വീട്ടമ്മ വായ്പ എടുത്തത് 4,000 രൂപ, മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി വാങ്ങിയത് 43,500; അറസ്റ്റ്

By Web Team  |  First Published Mar 13, 2024, 12:22 PM IST

കൂടുതല്‍ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടച്ചില്ലെങ്കിൽ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് യുവാക്കൾ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്.


മലപ്പുറം: മൊബെെൽ ആപ്പിലൂടെ വായ്പ എടുത്ത 4,000 രൂപയുടെ തിരിച്ചടവ് പൂര്‍ത്തിയായിട്ടും മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ്  ഭീഷണിപ്പെടുത്തി 43,500 രൂപ കൈവശപ്പെടുത്തിയെന്ന കേസില്‍ പ്രതികള്‍ പിടിയില്‍. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശികളായ തെക്കേ മനയില്‍ അശ്വന്ത് ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറബത്ത് സുമിത് കൃഷ്ണന്‍ (21) എന്നിവരെയാണ് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ അയച്ചു കൊടുത്ത് എടക്കര സ്വദേശിനിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബറില്‍ സൈബര്‍ കാര്‍ഡ് എന്ന ആപ്പിലൂടെ 4000 രൂപ വായ്പയെടുത്ത പരാതിക്കാരി പലിശയടക്കം തിരിച്ചടവ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്ത പക്ഷം മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പല തവണയായി 43,500 രൂപയാണ് സംഘം യുവതിയില്‍ നിന്ന് കൈവശപ്പെടുത്തിയത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സീനിയര്‍ സിപിഒമാരായ അനൂപ്, പ്രീതി, ഉണ്ണികൃഷ്ണന്‍, സാബിര്‍ അലി, ബിന്ദു എന്നിവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. 

പൊലീസ് അറിയിപ്പ്: 'സൈബര്‍ തട്ടിപ്പില്‍ പെട്ടാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ വിവരം അറിയിക്കുക. ഇത് പണം തിരിച്ചുകിട്ടാന്‍ നിങ്ങളെ ഏറെ സഹായിക്കും.'

Latest Videos

undefined

81 അയല്‍ കൂട്ടം, 650 ഗുണഭോക്താക്കള്‍; മലപ്പുറത്ത് ഇന്ന് വിതരണം ചെയ്യുക നാലര കോടി രൂപയുടെ വായ്പ 
 

click me!