സഹോദരിമാരുടെ മക്കളാണെങ്കിലും ഇവരുടെ അച്ഛൻമാർ വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണ്. സർക്കാരിന്‍റെ യുവനിധി പദ്ധതിക്ക് അപേക്ഷ നൽകാനായി ബെലഗാവി ടൗണിൽ എത്തിയതായിരുന്നു ഇരുവരും
ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ രണ്ട് മതങ്ങളിൽ പെട്ട ബന്ധുക്കളായ യുവതിക്കും യുവാവിനും നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം. ബെലഗാവിയിലെ ഫോർട്ട് ലേക്കിന് അടുത്താണ് സംഭവം നടന്നത്. സഹോദരിമാരുടെ മക്കളായ യുവാവും യുവതിയും സർക്കാരിന്‍റെ യുവനിധി പദ്ധതിക്ക് അപേക്ഷ നൽകാനായി ബെലഗാവി ടൗണിൽ എത്തിയതായിരുന്നു. പദ്ധതിക്ക് അപേക്ഷ നൽകാൻ സഹായകേന്ദ്രത്തിലെത്തിയെങ്കിലും സർവർ ഡൗണായിരുന്നു. ഇതിനാൽ അൽപസമയം തൊട്ടടുത്തുള്ള ഫോർട്ട് ലേക്കിനടുത്തുള്ള പാർക്കിൽ ഇരിക്കാനെത്തിയതായിരുന്നു രണ്ട് പേരും.
ഇവിടെ വച്ചാണ് ഒരു സംഘമാളുകൾ ഇവരെ ആക്രമിക്കുന്നത്. സഹോദരിമാരുടെ മക്കളാണെങ്കിലും ഇവരുടെ അച്ഛൻമാർ വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണ്. ഹിജാബ് ധരിച്ച യുവതി യുവാവുമായി സംസാരിച്ചിരുന്നതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. വ്യത്യസ്ത മതങ്ങളിൽ പെട്ട കമിതാക്കളാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പാർക്കിന് തൊട്ടടുത്തുള്ള ഷെഡ്ഡിലേക്ക് വലിച്ചിഴച്ച് യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ചു. സഹോദരിമാരുടെ മക്കളാണെന്ന് പല തവണ പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്ന് യുവാവ് പറയുന്നു. ഇവരുടെ മൊബൈൽ ഫോണുകളും കയ്യിലുണ്ടായിരുന്ന പണവും അക്രമി സംഘം തട്ടിയെടുത്തെന്ന് യുവതി പറയുന്നു.
undefined
സംഘം യുവതിയേയും മർദ്ദിച്ചു. സാരമായി പരിക്കേറ്റ ഇരുവരെയും ബിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൽ 9 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. അക്രമി സംഘത്തിലെ 17 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വിശദമാക്കി. ഇവർക്കായി തെരച്ചിൽ തുടരുന്നുവെന്നും പൊലീസ് വിശദമാക്കുന്നത്. കൊലപാത ശ്രമത്തിനും, അനധികൃതമായി സംഘം ചേരുക, മോഷണം, പരിക്കേൽപ്പിക്കൽ, സ്ത്രീത്വത്തിനെതിരായ അതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങളാണ് അക്രമികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം