'ബൈക്കിൽ കറക്കം, ലക്ഷ്യമിടുന്നത് സ്ത്രീകളെ, പണം ഉപയോഗിച്ച് ആർഭാട ജീവിതം'; മോഷ്ടാക്കളായ യുവാക്കൾ പിടിയിൽ

By Web Team  |  First Published May 16, 2024, 8:26 PM IST

മോഷണം നടത്തി കിട്ടുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ആര്‍ഭാട ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതിയെന്നും പൊലീസ്.


തൃശൂര്‍: വിവിധ ജില്ലകളില്‍ ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുകയും മോഷണവും പതിവാക്കിയ യുവാക്കള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ അനുരാഗ് (24), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ സാജു എന്നു വിളിക്കുന്ന സാജുദ്ദീന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത്ത് അശോകന്റെ നേതൃത്വത്തിലുള്ള സിറ്റി സാഗോക് ടീമും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ പതിനൊന്നിന് മെഡിക്കല്‍ കോളേജ് പരിധിയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ മാസം ചാവക്കാട് വ്യാപാര സ്ഥാപനം നടത്തുന്ന ആളുടെ കൈയില്‍ നിന്ന് പണം അടങ്ങിയ ബാഗ് പിടിച്ചു പറിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. 'പുനലൂരിലും നിന്നും കൊല്ലത്ത് നിന്നും സ്ത്രീകളുടെ മാല പൊട്ടിച്ച കേസിലും കൊല്ലത്തു നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അനുരാഗിന്റെ പേരില്‍ വിവിധ ജില്ലകളില്‍ മുപ്പതോളം മോഷണ കേസുകളുണ്ട്. സാജുവിന്റെ പേരില്‍ തൃശൂര്‍ ജില്ലയിലും പാലക്കാട് ജില്ലയിലും മോഷണ കേസുകള്‍ നിലവിലുണ്ട്.' മോഷണം നടത്തി കിട്ടുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ആര്‍ഭാട ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതിയെന്നും പൊലീസ് അറിയിച്ചു. 

Latest Videos

undefined

മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ ശരത് സോമന്‍, പ്രദീപ്, അസി. സബ് ഇന്‍സ്പെക്ടര്‍ ഷാജി വര്‍ഗീസ്, സിവില്‍ പൊലീസ് ഓഫീസര്‍ രമേഷ് ചന്ദ്രന്‍ എന്നിവരും തൃശൂര്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ.എ. തോമസിന്റെ മേല്‍ നോട്ടത്തില്‍ സാഗോക് ടീം അംഗങ്ങളായ എസ്.ഐ പി.എം റാഫി, സീനിയര്‍ സിപിഒമാരായ പി.കെ പഴനി സ്വാമി, കെ.ജി പ്രദീപ്, സജി ചന്ദ്രന്‍, സി.പിഒമാരായ സിംസണ്‍, അരുണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി,'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ നൽകണം'
 

tags
click me!