തനിക്കെതിരായ കുറ്റങ്ങള്‍ നിര്‍വ്വികാരനായി കേട്ട് സൂരജ്; ഒന്നും പറയാനില്ലെന്ന് പ്രതികരണം

By Web Team  |  First Published Oct 11, 2021, 1:16 PM IST

ഒരു തവണ പാമ്പു കടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവതി കഷ്ടിച്ച് ഒന്നര മാസത്തെ ഇടവേളയില്‍ വീണ്ടും പാമ്പിന്‍റെ കടിയേറ്റ് മരിച്ചു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. തനിക്കും കുഞ്ഞിനുമൊപ്പം സ്വന്തം വീടിന്‍റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഉത്രയെ ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചു എന്ന ഭര്‍ത്താവ് സൂരജിന്‍റെ പ്രചാരണത്തില്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. 
 


ഉത്രയുടെ കൊലപാതകത്തേക്കുറിച്ച് (Uthra Murder Case)ഒന്നും പറയാനില്ലെന്ന് കേസിലെ പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജ് (Sooraj). കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വച്ചാണ് സൂരജിന്‍റെ പ്രതികരണം. നിര്‍വ്വികാരമായാണ് കോടതിയിലെത്തിച്ച സൂരജ് ആള്‍ക്കൂട്ടത്തെ അഭിമുഖീകരിച്ചത്. അഞ്ച് വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്.  കുറ്റങ്ങള്‍ വായിച്ച് കേള്‍പ്പിച്ച ശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി സൂരജിനോട് ചോദിച്ചപ്പോഴാണ് ഒന്നു പറയാനില്ലെന്ന് സൂരജ് പ്രതികരിച്ചത്.

സ്ത്രീസുരക്ഷയും സ്ത്രീധനത്തേയും(Dowry) സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായ സംഭവമായിരുന്നു ഉത്രയുടെ കൊലപാതകം. 2020 മെയ് 7നായിരുന്നു ഉത്ര മരിച്ചത്. ഒരു തവണ പാമ്പു കടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവതി കഷ്ടിച്ച് ഒന്നര മാസത്തെ ഇടവേളയില്‍ വീണ്ടും പാമ്പിന്‍റെ കടിയേറ്റ് മരിച്ചു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. തനിക്കും കുഞ്ഞിനുമൊപ്പം സ്വന്തം വീടിന്‍റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഉത്രയെ ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചു(Snakebite) എന്ന ഭര്‍ത്താവ് സൂരജിന്‍റെ പ്രചാരണത്തില്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. 

Latest Videos

undefined

പക്ഷേ ഉത്രയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതോടെ പാമ്പു കടിച്ചു എന്ന സൂരജിന്‍റെ കഥയില്‍ സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. മരണാനന്തര ചടങ്ങുകളിലെ സൂരജിന്‍റെ അമിതാഭിനയമാണ് ഉത്രയുടെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചത്. പാമ്പുകളോടുളള സൂരജിന്‍റെ ഇഷ്ടത്തെ കുറിച്ചുളള ചില സൂചനകളും കൂടി കിട്ടിയതോടെ പൊലീസിനെ സമീപിക്കാന്‍ ഉത്രയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു. അഞ്ചല്‍ പൊലീസിനെ ആദ്യം സമീപിച്ചു. പക്ഷേ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്‍റെ ദിശ മാറുന്നെന്ന് സംശയം ഉയര്‍ന്നതോടെ ഉത്രയുടെ കുടുംബം അന്നത്തെ കൊട്ടാരക്കര റൂറല്‍ എസ് പി ഹരിശങ്കറിനു മുന്നില്‍ പരാതിയുമായി നേരിട്ടെത്തി. മികച്ച കുറ്റാന്വേഷകന്‍ എന്ന പേരു കേട്ട ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി എ.അശോകന്‍റെ നേതൃത്വത്തില്‍ പുതിയ സംഘം കേസ് അന്വേഷണം ഏറ്റെടുത്തു. പിന്നാലെയാണ് കേസില്‍ സൂരജ് അറസ്റ്റിലായത്.

2020 മാര്‍ച്ച് മാസത്തില്‍ അടൂരിലുളള സൂരജിന്‍റെ വീട്ടില്‍ വച്ച് ഉത്രയെ അണലി കടിച്ചിരുന്നു. പക്ഷേ ഉത്ര രക്ഷപ്പെട്ടു. ആ സംഭവവും ആസൂത്രിതമായി താന്‍ നടപ്പാക്കിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു. മരണം ഉറപ്പാക്കാനാണ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങി രണ്ടാമത് കടിപ്പിച്ചതെന്നും സംശയങ്ങള്‍ ഒഴിവാക്കാനാണ് ഉത്രയുടെ വീട്ടില്‍ വച്ചു തന്നെ കൊലപാതകം നടത്തിയതെന്നും സൂരജ് കുറ്റസമ്മതം നടത്തി.

മരിക്കുന്നതിന്‍റെ തലേന്ന് രാത്രിയോടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി സൂരജ് നല്‍കി. ശേഷം മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന ബാഗ് കാറില്‍ നിന്ന് എടുത്ത് കട്ടിലിന് അടിയിലേക്ക് മാറ്റി. അര്‍ധരാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പിച്ച ശേഷമാണ് ഉത്രയെ കൊല്ലാനുളള നീക്കങ്ങള്‍ സൂരജ് തുടങ്ങിയത്. കട്ടിലിനടയിലെ ബാഗില്‍ ഒരു പ്ലാസ്റ്റിക് ഭരണയിലാണ് മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ചിരുന്നത്. രാത്രി പാമ്പിനെ എടുത്ത ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്രയുടെ ശരീരത്തിലേക്ക് മൂര്‍ഖന്‍ പാമ്പിനെ കുടഞ്ഞിട്ടു. പക്ഷേ പാമ്പ് ഉത്രയെ കടിച്ചില്ല. ഇതോടെ പാമ്പിന്‍റെ ഫണത്തില്‍ പിടിച്ച് ഉത്രയുടെ കൈയില്‍ താന്‍ കടിപ്പിക്കുകയായിരുന്നെന്ന് സൂരജ് വിശദീകരിച്ചു. അതിനു ശേഷം പാമ്പിനെ മുറിയിലെ അലമാരയ്ക്കടിയിലേക്ക് വലിച്ചെറിഞ്ഞു.പാമ്പ് തിരികെയെത്തി തന്നെ കടിക്കുമോ എന്ന പേടിയില്‍ ഇരുകാലുകളും കട്ടിലില്‍ എടുത്തു വച്ച് രാത്രി മുഴുവന്‍ താന്‍ ഉറങ്ങാതെ ഉത്രയുടെ മൃതശരീരത്തിനൊപ്പം ഇരുന്നെന്നും സൂരജ് പൊലീസിന് മൊഴി നല്‍കി.

സൂരജിന് പാമ്പിനെ നല്‍കിയ സുരേഷും ആദ്യം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. പക്ഷേ സ്വന്തം ഭാര്യയെ കൊല്ലാന്‍ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന മൊഴി മുഖവിലയ്ക്കെടുത്ത കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്കുകയായിരുന്നു.

click me!