മെത്താംഫെറ്റാമിന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്യൂഡോഫെഡ്രിന്‍ എന്ന രാസവസ്തു ന്യൂസിലന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന സംഘത്തിന്റെ നേതാവാണ് സിനിമാ നിർമാതാവെന്നാണ് കണ്ടെത്തല്‍.
ദില്ലി: മൂന്നു വര്‍ഷം കൊണ്ട് ഏകദേശം 2,000 കോടി രൂപയുടെ മയക്കുമരുന്നു രാസവസ്തു വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച സംഘത്തിന്റെ നേതാവ് പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ആണെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മാരക മയക്കുമരുന്നായ മെത്താംഫെറ്റാമിന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്യൂഡോഫെഡ്രിന്‍ എന്ന രാസവസ്തു ന്യൂസിലന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന സംഘത്തിന്റെ നേതാവാണ് ഇയാളെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കിയതോടെ നിര്‍മ്മാതാവ് ഒളിവില്‍ പോയിരിക്കുകയാണെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.
സംഭവം ഇങ്ങനെ: ദില്ലിയില്‍ നിന്ന് വന്‍തോതില്‍ സ്യൂഡോഫെഡ്രിന്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ന്യൂസിലന്റ്് കസ്റ്റംസും ഓസ്‌ട്രേലിയന്‍ പൊലീസും എന്‍സിബിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് നാലു മാസത്തോളം എന്‍സിബി അന്വേഷണം നടത്തിയപ്പോഴാണ് ദില്ലിയിലെ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇതോടെ ഇവര്‍ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ പുതിയ ചരക്ക് ഓസ്‌ട്രേലിയയിലേക്ക് അയക്കാന്‍ സംഘം തയ്യാറെടുക്കുന്ന വിവരം എന്‍സിബിക്ക് ലഭിച്ചു. തുടര്‍ന്ന് എന്‍സിബിയും ദില്ലി പൊലീസിന്റെ പ്രത്യേക സംഘവും ദില്ലിയിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് 50 കിലോ സ്യൂഡോഫെഡ്രിന്‍ പിടികൂടുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികളില്‍ നിന്നാണ് സംഘത്തിന്റെ നേതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
undefined
അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 2,000 കോടി രൂപ വില മതിക്കുന്ന 3,500 കിലോ സ്യൂഡോഫെഡ്രിന്‍ അടങ്ങിയ 45 ചരക്കുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അയച്ചതായി ചോദ്യം ചെയ്യലിന് ഇവര്‍ സമ്മതിച്ചതായി എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തേങ്ങ പൊടി, ഹെല്‍ത്ത് പൗഡറുകള്‍ തുടങ്ങിയ ഭക്ഷ ഉല്പന്നങ്ങളില്‍ ഒളിപ്പിച്ച് വായു, കടല്‍ ചരക്ക് മാര്‍ഗം വഴിയാണ് രാസവസ്തു സംഘം മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലന്റിലും കിലോയ്ക്ക് ഏകദേശം 1.5 കോടി രൂപയ്ക്കാണ് സ്യൂഡോഫെഡ്രിന്‍ സംഘം വിറ്റിരുന്നത്. സിനിമാ നിര്‍മാതാവിനെ പിടികൂടിയാല്‍ മാത്രമേ സ്യൂഡോഫെഡ്രിനിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയൂയെന്നും ദില്ലിയില്‍ നിന്നുള്ള ചരക്കുകള്‍ ഓസ്ട്രേലിയയിലും ന്യൂസിലന്റിലും ഏറ്റുവാങ്ങിയവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് അതത് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും എന്‍സിബി അറിയിച്ചു.
'ഗൂഗിള്‍ പേയുടെ കാര്യത്തില്‍ തീരുമാനം, ജിമെയില്‍ സേവനവും അവസാനിപ്പിക്കുന്നോ?' പ്രതികരിച്ച് ഗൂഗിള്‍