ഭാര്യ ജമിനിയും മറ്റൊരു ബന്ധുവും വികാരിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ സേവ്യര്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടതെന്ന് ബന്ധുക്കള്‍.
തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ പള്ളി വികാരിയുടെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം. കന്യാകുമാരി മൈലോട് മഠത്തുവിള സ്വദേശി സേവ്യര്‍ കുമാറി(45)നെയാണ് തിങ്കള്‍ച്ചന്തയ്ക്ക് സമീപത്തെ ഇടവക വികാരിയുടെ ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്ധുക്കൾ പറഞ്ഞത്: ''തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കന്യാകുമാരി ഡിപ്പോയിലെ മെക്കാനിക്കായ സേവ്യര്‍ കുമാര്‍ മൈലോട് ആര്‍.സി ദേവാലയ ഇടവക അംഗമായിരുന്നു. സേവ്യര്‍ കുമാറിന്റെ ഭാര്യ ജമിനി ദേവാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ അധ്യാപികയും. ഇടവകയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍, സേവ്യര്‍ കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജമിനിയെ ഇടവക വികാരി റോബിന്‍സണ്‍ പിരിച്ചുവിട്ടു. സേവ്യര്‍ കുമാര്‍ നേരിട്ട് എത്തി വിമര്‍ശനങ്ങള്‍ തുടരില്ലെന്ന് രേഖാ മൂലം ഉറപ്പു നല്‍കിയാല്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാം എന്ന് ഭാരവാഹികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരത്തോടെ സേവ്യര്‍ കുമാര്‍ വികാരിയുടെ ഓഫീസില്‍ പോയി.'' ഇതിനു ശേഷം ഭാര്യ ജമിനിയും മറ്റൊരു ബന്ധുവും വികാരിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ സേവ്യര്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
undefined
സംഭവത്തിന് പിന്നാലെ വികാരി റോബിന്‍സണ്‍ ഒളിവില്‍ പോയതോടെ സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഇരണിയല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഇടവക വികാരിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സേവ്യര്‍ കുമാറിന്റെ ബന്ധുക്കള്‍ ഞായറാഴ്ച കുഴിത്തുറ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇടവക വികാരി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തുതായും കുറ്റക്കാരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും ബന്ധുക്കളെ അറിയിച്ചത്.