ഒരു മരത്തിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്
ബെംഗളൂരു: കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്. പൊലീസ് നാടൊട്ടുക്കും തിരച്ചിൽ നടത്തുന്നതിനിടെയാണ് ഒഡീഷയിൽ നിന്നും വാർത്ത എത്തിയത്. ഒരു മരത്തിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്.
ബെംഗളൂരുവിൽ യുവതിയെ കൊന്നു ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയി ഒഡീഷയിൽ ഉണ്ടെന്നറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന റോയിയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
undefined
മഹാലക്ഷ്മിയുടെ ക്രൂരമായി കൊലപാതകം ഇങ്ങനെ
മഹാലക്ഷ്മിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു പ്രതി. ബെംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്. മഹാലക്ഷ്മിയുടെ സഹപ്രവർത്തകനായിരുന്ന റോയി കേന്ദ്രീകരിച്ചാണ് ആദ്യം മുതലേ പൊലീസ് അന്വേഷണം നീങ്ങിയത്. സെയിൽസ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. 2023 മുതൽ മഹാലക്ഷ്മിയുടെ സുഹൃത്തായിരുന്നു റോയി. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സെപ്തംബർ 21 നാണ് ബെംഗളൂരുവിലെ വൈലിക്കാവലിൽ അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിനുള്ളിൽ പല ഭാഗങ്ങളായി മുറിച്ച നിലയിൽ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞാണ് താമസമെന്ന് മഹാലക്ഷ്മിയുടെ ഭർത്താവ് ഹേമന്ത് ദാസ് പറഞ്ഞിരുന്നു. പിന്നീട് മഹാലക്ഷ്മി തനിച്ചായിരുന്നു താമസം. ഇവർ താമസിക്കുന്ന ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താൻ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിച്ചെന്നും പോയി നോക്കിയപ്പോഴാണ് മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിൽ നിറച്ച നിലയിൽ കണ്ടെത്തിയതെന്നും ഹേമന്ത് പറഞ്ഞിരുന്നു.
മുക്തി രഞ്ജൻ റോയിയാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞ ബംഗളൂരു പൊലീസ്, ഇയാളെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം റോയ് ഒളിവിൽ പോകുന്നതിന് മുമ്പ് സഹോദരനുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് ഇയാളുടെ പാത പിന്തുടർന്നിരുന്ന് അന്വേഷണം ഊർജ്ജിതമാക്കി ഒഡീഷയിലെത്തിയപ്പോയാണ് മരിച്ച നിലയിൽ പ്രതിയെ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം