'അധ്യാപികയായ ഭാര്യയും ആണ്‍സുഹൃത്തും കൊല്ലാന്‍ ശ്രമിച്ചു'; പരാതിയുമായി മാധ്യമപ്രവര്‍ത്തകന്‍

By Web Team  |  First Published Jan 27, 2024, 6:00 PM IST

സാറാ ആര്‍ക്കേഡിലുള്ള അപ്പാര്‍ട്ട്‌മെന്റ് ഒഴിയണമെന്ന് കിഷോറിനോട് ശുഭ ആവശ്യപ്പെട്ടിരുന്നു. 23ന് കിഷോര്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് സംഭവങ്ങൾ നടക്കുന്നത്. 


മംഗളൂരു: ബണ്ട്വാളില്‍ അധ്യാപികയായ ഭാര്യയും സുഹൃത്തായ സഹപ്രവര്‍ത്തകനും തന്നെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി പത്രഫോട്ടോഗ്രാഫര്‍. പ്രമുഖ പത്രത്തിന്റെ ഫോട്ടോഗ്രാഫറായ കിഷോര്‍ കുമാര്‍ എന്നയാളാണ് ഭാര്യ ശുഭയും സഹപ്രവര്‍ത്തകന്‍ ശിവപ്രസാദ് ഷെട്ടിയും തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി ബോലാര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശുഭയും കിഷോറും തമ്മിലുള്ള വിവാഹമോചന കേസിന്റെ നടപടിക്രമങ്ങള്‍ കോടതിയില്‍ നടക്കുകയാണ്. ഇതിനിടെ മെല്‍ക്കറിലെ സാറാ ആര്‍ക്കേഡിലുള്ള അപ്പാര്‍ട്ട്‌മെന്റ് ഒഴിയണമെന്ന് കിഷോറിനോട് ശുഭ ആവശ്യപ്പെട്ടിരുന്നു. 23ന് കിഷോര്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍, ശുഭയും ശിവപ്രസാദ് ഷെട്ടിയും മറ്റ് രണ്ടു പേരുമെത്തി ഉടന്‍ അപ്പാര്‍ട്ട്‌മെന്റ് വീട് ഒഴിയണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ശുഭയ്‌ക്കൊപ്പമെത്തിയ സംഘം കിഷോറിനെ മര്‍ദ്ദിച്ചു. പിന്നാലെ സംഘം ഇന്നോവ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിഷോര്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ശിവപ്രസാദ് കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതെന്ന് കിഷോറിന്റെ പരാതിയില്‍ പറയുന്നു. 

Latest Videos

undefined

2008ലാണ് ശുഭയും കിഷോറും തമ്മില്‍ വിവാഹിതരായത്. തന്റെ പേരിലുള്ള ഇതേ അപ്പാര്‍ട്ട്‌മെന്റിലാണ് കുടുംബസമേതം വര്‍ഷങ്ങളോളം താമസിക്കുന്നതെന്നും കിഷോര്‍ പറഞ്ഞു. ഇതിനിടെയാണ് ശിവപ്രസാദുമായി ശുഭ സൗഹൃദബന്ധം സ്ഥാപിക്കുന്നത്. ശിവപ്രസാദുമായുള്ള ബന്ധത്തെ ചൊല്ലി ശുഭയുമായി തര്‍ക്കം ഉടലെടുത്തിരുന്നു. തുടര്‍ന്ന് 2021 മെയ് 13നാണ് കുടുംബ കോടതിയില്‍ ശുഭ വിവാഹമോചനത്തിന് അപേക്ഷിച്ചത്. എന്നാല്‍, കിഷോര്‍ ഹൈക്കോടതിയില്‍ നിന്ന് ഇതിന് സ്റ്റേ വാങ്ങി. പിന്നീടാണ് അപ്പാര്‍ട്ട്‌മെന്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശുഭ കിഷോറിനെതിരെ വീണ്ടും പരാതി നല്‍കിയത്. ഈ കേസും കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ശുഭയും സംഘവും തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയത്.

ചേതനയറ്റ് സഹപാഠികള്‍, വിതുമ്പി ക്രൈസ്റ്റ് കോളേജ്; സുഹൃത്തുകളെ യാത്രയാക്കാന്‍ നിറകണ്ണുകളോടെ സൂരജും 
 

click me!