കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു എന്നറിയപ്പെടുന്ന ബിജുവിൻ്റെ മകൻ കാമാക്ഷി വലിയപറമ്പിൽ വിബിൻ ആണ് പിടിയിലായത്.
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ അച്ഛനും മകനും ചേർന്ന് നടത്തിയ മോഷണത്തിൽ മകൻ പൊലീസ് പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു എന്നറിയപ്പെടുന്ന ബിജുവിൻ്റെ മകൻ കാമാക്ഷി വലിയപറമ്പിൽ വിബിൻ ആണ് പിടിയിലായത്. മൂന്ന് ലക്ഷം രൂപയുടെ ഏലക്കയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.
അണക്കര സ്വദേശിയുടെ ഉടമസ്ഥതയിൽ ശാന്തൻപാറ പേത്തൊട്ടി ഭാഗത്തുള്ള ഏലം സ്റ്റോറിൽ നിന്നാണ് മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിൻ്റെ പൂട്ട് പൊളിച്ചാണ് ബിജുവും മകൻ വിബിനും ചേർന്ന് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാന്തൻപാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തിൽ ഒരാൾ ഓട്ടം വിളിച്ചു. പേത്തൊട്ടിയിൽ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറഞ്ഞതിനാൽ ജോയി ഓട്ടം പോയില്ല. രാത്രിയിൽ പതിവ് പരിശോധനക്കെത്തിയ ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറഞ്ഞു. ജോയിയെ ഓട്ടം വിളിച്ചയാൾ പേത്തൊട്ടി ഭാഗത്തേക്ക് ബൈക്കോടിച്ചു പോയതായി വിവരം ലഭിച്ചു.
undefined
Also Read: നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്
തുടർന്ന് പൊലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ റോഡിൽ വച്ച് വിബിൻ ബൈക്കിൽ ഒരു ചാക്ക് ഏലക്കയുമായി വരുന്നത് കണ്ടു. പൊലീസിനെ കണ്ടയുടൻ വിബിൻ ബൈക്ക് മറിച്ചിട്ട് ശേഷം ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി. ഇയാൾ ഉപേക്ഷിച്ചു പോയ ബാഗിൽ നിന്നുമാണ് പ്രതിയുടെ പേരും വിലാസവും പൊലീസിന് ലഭിച്ചത്. ബാഗിൽ ഉണ്ടായിരുന്ന വാഹന വിൽപന കരാറിൽ വിബിൻ്റെ ഫോൺ നമ്പറുണ്ടായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അടിമാലി ഭാഗത്തേക്കുള്ള വാഹനത്തിൽ ഇയാൾ സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം വെള്ളത്തൂവൽ പവർഹൗസ് ഭാഗത്ത് വച്ച് ബസിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏലക്ക മോഷ്ടിക്കാൻ ഇയാളോടൊപ്പമുണ്ടായിരുന്ന ബിജു ഓടി രക്ഷപെട്ടു. ബിജുവിനായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.