പട്ടാപ്പകൽ ചെടി നനയ്ക്കുന്നതിനിടെ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വർണമാല കവർന്നു

By Web Team  |  First Published Feb 8, 2024, 1:46 PM IST

മാല പറിച്ചതോടെ വയോധിക നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയൽവാസികൾ ഓടിയെത്തി മോഷ്ടാവിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല


മലപ്പുറം: പട്ടാപ്പകൽ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മൂന്നര പവന്റെ മാല അപഹരിച്ചു. വെളിയങ്കോട് പഴഞ്ഞി റേഷൻ കടക്ക് സമീപം പിലാക്കൽ വീട്ടിൽ കൊട്ടിലിങ്ങൽ പരിച്ചൂമ്മയുടെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. മുറ്റത്ത് ചെടി നനയ്ക്കുമ്പോഴാണ് മോഷ്ടാവ് പിറകിൽനിന്ന് പരീച്ചുമ്മയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷം മാല അപഹരിച്ചത്.

മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കൈയിൽ കിട്ടിയുള്ളു. മാല പറിച്ചതോടെ വയോധിക നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയൽവാസികൾ ഓടിയെത്തി മോഷ്ടാവിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത ഷർട്ടിട്ട യുവാവ് പരിച്ചകം ഭാഗത്തേക്ക് ഓടുന്നതായി അയൽവാസികൾ കണ്ടതായി പറയുന്നു. സംഭവത്തിൽ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

സമാനമായ മറ്റൊരു സംഭവത്തിൽ കണ്ണൂർ ഇരിട്ടി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള മിൽമ ബൂത്തിൽ കളളൻ കയറി. രണ്ടായിരം രൂപയുടെ നാണയങ്ങൾ കവർന്നു. രണ്ട് സോഡയും എടുത്തുകുടിച്ചാണ് മോഷ്ടാവ് മടങ്ങിയത്. പൊലീസ് സ്റ്റേഷന് അടുത്താണ് ബാബു ജോസിന്റെ മിൽമ ബൂത്ത്. കഴിഞ്ഞ ദിവസം രാവിലെ ബൂത്ത് തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടത്. തുറന്നുനോക്കിയപ്പോൾ മേശ വലിപ്പിലുളള നാണയങ്ങളിടുന്ന മൂന്ന് പാത്രങ്ങൾ കാണാനില്ല. രണ്ടായിരത്തോളം രൂപയാണ് അതിലുണ്ടായിരുന്നത്. 

click me!