മാസങ്ങൾ നീണ്ട നിരീക്ഷണത്തിന് ശേഷമായിരുന്നു കളക്ഷൻ ഏജന്റിനെ കൊള്ളയടിച്ചതെന്നാണ് 19കാരൻ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ദില്ലി: കളക്ഷൻ ഏജന്റിനെ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിച്ചത് ലക്ഷങ്ങൾ. ഒരു വർഷത്തോളമായി മുങ്ങി നടന്ന സോഷ്യൽമീഡിയ ഇൻഫ്ലുവൻസറിനെ ഒടുവിൽ പിടികൂടി പൊലീസ്. ദില്ലി പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് 19 വയസുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തത്. ദില്ലിയിലെ ദര്യ ഗഞ്ചിൽ വച്ചാണ് 19കാരനെ പൊലീസ് പിടികൂടിയത്. നേരത്തെ ടിക്ടോകിലും പിന്നീട് ഇൻസ്റ്റഗ്രാമിലും സജീവമായ 19കാരൻ ഒളിവിൽ കഴിയുന്നതിനിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.
2023 ജൂലൈ 17ന് ദില്ലിയിലെ മീൻ ബസാറിൽ വച്ചാണ് കളക്ഷൻ ഏജന്റിനെ 19കാരനും കൂട്ടുകാരും ചേർന്ന് കൊള്ളയടിച്ചത്. കേസിൽ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളായ നാല് പേരെ പൊലീസിന് തിരിച്ചറിയാൻ സാധിച്ചത്. മൂന്ന് പേരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റകൃത്യം ചെയ്യുമ്പോൾ പ്രായപൂർത്തിയാകാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് 19കാരനേക്കുറിച്ചുള്ള വിവരം മനുഷ്യ കടത്ത് പ്രതിരോധ സംഘത്തിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ ദര്യ ഗഞ്ചിൽ വച്ച് 19കാരനെ ക്രൈം ബ്രാഞ്ച് പിടികൂടുകയായിരുന്നു.
undefined
മാസങ്ങൾ നീണ്ട നിരീക്ഷണത്തിന് ശേഷമായിരുന്നു കളക്ഷൻ ഏജന്റിനെ കൊള്ളയടിച്ചതെന്നാണ് 19കാരൻ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പ്രാദേശികമായി നിർമ്മിച്ച തോക്കായിരുന്നു കൊള്ളയടിക്കാൻ ഉപയോഗിച്ചത്. കുറ്റകൃത്യങ്ങൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ നല്ല പിള്ള ഇമേജായിരുന്നു 19കാരൻ നിലനിർത്തിയിരുന്നത്. ടിക്ടോകിൽ ഒന്നര ലക്ഷത്തിലേറെ ആരാധകരായിരുന്നു 19കാരനുണ്ടായിരുന്നത്. ടിക് ടോക് നിരോധിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ സജീവമാവുകയായിരുന്നു. നേരത്തെ മാല പൊട്ടിക്കൽ അടക്കമുള്ള കേസിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം