10 ലക്ഷം രൂപക്ക് വേണ്ടി കൊലപാതകം, 11 വ‍ർഷം വനമേഖലയിൽ 'പിടികിട്ടാപ്പുള്ളി'യായി കഴിഞ്ഞു; ഒടുവിൽ പിടിവീണു

By Web TeamFirst Published Oct 12, 2024, 7:22 PM IST
Highlights

ജാർഖണ്ഡിലെയും ഛത്തീസ്ഗഡിലെയും വനമേഖലകളിൽ മാറി മാറി ഇയാൾ താമസിക്കാൻ തുടങ്ങിയതോടെ അന്വേഷണവും നീളുകയായിരുന്നു

ദില്ലി: കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതിയെ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വനമേഖലയിൽ നിന്ന് ദില്ലി പൊലീസ് പിടികൂടി. 2013 ൽ ദില്ലിയെ ഞെട്ടിച്ച കൊലപാതകം നടത്തിയ ശേഷം മുങ്ങിയ ഇയാൾ ഇത്രയും കാലം ജാർഖണ്ഡിലെ വനമേഖലയിലായിരുന്നു ഒളിവിൽ കഴിഞ്ഞത്. ദില്ലി തിലക് നഗറിലെ ക്വട്ടേഷൻ കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന അൻപതുകാരൻ രാജു ബൻസാരിയാണ് ഒടുവിൽ ദില്ലി പൊലീസിന്‍റെ വലയിലായത്.

പത്തുലക്ഷം രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് ദില്ലി തിലക് നഗർ സ്വദേശിയെയാണ് രാജു ബൻസാരിയും സംഘവും 2013 ൽ കൊലപ്പെടുത്തിയത്. കേസിൽ പിടിയിലായ ആറ് പേരെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ഒളിവിൽ പോയ രാജു ബൻസാരിയെ കണ്ടെത്താൻ ഇത്രയും കാലം പൊലീസിന് സാധിച്ചിരുന്നില്ല. ജാർഖണ്ഡിലെ വനമേഖലയിൽ ഇയാളുണ്ടെന്ന് ദില്ലി പൊലീസ് നേരത്തെ മനസിലാക്കിയിരുന്നു. എന്നാൽ പേരടക്കം മാറ്റി മാറ്റി ഇയാൾ വിവിധയിടങ്ങളിലേക്ക് ഒളിവ് ജീവിതം മാറ്റിക്കൊണ്ടിരുന്നത് വെല്ലുവിളിയായി.

Latest Videos

2014 ൽ രാജു ബൻസാരിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും മെച്ചമൊന്നുമുണ്ടായില്ല. ജാർഖണ്ഡിലെയും ഛത്തീസ്ഗഡിലെയും വനമേഖലകളിൽ മാറി മാറി ഇയാൾ താമസിക്കാൻ തുടങ്ങിയതോടെ അന്വേഷണവും നീണ്ടു. പതിനൊന്ന് വർഷമായി തുടരുന്ന അന്വേഷണത്തിന് ഒടുവിൽ ദില്ലി ക്രൈം ബ്രാഞ്ചിന്‍റെ വലയിൽ രാജു ബൻസാരി കുടുങ്ങുകയായിരുന്നു.

ആറാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള രാജു ബൻസാരി അവിവാഹിതനാണെന്ന് ദില്ലി ക്രൈംബ്രാഞ്ച് ഡി എസ് പി സഞ്ജയ് കുമാർ വ്യക്തമാക്കി. അടുത്ത ബന്ധുക്കൾ ആരും തന്നെ ഇല്ലാതിരുന്നതിനാൽ ഇയാൾ നാടുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല. ഇത് അന്വേഷണത്തിന് വെല്ലുവിളിയായെന്നും ഒറ്റയ്ക്ക് കാട്ടിൽ ജീവിക്കാൻ സഹായമായെന്നും ദില്ലി ക്രൈംബ്രാഞ്ച് ഡി എസ് പി വിവരിച്ചു.

അതിശക്ത മഴക്ക് ശമനം, കേരളത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു; വിവിധ ജില്ലകളിൽ 5 ദിവസം യെല്ലോ അലർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!