മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന വ്യാജ ഫോൺ കോളിൽ മനംനൊന്ത് മരണം,അധ്യാപികയെ വിളിച്ച നമ്പർ റദ്ദാക്കി

By Web Team  |  First Published Oct 4, 2024, 11:05 PM IST

അധ്യാപികയെ വിളിച്ച വാട്സ്ആപ്പ് നമ്പർ റദ്ദാക്കി. മൊബൈൽ നമ്പർ ഉപയോഗിച്ചുളള തട്ടിപ്പ്  ഒഴിവാക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.  


ദില്ലി : മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന വ്യാജ ഫോൺകോളിൽ മനംനൊന്ത് ആഗ്രയിലെ അധ്യാപിക ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ഇടപെടലുമായി ടെലികോം മന്ത്രാലയം. അധ്യാപികയെ വിളിച്ച വാട്സ്ആപ്പ് നമ്പർ റദ്ദാക്കി. കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം, തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു. മൊബൈൽ നമ്പർ ഉപയോഗിച്ചുളള തട്ടിപ്പ്  ഒഴിവാക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.  

കഴിഞ്ഞ തിങ്കളാഴ്ചയാണ് ദാരുണ സംഭവങ്ങളുണ്ടായത്.  ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന മാലതി വർമയാണ് വ്യാജ ഫോൺകോളിൽ മനംനൊന്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ച മാലതിക്കെത്തിയ വാട്സാപ് കോളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. കോളേജ് വിദ്യാർഥിനിയായ മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്നായിരുന്നു സന്ദേശം. മകൾ സുരക്ഷിതയായി വീട്ടിൽ എത്തണമെങ്കിൽ ഒരു ലക്ഷം രൂപ അയാൾ പറയുന്ന അക്കൗണ്ടിലേക്ക് ഇടണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി മാലതി മകനോട് പറഞ്ഞു. പിന്നീട്  മകൻ നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. എന്നാൽ സന്ദേശത്തെതുടർന്ന് പരിഭ്രാന്തയായ മാലതി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള നമ്പറിലാണ് സന്ദേശം എത്തിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. 

Latest Videos

click me!