'അസഭ്യം പറയല്‍, 45 മിനിറ്റ് ഉപരോധം'; കോമളം തോണിച്ചാലില്‍ അടക്കം 25 പേര്‍ക്കെതിരെ കേസ്

By Web Team  |  First Published Mar 19, 2024, 9:59 PM IST

കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.


കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗോതമ്പറോഡ് തോണിച്ചാലിലെ ക്വാറിയുമായി ബന്ധപ്പെട്ട് കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ടി. ആബിദയെ ഉപരോധിച്ച സംഭവത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പഞ്ചായത്ത് അംഗം കോമളം തോണിച്ചാലില്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പുതിയോട്ടില്‍, കബീര്‍ കണിയാത്ത് എന്നിവരും കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെയുമാണ് നടപടി. നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ് ഗോതമ്പറോഡ് തോണിച്ചാലിലെ ക്വാറികള്‍ പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ചാണ് സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. 45 മിനിറ്റോളം നീണ്ടുനിന്ന ഉപരോധത്തിനൊടുവിന്‍ മുക്കം പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും പ്രദേശം സന്ദര്‍ശിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

Latest Videos

undefined

വിദഗ്ധ സമിതി നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത് പരിഹരിക്കാന്‍ ക്വാറി ഉടമകള്‍ക്ക് വ്യാഴാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. നിയമപരമായി സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തനിക്ക് അവകാശമില്ലെന്നും സമരസമിതി നേതാക്കള്‍ തന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനാലാണ് പരാതി നല്‍കിയതെന്നും സെക്രട്ടറി അറിയിച്ചു.

 തിരുത്തല്‍ നടപടികളുമായി കെഎസ്ആര്‍ടിസി; തീരുമാനം ഗണേഷ് കുമാറിന്റെ നിര്‍ദേശത്തിന് പിന്നാലെ 

 

tags
click me!