രഹസ്യ വിവരം, റിട്ട. എസ്ഐയുടെ പുരയിടം പൊലീസ് വളഞ്ഞു, കാറിൽ 2 പേർ; 18 കിലോ കഞ്ചാവുമായി പൊക്കി, അന്വേഷണം

By Web TeamFirst Published Feb 9, 2024, 12:16 AM IST
Highlights

എസ് ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും കാറിൽ കടത്തിക്കൊണ്ടു വന്ന പതിനെട്ടേകാൽ കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

കുമളി: ഇടുക്കി ജില്ലയിലെ കുമളിയിൽ വിരമിച്ച എസ്ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് കഞ്ചാവ് പിടികൂടി. വിരമിച്ച എസ് ഐ ഈപ്പൻറെ വീടിനു താഴ് ഭാഗത്തെ പുരയിടത്തിൽ നിന്നാണ് കഞ്ചാവും പ്രതികളും പിടിയിലായത്. ആന്ധ്രയിൽനിന്നും ഇങ്ങോട്ടേക്ക് കഞ്ചാവ് എത്തിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സ്ഥലം ഉടമയായ മുൻ എസ്ഐ ഈപ്പൻ വർഗീസിന് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്.

എസ് ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും കാറിൽ കടത്തിക്കൊണ്ടു വന്ന പതിനെട്ടേകാൽ കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി രാത്രി 11 മണിയോടെയാണ് ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുമളി പോലീസും ചേർന്ന് കഞ്ചാവ് പിടികൂടിയത്. കേസിൽ കുമളി ഒന്നാം മൈൽ വാഴക്കുന്നത്ത് വീട്ടിൽ മുഹമ്മദ്‌ ബഷീർ മുസലിയാർ, അമരാവതി രണ്ടാം മൈൽ സ്വദേശി ഇടത്തുകുന്നേൽ നഹാസ് ഇ നസീർ എന്നിവരാണ് പിടിയിലായത്. 

Latest Videos

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് സംഘം മഫ്തിയിൽ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കാറിൽ കടത്തിക്കൊണ്ടു വന്നത്. ഒൻപത് പൊതികളിലാക്കിയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്. 

കുമളിയിലെത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളായി ഇവർ ഇത്തരത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Read More : 'വനം വകുപ്പ് ഉദ്യോഗസ്ഥൻ, നെടുമ്പാശ്ശേരി എയർപോർട്ടിൽ ജോലി ശരിയാക്കാം, ഇതാ രേഖ; എല്ലാം വ്യാജം, തട്ടിയത് ലക്ഷങ്ങൾ

tags
click me!