പൊട്ടിച്ചത് 6 പവന്‍റെ മാല, കൂട്ടിന് ഡ്രാക്കുള സുരേഷ്, മഹാരാഷ്ട്രക്കാരനെ പൊക്കിയ പൊലീസ് ഞെട്ടി, ചെറിയ മീനല്ല

By Web TeamFirst Published Jan 19, 2024, 6:15 AM IST
Highlights

രണ്ട് വർഷം മുമ്പ് മോഷണത്തിനായി മാത്രമായി എറണാകുളത്ത് എത്തിയതാണ് അമോൽ. കാലടി സ്റ്റേഷൻ പരിധിയിൽ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ട 15 മാസം ജയിലിൽ കിടന്നു. ഇതിനിടെ ഡ്രാക്കുള സുരേഷെന്ന മറ്റൊരു മോഷ്ടാവിനെയും പരിചയപ്പെട്ടു.

 

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിൽ മോഷണ കേസുകളിൽ പ്രതിയായ മഹാരാഷ്ട്ര സ്വദേശിയെ കരമന പൊലീസ് പിടികൂടി. അമോൽ സാഹിബ് ഷിൻഡെയാണ് അറസ്റ്റിലായത്. മാല പൊട്ടിക്കൽ കേസിലാണ് തിരുവനന്തപുരത്ത് അമോൽ സാഹിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.  അന്വേഷണം നടത്തിയപ്പോഴാണ് വമ്പൻ ക്രിമിനലാണ് കുടങ്ങിയതെന്ന് കരമന പൊലീസ് മനസിലാക്കുന്നത്. തലസ്ഥാനത്തെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിനു് സമീപത്തു നിന്നും ഒരു ബൈക്ക് മോഷണം പോയിരുന്നു.  ഇതിന് ലഭിച്ച പരാതിയിൽ വഞ്ചിയൂർ പൊലിസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഈ ബൈക്കുപയോഗിച്ച് കരമനയിൽ ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും ഒരാൾ ആറുപവന്‍റെ മാലപൊട്ടിച്ചെടുത്തത്.

Latest Videos

സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബൈക്കും മാലയും മോഷ്ടിച്ചത് ഒരാള്‍ തന്നെയാണ് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തിയത് തമ്പാനൂരിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയായ അമോൽ ആണെന്ന് കണ്ടെത്തി.ലോഡ്ജിൽ കൊടുത്തിരുന്ന ഒരു മൊബൈൽ നമ്പർ കേന്ദ്രീകരിച്ച അന്വേഷിച്ചപ്പോള്‍ പ്രതി പെരുമ്പാവൂരിലുണ്ടെന്ന് കണ്ടെത്തി. പെരുമ്പാവൂർ പൊലിസിന്‍റെ സഹായത്തോടെ അമോലിനെ പിടികൂടിയ കരമന പൊലിസ് റിമാൻഡ് ചെയ്തു. പിന്നീട് അമോലിന്‍റെ കൂടുതൽ വിവരങ്ങള്‍ തേടിയപ്പോഴാണ് വലയിലായത് ചെറിയ മീനല്ലെന്ന് മനസിലായത്.  

രണ്ട് വർഷം മുമ്പ് മോഷണത്തിനായി മാത്രമായി എറണാകുളത്ത് എത്തിയതാണ് അമോൽ. കാലടി സ്റ്റേഷൻ പരിധിയിൽ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ട 15 മാസം ജയിലിൽ കിടന്നു. ഇതിനിടെ ഡ്രാക്കുള സുരേഷെന്ന മറ്റൊരു മോഷ്ടാവിനെയും പരിചയപ്പെട്ടു. ജയിലിൽ നിന്നുമിറങ്ങി അമോൽ സുരേഷിന്‍റെ നാടായ തിരുവനന്തപുരത്ത് മോഷണത്തനെത്തി. പിന്നാലെ ആറ് പവൻ വരുന്ന മാല പാെട്ടിച്ചു.  മോഷ്ടിച്ച സ്വർണം പ്രതി ജയിലിൽ നിന്നും പരിചയപ്പെട്ട ഡ്രാക്കുള സുരേഷിനാണ് വിൽക്കാൻ കൈമാറിയത്.

അമോലിനെതിരെ തെലുങ്കാനയിൽ നാല് മോഷണക്കേസും, മഹാരാഷ്ട്രയിൽ ഒരു കേസും, കർണാടക- തമിഴ്നാട്ടിലുമായി ഒരു കേസുമുണ്ടെന്ന് പൊലീസിന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ മോഷണ ശ്രമത്തിനിടെ ആക്രണത്തിനിരയായ ഒരാള്‍ ഗുരുതരായവസ്ഥയിൽ ഇപ്പോഴും ചികിത്സയിലാണ്. പെരുമ്പാരൂൽ നടന്ന ഒരു മോഷണക്കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. പിടിയിലായത് വൻ തട്ടിപ്പുകാരെന്ന് മനസിലായതോടെ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

click me!