'ചില്ലറക്കാരനല്ല ജിജോ, ഹൈവേകളിൽ സ്ഥിരസാന്നിധ്യം'; കിട്ടിയ 2 ലക്ഷവുമായി ഗോവയിൽ കുടുംബത്തിനൊപ്പം, ഒടുവിൽ പിടിയിൽ

By Web Team  |  First Published Mar 2, 2024, 6:52 PM IST

വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ്.


കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞ് 68 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പിടിയിലായ ജിജോ സാജു (31) മുന്‍പും ഹൈവേ കവര്‍ച്ചാ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ്. ഈ വര്‍ഷം കോയമ്പത്തൂരില്‍ നടന്ന ഒരു ഹൈവേ കവര്‍ച്ചാക്കേസിലും ജിജോ സാജു പ്രതിയാണെന്നാണ് പൊലീസ് അറിയിച്ചത്.

ചുരത്തിലെ ഒമ്പതാം വളവിന് താഴെ പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും ഉള്‍പ്പടെ തട്ടിയെടുത്ത കേസിലാണ് ഇപ്പോള്‍ ജിജോ പിടിയിലായത്. എറണാകുളം കോട്ടപ്പടി സ്വദേശിയായ ജിജോ കേസില്‍ പിടിയിലാകുന്ന എട്ടാമത്തെ ആളാണ്. കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അര്‍വിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്. എറണാകുളം പെരുമ്പാവൂര്‍ കോട്ടപ്പടിയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest Videos

undefined

കര്‍ണാടക മൈസൂര്‍ ലഷ്‌കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27)യെ കഴിഞ്ഞ ഡിസംബര്‍ 13നാണ് സംഘം കവര്‍ച്ച ചെയ്തത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് അലങ്കാരത്ത് പറമ്പില്‍ വീട്ടില്‍ ഷാമോന്‍ (23), എറണാകുളം ചെട്ടിക്കാട് കുഞ്ഞിത്തെ കളത്തില്‍ വീട്ടില്‍ തോമസ് എന്ന തൊമ്മന്‍ (40), താമരശ്ശേരി മൂന്നാംതോട് മുട്ടുകടവ് സുബീഷ് എന്ന കുപ്പി സുബീഷ് (40), കണ്ണൂര്‍ ഇരിട്ടി പായം കോയിലേരി ഹൗസില്‍ അജിത്ത് ഭാസ്‌കരന്‍ (30), പന്തീരങ്കാവ് മൂര്‍ഖനാട് പാറക്കല്‍ താഴം അബ്ദുല്‍ മെഹറൂഫ് (33), തൃശൂര്‍ പാലിയേക്കര പുലക്കാട്ടുകര നെടുമ്പിള്ളിവീട്ടില്‍ എന്‍.കെ.ജിനേഷ് കുമാര്‍(42), തൃശൂര്‍ മാള കുറ്റിപുഴക്കാരന്‍ വീട്ടില്‍ സിജില്‍ സലീം(29) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു

ചുരത്തില്‍ കവര്‍ച്ച നടന്നതിന് രണ്ട് ദിവസം മുമ്പ് ജിജോ സാജു ഉള്‍പ്പെട്ട സംഘം വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. മൈസൂരുവില്‍ നിന്ന് സ്വന്തം കാറില്‍ വരികയായിരുന്ന വിശാലിനെ, ജിജോ സാജു സ്വന്തം കാറില്‍ ബത്തേരി മുതല്‍ പിന്തുടരുകയും വിവരം കൂട്ടാളികള്‍ക്ക് കൈമാറുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം വിഹിതമായി കിട്ടിയ രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് കൂട്ടാളികള്‍ക്കൊപ്പവും കുടുംബസമേതവും ഗോവയിലും മറ്റുമായി ജിജോ വിനോദസഞ്ചാരം നടത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി പി.പ്രമോദിന്റെ മേല്‍നോട്ടത്തില്‍ താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ.ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

'അശ്ലീല വീഡിയോ കാണുന്നതായി വിവരം, സ്ത്രീകളെ വിളിക്കുന്നത് ഡിവൈഎസ്പി'; ജാഗ്രത വേണമെന്ന് പൊലീസ് 
 

tags
click me!