കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസ്; ഗ്രീഷ്മ അടക്കമുള്ള പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

By Web Team  |  First Published Mar 18, 2024, 7:52 PM IST

ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.


തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്കാണ് കോടതി കുറ്റപത്രം നൽകിയത്. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കുറ്റപത്രം നൽകിയത്. ഒക്ടോബർ മൂന്ന് മുതൽ കേസിന്‍റെ വിചാരണ നടപടികള്‍ തുടങ്ങാനും കോടതി തീരുമാനിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ വിനീത് കുമാർ ഹാജരായി.

ഗ്രീഷ്മയും ഷാരോണും പ്രണയബന്ധനായിരുന്നു. പിന്നീട് ഗ്രീഷ്മയ്ക്ക് നല്ല സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹ ആലോചന വന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ്  ഷാരോണിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രം. ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകി. എന്നാൽ കൈപ്പാണെന്ന് പറഞ്ഞ് ഷാരോൺ ഇത് തുപ്പി കളഞ്ഞതോടെ ആശ്രമം പരാജയപ്പെട്ടു. തുടർന്നാണ് 2022 ഒക്ടോബര്‍ 14 ന് സെക്സ് ചാറ്റ് നടത്തിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുത്തു. 

Latest Videos

തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് യുവാവ് മരിച്ചത്. ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഈ രണ്ടുപേരെയും പോലീസ് പ്രതിചേർക്കുകയായിരുന്നു.

click me!