ഫിസിക്സിൽ ഉന്നതബിരുദമുള്ള, ഹാർവാഡ് സർവകലാശാലയിൽ ഫെലോ ആയിരുന്ന, പിന്നീട് ഡാറ്റാ സയൻസിൽ സ്പെഷ്യലൈസ് ചെയ്ത സുചന സേഥ്, 2021-ലെ ലോകത്തെ മികച്ച എഐ കമ്പനി മേധാവികളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട വനിത കൂടിയാണ്.

Read More : ബാറും ബിവറേജും അവധി, കൈയ്യിൽ മറ്റൊരു 'ഐറ്റം' ഉണ്ടെന്ന് യുവാവ്; പൊക്കിയപ്പോൾ എംഡിഎംഎയും കഞ്ചാവും !

click me!