അതിശക്തമായി കാറ്റ് കയറി അസം സ്വദേശിയുടെ കുടലിന് സാരമായ പരിക്കേറ്റു
കോട്ടയം: കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി പിങ്കുപാലിയെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പൂവൻതുരുത്ത് പ്രവർത്തിക്കുന്ന റബർ മാറ്റുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ജോലിക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജോലി കഴിഞ്ഞ് ദേഹത്ത് പറ്റിയിരുന്ന റബ്ബർ മാറ്റ് പൊടിയും, മറ്റും എയർ കംപ്രസ്സറിൽ ഘടിപ്പിച്ചിരുന്ന ഫ്ലെക്സിബിൾ ഹോസ് വഴി ശക്തമായ കാറ്റ് ഉപയോഗിച്ച് നീക്കം ചെയ്യുന്ന സമയത്താണ് സംഭവം. ഹോസ് പ്രതിയായ പിങ്കുപാലി അസം സ്വദേശിയുടെ മലദ്വാരത്തിലേക്ക് തള്ളിക്കയറ്റി. ശക്തമായ കാറ്റ് ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു.
അതിശക്തമായി കാറ്റ് കയറി അസം സ്വദേശിയുടെ കുടലിന് സാരമായ പരിക്കേറ്റു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. അസം സ്വദേശിയോട് ഉണ്ടായിരുന്ന മുൻ വിരോധം മൂലമാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വധശ്രമ കുറ്റം ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.