'പകൽ സാമൂഹ്യ പ്രവര്‍ത്തനം, രാത്രി ലഹരിക്കച്ചവടം'; പിടികൂടിയത് 2 ജില്ലകളിലെ മൊത്തക്കച്ചവടക്കാരനെയെന്ന് പൊലീസ്

By Web Team  |  First Published May 21, 2024, 10:10 PM IST

ലഹരി മരുന്നുകൾ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ചെറുകിട വില്‍പനക്കാര്‍ക്ക് നല്‍കാന്‍ വേണ്ടി പോകുമ്പോഴാണ് നൗഷാദിനെ പിടികൂടിയതെന്ന് പൊലീസ്.


കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തുന്ന യുവാവ് പിടിയില്‍. താമരശ്ശേരി അടിവാരം പഴയേടത്ത് വീട്ടില്‍ നൗഷാദി(41)നെയാണ് കോഴിക്കോട് റൂറല്‍ എസ്.പി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അടിവാരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ലഹരിമരുന്നുകൾ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ചെറുകിട വില്‍പനക്കാര്‍ക്ക് നല്‍കാന്‍ വേണ്ടി പോകുമ്പോഴാണ് നൗഷാദിനെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ആറു മാസം മുന്‍പാണ് നൗഷാദ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് നാട്ടില്‍ സ്റ്റേഷനറി സാധനങ്ങളുടെ ഹോള്‍സെയില്‍ ഏജന്‍സി നടത്തുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇയാള്‍ രാത്രി സമയങ്ങളിലാണ് ലഹരി വില്‍പന നടത്തിയിരുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ ആര്‍ഭാട ജീവിതം നയിക്കും. ചെന്നൈയില്‍ നിന്നാണ് ലഹരി ഉല്‍പന്നങ്ങള്‍ എത്തിച്ചത്.' വില്‍പനക്കായി ഇയാളുടെ കീഴില്‍ കോഴിക്കോടും വയനാട്ടിലും മലപ്പുറത്തും പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

undefined

പിടികൂടിയ എം.ഡി.എം.എക്ക്  വിപണിയില്‍ ആറ് ലക്ഷം രൂപ വില വരും. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ.ഒ പ്രദീപ്, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയരാജന്‍ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, ഹണീഷ്.കെ.പി,  ബിനോയ്.പി, രമ്യ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നൗഷാദിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

'അപകടകാരി, നാല് കിലോ തൂക്കം'; റോഡരികില്‍ കണ്ടെത്തിയ ചെഞ്ചെവിയന്‍ ആമയെ വനംവകുപ്പിന് കൈമാറുമെന്ന് യുവാവ്
 

click me!