ഗോവയിലെ മലയാളിയുടെ മരണം; മൃതദേഹം കണ്ടെത്തിയത് കടലിൽ, ശരീരത്തിൽ മർദനമേറ്റ പാടുകൾ, പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

By Web Team  |  First Published Jan 5, 2024, 12:11 PM IST

ഡിജെ പാർട്ടിക്കിടെ മർദ്ദനമേറ്റതായി സഞ്ജയ്‌ സന്തോഷിന്റെ കുടുംബം ആരോപിച്ചു. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് മർദ്ദനത്തിന് പ്രകോപനമായതെന്നും കുടുംബം ആരോപിക്കുന്നു.  


കോട്ടയം: ഗോവയില്‍ പുതുവത്സരാഘോഷത്തിന് പോയ യുവാവിന്‍റെ മൃതദേഹം കടലില്‍ കണ്ടെത്തിയതിന് പിന്നില്‍ കൊലപാതക പരാതി ഉന്നയിച്ച് കുടുംബം. മരിച്ച പത്തൊമ്പത്തുകാരന്‍റെ ശരീരത്തില്‍ മര്‍ദനമേറ്റിരുന്നെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കുടുംബത്തിന്‍റെ സംശയം ബലപ്പെടുത്തുന്നത്. ഡി ജെ പാര്‍ട്ടിക്കിടെ നൃത്തം ചെയ്തതിന്‍റെ പേരില്‍ മകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച് കൊന്ന് കടലില്‍ എറിയുകയായിരുന്നെന്ന് പിതാവ് സന്തോഷ് ആരോപിച്ചു.

ഡിസംബര്‍ 30 നാണ് വൈക്കം കുലശേഖരമംഗലം സ്വദേശിയായ സഞ്ജയ് സന്തോഷ് കൂട്ടുകാര്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലെത്തിയത്. 31ന് രാത്രി വകത്തൂര്‍ ബീച്ചിലെ ഡിജെ പാര്‍ട്ടിക്ക് എത്തിയ സഞ്ജയെ കാണാതാവുകയായിരുന്നു. ഇന്നലെ മൃതദേഹം കടല്‍ തീരത്തു നിന്ന് കണ്ടെടുത്തു. ഡി ജെ പാര്‍ട്ടി നടക്കുന്ന വേദിയില്‍ കയറി സഞ്ജയ് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ കുടുംബത്തിന് ലഭിച്ചു. ഇങ്ങനെ നൃത്തം ചെയ്തതിന്‍റെ പേരില്‍ സഞ്ജയ്യെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബോക്സര്‍മാര്‍ മര്‍ദിച്ച് കടലില്‍ എറിഞ്ഞതാകാമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

Latest Videos

മരിക്കും മുമ്പ് നെഞ്ചിലും പുറത്തും സഞ്ജയ്ക്ക് മര്‍ദനമേറ്റിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഈ കണ്ടെത്തലാണ് കുടുംബത്തിന്‍റെ സംശയം ബലപ്പെടുത്തുന്നതും. ഗോവ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം സത്യസന്ധമായി നടത്താന്‍ കേരള സര്‍ക്കാരിന്‍റെ കൂടി ഇടപെടല്‍ ആവശ്യപ്പെട്ട് സഞ്ജയ്‍യുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗോവയില്‍ നിന്ന് നാട്ടിലെത്തിച്ച സഞ്ജയ്‍യുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

click me!