ചിക്കൻ സെന്‍ററിൽ നേരത്തെ ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന നാദിർഷ, രാഹുൽ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
അടൂർ: പത്തനംതിട്ട പരുമലയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് ചോദ്യംചെയ്ത മുൻ ജീവനക്കാരെ പുതുതായി പകരം ജോലിക്ക് എത്തിയ ആൾ കുത്തിപ്പരിക്കേൽപ്പിച്ചു. ചിക്കൻ കടയിലെ ഡ്രൈവറായ മുഹമ്മദ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുമല ഇല്ലിമല പാലത്തിന് സമീപം അൻസാരി എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചിക്കൻ സെന്ററിന് മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്. സംഭവ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ വീടിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
ചിക്കൻ സെന്‍ററിൽ നേരത്തെ ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന നാദിർഷ, രാഹുൽ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ സുഹൃത്തിനൊപ്പം കടയിലെത്തിയ ഇരുവരും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെച്ചൊല്ലി കടയുടമ അൻസാരിയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് പുതിയതായി ജോലിക്കെത്തിയ മിനി ലോറി ഡ്രൈവർ മുഹമ്മദ് ഹുസൈൻ ഇരുവരേയും കുത്തിയത്.
undefined
ആക്രമണത്തിൽ കഴുത്തിലും തലയിലും ഗുരുതര പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദിർഷ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട മുഹമ്മദ് ഹുസൈനെ രാത്രി 11 മണിയോടെ വീടിന് സമീപത്തു നിന്നും അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More : സ്ത്രീധനം പോര, ഭാര്യയെ ശാരീരിക പീഡനത്തിനിരയാക്കി; ജാമ്യത്തിലിറങ്ങി മുങ്ങിയ ഭർത്താവ് 2 വർഷത്തിന് ശേഷം പിടിയിൽ