മോഷണം: ആറ് വര്‍ഷം കഴിഞ്ഞ് പ്രതി പിടിയില്‍, നേരത്തെ പ്രതിയായ ആളെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് പരാതി

By Web Team  |  First Published Dec 19, 2020, 7:40 PM IST

അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ ആറു വർഷം  മുമ്പ് നടന്ന  മോഷണത്തിന്‍റെ പേരില്‍ പൊലീസ് നിരപരാധിയായ ഓട്ടോ ഡ്രൈവറെ കേസില്‍ കുടുക്കുകയായിരുന്നെന്ന സംശയം ശക്തമാകുന്നു. 


കൊല്ലം: അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ ആറു വർഷം  മുമ്പ് നടന്ന  മോഷണത്തിന്‍റെ പേരില്‍ പൊലീസ് നിരപരാധിയായ ഓട്ടോ ഡ്രൈവറെ കേസില്‍ കുടുക്കുകയായിരുന്നെന്ന സംശയം ശക്തമാകുന്നു. കേസിലെ യഥാര്‍ഥ പ്രതിയെ കഴിഞ്ഞ ദിവസം തിരൂരില്‍ നിന്ന് പിടികൂടിയതോടെയാണ് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ നിരപരാധിയായിരുന്നെന്ന സംശയം ബലപ്പെടുന്നത്. തന്നെ ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് കേസില്‍ പൊലീസ് നേരത്തെ പ്രതി ചേര്‍ത്ത ഓട്ടോഡ്രൈവര്‍ വെളിപ്പെടുത്തി.

തിരുവനന്തപുരം കാരക്കോണം സ്വദേശി തങ്കപ്പൻ. മലപ്പുറം തിരൂരിൽ ഉണ്ടായ ഒരു മോഷണവുമായി ബന്ധപ്പെട്ടാണ് തിരൂർ പൊലീസ് തങ്കപ്പനെ കസ്റ്റഡിയിലെടുത്തത്. തങ്കപ്പന്റെ വിരലടയാളവും 2014ൽ അഞ്ചൽ നഗരത്തിലെ മെഡിക്കൽ ഷോപ്പിൽ മോഷണമുണ്ടായ ദിവസം ഫൊറൻസിക് വിദഗ്ധർ ശേഖരിച്ച വിരലടയാളവും തമ്മിൽ സാമ്യം കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ചൽ പൊലീസ് തിരൂരിലെത്തി തങ്കപ്പനെ ചോദ്യം ചെയ്തത്.

Latest Videos

undefined

 ചോദ്യം ചെയ്യലിൽ ആറു വർഷം മുമ്പ് മെഡിക്കൽ ഷോപ്പിൽ നിന്ന് എട്ടു ലക്ഷം രൂപ കവർന്നത് താൻ തന്നെയെന്ന് തങ്കപ്പൻ സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ഈ കേസില്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത ഓ‍ട്ടോ ഡ്രൈവര്‍ രതീഷ് നിരപരാധിയായിരുന്നെന്ന  സംശയം ശക്തമാകുന്നത്. അന്ന് മോഷണക്കേസ് അന്വേഷിച്ച പൊലീസ് സംഘം തന്നെ ക്രൂരമായി മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് രതീഷ്  ആരോപിച്ചു.

55 ദിവസമാണ്  കേസില്‍ രതീഷിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്. ആറു വര്‍ഷം മുമ്പേറ്റ മര്‍ദനത്തെ  തുടര്‍ന്ന് ഇന്നും ജോലി ചെയ്യാന്‍  പോലും തനിക്ക് കഴിയുന്നില്ലെന്നും രതീഷ് പറയുന്നു. കേസില്‍പ്പെട്ടതു മൂലമുണ്ടായ മാനഹാനി വേറെ.മോഷണത്തിലെ രതീഷിന്‍റെ പങ്കാളിത്തത്തെ പറ്റി ഒന്നും തനിക്കറിയില്ലെന്നും എല്ലാ വശങ്ങളും അന്വേഷിച്ചു  വരികയാണെന്നും ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന അഞ്ചല്‍ സിഐ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അറസ്റ്റിലായ തങ്കപ്പനെ വിശദമായി ചോദ്യം ചെയ്താലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു. യഥാര്‍ഥ പ്രതി അറസ്റ്റിലായ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷനെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് രതീഷ്.

click me!